ജോർജ് പാര്‍ട്ടിയിലെ പ്രതിപക്ഷനേതാവ്; താന്‍ എന്തും നേരിടാന്‍ തയാർ- മാണി

single-img
10 April 2015

km-mani.jpg.image_.784.410ന്യൂഡല്‍ഹി: ജോർജ് പാര്‍ട്ടിയിലെ പ്രതിപക്ഷനേതാവാണെന്ന് കെ.എം മാണി. ജോര്‍ജിന്റെ നടപടികള്‍ അച്ചടക്ക ലംഘനമാണ്‌. പി.സി ജോര്‍ജ്ജിന്റെ ആരോപണങ്ങള്‍ക്ക് മറുപടി പറയുന്നത് നിലവാരമില്ലാത്ത നടപടിയാകുമെന്നും കെ.എം മാണി ഡല്‍ഹിയില്‍ പറഞ്ഞു. ആരെങ്കിലും എന്തെങ്കിലും പറയുന്നത്‌ കേട്ട്‌ വകുപ്പൊഴിഞ്ഞ്‌ വീട്ടില്‍ പോകാന്‍ താന്‍ ഭീരുവല്ലെന്നും മാണി കൂട്ടിച്ചേർത്തു. പാര്‍ട്ടി ഇത്‌ ഗൗരവമായി കാണുന്നുവെന്നും പി.സി ജോര്‍ജിനെതിരെ നടപടിയെടുക്കാന്‍ പാര്‍ട്ടിക്ക്‌ ആര്‍ജവമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ബാര്‍ കോഴയില്‍ തനിക്കും മകനുമെതിരെ യുഡിഎഫില്‍ ഗൂഢാലോചന നടന്നു. അതിനുപിന്നിലുള്ളവരെ തനിക്കറിയാം. തെളിവില്ലാതെ ആരെങ്കിലും എന്തെങ്കിലും പറയുന്നത് കേട്ട് ഇട്ടേച്ച് പോകാനാവില്ല. അന്വേഷണം അതിന്റെ വഴിക്ക്‌ നടക്കും. ഇതുവരെ അന്വേഷിച്ചിട്ടും യാതൊരു തെളിവും ലഭിച്ചിട്ടില്ലെന്നും മാണി പറഞ്ഞു. കറയില്ലെങ്കില്‍ നമുക്ക്‌ ആരെ വേണമെങ്കിലും നേരിടാം. താന്‍ എന്തും നേരിടാന്‍ തയ്യാറാണ്‌. അന്വേഷണത്തെ താന്‍ തടസപ്പെടുത്തില്ല. കേസിനെ ഭയമില്ലാത്തതിനാലാണ് എഫ്.ഐ.ആര്‍ റദ്ദാക്കാന്‍ കോടതിയെ സമീപിക്കാത്തത്.

ചില കമ്മറ്റികളില്‍ നിന്നും പുറത്താക്കിയതിന്റെ പേരിലാകും ജോര്‍ജിന്റെ ആരോപണങ്ങള്‍. സരിതയുമായുള്ള കൂടിക്കാഴ്ചയെക്കുറിച്ചുള്ള ചോദ്യത്തിന് മന്ത്രിയായെന്ന നിലയില്‍ പലരുമായും താന്‍ കൂടിക്കാഴ്ച നടത്തിയിട്ടുണ്ടാകാമെന്നാണ് മാണി പറഞ്ഞത്.യു.ഡി.എഫില്‍ പ്രതിസന്ധിയുണ്ടാകുമ്പോള്‍ എ.കെ ആന്റണിയുടെ സഹായം തേടും. എന്നാല്‍ യുഡിഎഫില്‍ നിലവില്‍ ഒരു പ്രതിസന്ധിയുമില്ലെന്ന് മാണി പറഞ്ഞു.