വിശക്കുന്നവര്‍ക്ക് മുന്നില്‍ ആഹാരമായും തണുപ്പിലുറങ്ങുന്നവരുടെ മുന്നില്‍ വസ്ത്രമായും പ്രത്യക്ഷപ്പെടുന്നതാണ് ദൈവമെങ്കില്‍ ‘വേങ്ങൂര്‍ യുത്തി’നെ നമുക്ക് ആ പേരിലും വിളിക്കാം

single-img
10 April 2015

IMG_7792

അവര്‍ അങ്ങനെയാണ്. ഓരോ വിശേഷ ദിനങ്ങളിലും നിറം മങ്ങിയ ജീവിതത്തില്‍ ആഘോഷങ്ങളൊന്നുമില്ലാതെ, ബാധ്യതായായി തുടങ്ങിയ ജീവിതം തള്ളിനീക്കുന്ന തെരുവിന്റെ മക്കള്‍ക്ക് മുന്നിലും മനസ്സ് ശരീരത്തോട് പിണങ്ങിക്കഴിയുന്നവര്‍ക്കു മുന്നിലും വയറുനിറയെ ആഹാരവും ദാഹജലവുമായി അവര്‍ പ്രത്യക്ഷപ്പെടും. ആശുപത്രികളുടെ മുന്നില്‍ വേണ്ടപ്പെട്ടവരുടെ ജീവന്‍ രക്ഷിക്കാന്‍ ഒരുകുപ്പി രക്തത്തിനായി പരതി നടക്കുന്നവര്‍ക്കു മുന്നില്‍ രക്തദാനത്തിന് പൂര്‍ണ്ണമനസ്സുമായി അവര്‍ വരും. ഡിസംബര്‍ മാസത്തിലെ രാത്രിയില്‍ തണുത്ത് വിറച്ച് തെരുവിലുറങ്ങുന്ന അഗതികളുടെ മുന്നില്‍ പുതപ്പും വസ്ത്രങ്ങളുമായും അവര്‍ പ്രത്യക്ഷപ്പെടും. വേദനിയ്ക്കുന്ന ജീവനുകളുടെ കണ്ണുനീരു കാണുന്ന, ആ കണ്ണുനീരില്‍ തന്നെത്തന്നെ കണ്ട് അതു തുടയ്ക്കാനെത്തുന്ന ഈ സൗഹൃദക്കൂട്ടമാണ് ‘വേങ്ങൂര്‍ യൂത്ത്’

തങ്ങളുടെ കൂട്ടതിലുള്ളവരുടെ ജീവിതത്തിലുണ്ടാകുന്ന ആഘോഷങ്ങള്‍ക്ക്, അല്ലെങ്കില്‍ തങ്ങള്‍ക്കു വേണ്ടി വിശേഷ ദിവസങ്ങള്‍ ആഘോഷിക്കണമെന്ന് ആവശ്യപ്പെടുന്നവര്‍ക്കായി അനാഥാലയങ്ങളിലും വൃദ്ധസദനങ്ങളിലും അവര്‍ ഭക്ഷണമായെത്തും. ജന്മദിനം, വിവാഹ വാര്‍ഷികം ഓര്‍മ ദിവസം എന്നിവയെല്ലാം തെരുവില്‍ ആരോരുമില്ലാത്തവര്‍ക്ക് അന്നം നല്‍കി അവരോടൊപ്പമിരുന്ന് ഭക്ഷണം കഴിച്ച് ഒരുനാള്‍ അവരില്‍ ഒരാളായി അവര്‍ ആഘോഷിക്കുന്നു.

Vengoor Youth

ക്രിസ്തുവിന്റെ മുന്നാം നാള്‍ ഉയിര്‍പ്പുത്സവം അവര്‍ ആമഘാഷിച്ചത് അങ്കമാലി, കാലടി ,പെരുമ്പാവൂര്‍ ടൗണ്‍ എന്നിവിടങ്ങളിലെ യാചകര്‍ക്ക് ഭക്ഷണം നല്‍കിയും അവരോടൊപ്പം സന്തോഷം പങ്കിട്ടുമാണ്. വേങ്ങൂര്‍ യുത്ത് പ്രവര്‍ത്തകര്‍ വിശേഷദിവസങ്ങളില്‍ രാവിലെ ഭക്ഷണം പാചകം ചെയ്ത് പാക്കറ്റുകളിലാക്കി പിന്നീട് വാഹനങ്ങളില്‍ പോയി വഴിയരികിലെ യാചകരെ കണ്ടെത്തി ഭക്ഷണവും കുപ്പി വെള്ളവും നല്‍കുകയാണ് ചെയ്യുന്നത്.

അങ്കമാലിക്കടുത്തുള്ള ഒരു ഗ്രാമമാണ് വേങ്ങൂര്‍. ഗ്രാമത്തിലെ വളര്‍ന്നുവരുന്ന യുജനതയ്ക്കിടയില്‍ നിന്നും 2007 ലാണ് വേങ്ങൂര്‍ യൂത്തിന്റെ പിറവി. നാട്ടിലുണ്ടാകുന്ന ആഘോഷങ്ങള്‍ക്കും മരണങ്ങള്‍ക്കും തങ്ങളുടെ പങ്കാളിത്തം കൊണ്ടാണ് അവര്‍ ഈ സംഘടനയുടെ വരവറിയിച്ചത്. ക്യാമ്പുകള്‍ , ബോധവത്കരണ ക്ലാസുകള്‍ ,പഠനനോപകരണ വിതരണം ,കലാ കായിക മത്സരങ്ങള്‍ എന്നിവ സംഘടനയുടെ നേതൃത്വത്തില്‍ വര്‍ഷം തോറും സംഘടിപ്പിക്കുന്നുണ്ട്.

Vengoor

രക്തം ലഭിക്കാതെ വരുന്ന സമയങ്ങളില്‍ ആവശ്യമുള്ളവര്‍ക്ക് വേങ്ങൂര്‍യൂത്തിന്റെ നമ്പരില്‍ വിളിക്കാം. അവരെ സഹായിക്കാന്‍ എപ്പോഴും തയ്യാറായി യുവാക്കളുണ്ടാകും. മാത്രമല്ല പാവപ്പെട്ട രോഗികള്‍ക്കുള്ള ചികിത്സാ സഹായങ്ങളും വേങ്ങൂര്‍ യൂത്ത് തങ്ങളുടെ വകയായി ചെയ്യുന്നുണ്ട്. തുടക്കക്കാലത്ത് വീടുകളില്‍ നിന്ന് ഭക്ഷണപ്പൊതികള്‍ ശേഖരിച്ചാണ് നല്‍കിയിരുന്നതെങ്കിലും ആവശ്യക്കാര്‍ അധികമായപ്പോള്‍ ഹോട്ടലുകളില്‍ നിന്ന് കാശുനല്‍കി പൊതികള്‍ വാങ്ങി നല്‍കിത്തുടങ്ങി. ഇന്ന് വേങ്ങൂര്‍ യുത്തിന് മകരളത്തില്‍ എവിടെ വേണമെങ്കിലും സഹായം എത്തിക്കാന്‍ കഴിയും. കാരണം ഫേസ്ബുക്ക് കൂട്ടായ്മയായ വി ഹെല്‍പ്പ്, തണല്‍ എന്ന സംഘടനകള്‍ ഇന്ന് വേങ്ങൂര്‍ യൂത്തനൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കുകയാണ്.

സ്വന്തമായി ബ്ലോഗും , ഫേസ്ബുക്ക് അക്കൗണ്ടും ഉപയോഗിച്ചും വേങ്ങൂറിലെ യുവത്വം കാര്യങ്ങള്‍ ലോകത്തെ അറിയിക്കുന്നു. ഇവരുടെ ബ്ലോഗിന് മൂന്ന് ലക്ഷത്തില്‍ അധികം സന്ദര്‍ശകരുമുണ്ട്. ചങ്ങനാശ്ശേരിക്കാരനായ സാമൂഹിക പ്രവര്‍ത്തകന്‍ വിനോദ് ഭാസ്‌കരനാണ് വേങ്ങൂര്‍ യൂത്തിന് പിന്നിലെ നിര്‍ണ്ണായക ശക്തി.

ഒരുലക്ഷത്തിലധികം അംഗങ്ങളുള്ള ഈ കൂട്ടായ്മ ദിനം രപതി വളരുകയാണ്. ഇത്തരത്തില്‍ സാമൂഹിക പ്രതിബദ്ധതയോടെ സമൂഹത്തില്‍ ഇടപെടുന്ന യുവത്വം മുന്നോട്ടുള്ള ലോകത്തിന്റെ യാത്രയിലെ ആശങ്കകള്‍ ഒരുപരിധിവരെ ദൂരീകരിക്കുന്നുവെന്നുള്ളത് ആശ്വാസകരമായ കാര്യം തന്നെയാണ്.