വിധി അനാഥരാക്കി, കാലം പുതുജീവിതം നല്‍കി

single-img
10 April 2015

Gandhibhavanഅനാഥത്വത്തിന്റെ ബാല്യവും, കൗമാരവും നൊന്തനുഭവിച്ച പത്തനാപുരം ഗാന്ധിഭവന്‍ കുടുംബാംഗമായ ശാരദയ്ക്ക് തിരുവനന്തപുരം സ്വദേശി ജയദീപ് വരണമാല്യം ചാര്‍ത്തി.
ചെറുപ്രായത്തില്‍ അച്ഛനമ്മമാര്‍ മരണമടഞ്ഞ അനാഥരായ സഹോദരിമാരാണ് ശാരദ, ലക്ഷ്മി, ചൈതന്യ എന്നിവര്‍. ഇവര്‍ ഗാന്ധിഭവനില്‍ എത്തുന്നത് 2010 ലാണ്. കരുതലും സുരക്ഷിതത്വവും ആവശ്യമായ കൗമാരത്തില്‍ ആലപ്പുഴ മുല്ലയ്ക്കല്‍ സ്വദേശിനികളായ ഇവരുടെ സംരക്ഷണം ഗാന്ധിഭവന്‍ ഏറ്റെടുക്കുകയായിരുന്നു.
സ്‌പെഷ്യല്‍സ്‌കൂള്‍ ടീച്ചേഴ്‌സ് ട്രെയിനിംഗ് കോഴ്‌സ് വിദ്യാര്‍ത്ഥിനി ശാരദയുടെ വരന്‍ ജയദീപ് ബിസിനസുകാരനാണ്. പട്ടം ജയാസില്‍ പ്രൊഫ. വി. ശശിധരന്‍ നായരുടെയും സാവിത്രി എസ്. നായരുടെയും ഇളയമകനാണ് .
ഗാന്ധിഭവന്‍ സ്‌നേഹമന്ദിര്‍ ആഡിറ്റോറിയത്തില്‍ നടന്ന വിവാഹചടങ്ങില്‍ സെക്രട്ടറി ഡോ. പുനലൂര്‍ സോമരാജന്‍ സ്വാഗതവും, സാമൂഹ്യപ്രവര്‍ത്തകനായ കെ. മനോഹരന്‍ കൃതജ്ഞതയും പറഞ്ഞു. സാമുഹ്യക്ഷേമബോര്‍ഡ് അംഗം ഷാഹിദാ കമാല്‍, ജില്ലാ പഞ്ചായത്ത് അംഗം അഡ്വ. സഞ്ജയ്ഖാന്‍, ഫാ. പി.ജെ. ജോസഫ്, കെ. ധര്‍മ്മരാജന്‍, അഡ്വ. ലൂക്കോസ് കെ.വൈ, പിറവന്തൂര്‍ ഗോപാലകൃഷ്ണന്‍, അഡ്വ. പരമേശ്വരന്‍ പിള്ള, ട്രസ്റ്റ് ഭാരവാഹികളായ അഡ്വ. എന്‍. സോമരാജന്‍, വിജയന്‍ ആമ്പാടി, ജി. ഭുവനചന്ദ്രന്‍, പി.എസ്. അമല്‍രാജ്, പ്രസന്നാരാജന്‍, കെ. ഉദയകുമാര്‍, സി.ഇ.ഒ ഗോപിനാഥ് മഠത്തില്‍ തുടങ്ങിയവര്‍ വിവാഹമംഗളങ്ങള്‍ ആശംസിച്ചു. ബന്ധുമിത്രാദികളും, കാരുണ്യകുടുംബാംഗങ്ങളും സംബന്ധിച്ചു.
നഴ്‌സിംഗ് പാസ്സായ സഹോദരി ലക്ഷ്മിയുടെ വിവാഹവും ഈ മാസം 20 ന് ഗാന്ധിഭവനില്‍ നടത്തും. കോട്ടയം പുതുവേലില്‍ വടക്കേടത്ത് ഇല്ലത്ത് വാസുദേവന്‍ നമ്പൂതിരി-സുശീല അന്തര്‍ജ്ജനം ദമ്പതികളുടെ മകന്‍ അമനകര ക്ഷേത്രം ശാന്തി ശ്രീരാജ് ആണ് വരന്‍. ശ്രീരാജും ബന്ധുമിത്രാദികള്‍ക്കൊപ്പം ചടങ്ങിനെത്തിയിരുന്നു.
സഹോദരിമാരായ മൂവരുടെയും വിദ്യാഭ്യാസവും തൊഴില്‍ പരിശീലനവും വിവാഹവും നടത്തിക്കൊടുക്കുമെന്ന ഗാന്ധിഭവന്‍ സെക്രട്ടറി ഡോ. പുനലൂര്‍ സോമരാജന്റെ ഏറ്റെടുപ്പു സമയത്തെ പ്രഖ്യാപനമാണ് ശാരദയുടെയും, ലക്ഷ്മിയുടെയും വിവാഹത്തോടെ ലക്ഷ്യത്തോടടുക്കുന്നത്. ഡോ. പുനലൂര്‍ സോമരാജന്റെ മകള്‍ അമിതയുടെ 28 ന് നടക്കുന്ന വിവാഹത്തോടനുബന്ധിച്ചാണ് ഗാന്ധിഭവനില്‍ വളരുന്ന രണ്ടു മക്കളുടെ കൂടി വിവാഹമൊരുക്കുന്നത്.
വിധി അനാഥരാക്കിയെങ്കിലും കാലം ഈ സഹോദരിമാര്‍ക്ക് പുതു ജീവിതം നല്‍കുകയാണ്. മീനത്തില്‍ തന്നെ നടക്കുന്ന ലക്ഷ്മിയുടെ വിവാഹത്തിന്റെ ഒരുക്കത്തിലാണ് ഗാന്ധിഭവന്‍.