ഘര്‍ വാപസിയെ അംബേദ്‌ക്കര്‍ അനുകൂലിച്ചിരുന്നതായി ആര്‍എസ്എസ്

single-img
10 April 2015

ambedkarന്യൂഡല്‍ഹി: ഘര്‍ വാപസിയെ ഡോ. ബി ആര്‍ അംബേദ്‌ക്കര്‍ അനുകൂലിച്ചിരുന്നതായി ആര്‍എസ്എസ് മുഖപത്രങ്ങള്‍. ഈ പ്രസ്‌താവന ശരി വെയ്‌ക്കുന്നതിനായി കളക്‌ടേഴ്‌സ് എഡീഷനുമായി അംബേദ്‌ക്കര്‍ ജയന്തിയില്‍ പുറത്തുവരാന്‍ ഒരുങ്ങുകയാണ്‌ ഓര്‍ഗനൈസറും പാഞ്ചജന്യവും. നാഗ്‌പൂരിലും നാസിക്കിലും അംബേദ്‌ക്കര്‍ ജന്മദിനം വിപുലമായി ആഘോഷിക്കാന്‍ പ്രത്യേക പരിപാടികളും സംഘടിപ്പിക്കുന്നുണ്ട്‌.

പട്ടിക വിഭാഗത്തിൽ നിന്ന് ഇസ്ലാം- ക്രിസ്തു മതത്തിലേക്കുള്ള പരിവർത്തനത്തിന് എതിരെ സംസാരിച്ചിരുന്ന അദ്ദേഹം ഈ മതങ്ങളിലേക്ക്‌ മാറിയവരെ തിരികെ ഹിന്ദു മതത്തിലേക്ക് മടങ്ങാന്‍ ഉപദേശിച്ചിരുന്നതായിട്ടാണ്‌ പത്രം പറയുന്നത്‌. പാകിസ്‌ഥാനുമായി ബന്ധപ്പെട്ട കാര്യത്തില്‍ ഇസ്‌ളാമികതയിലേക്കുള്ള കീഴാളരുടെ മതംമാറ്റത്തെ അംബേദ്‌ക്കര്‍ എതിര്‍ത്തിരുന്നതായി ഓര്‍ഗനൈസര്‍ പത്രാധിപര്‍ പ്രഫുല്ല കേട്‌കര്‍ പറയുന്നു. ഹിന്ദുക്കളായ പട്ടികവര്‍ഗ്ഗത്തില്‍ പെട്ടവരെ നിര്‍ബ്ബന്ധിച്ച്‌ മതം മാറ്റുന്നതിനെതിരേ മുന്നറിയിപ്പ്‌ നല്‍കുകയും മതംമാറിയവരെ തിരികെ വിളിക്കുകയും ചെയ്‌തിരുന്നതായും പറയുന്നു.

ഏപ്രില്‍ 14 ന്‌ അംബേദ്‌ക്കറിന്റെ 125 ാം ജന്മദിനത്തില്‍ സംഘ പരിവാറിലെ ദളിത്‌ നേതാക്കളുടേയും ജോയന്റ്‌ സെക്രട്ടറി കൃഷ്‌ണാഗോപലിന്റെയും ലേഖനങ്ങളുമായി 200 പേജിന്റെ ബംപര്‍ ഇഷ്യൂവുമായിട്ടാകും പത്രമിറങ്ങുക. അടുത്തയാഴ്‌ച അംബേദ്‌ക്കര്‍ ദേശീയവാദി എന്ന്‌ പരാമര്‍ശിക്കുന്ന പുസ്‌തകങ്ങളും സംഘ്‌ അടുത്തയാഴ്‌ച പുറത്തിറക്കും. ആര്‍എസ്‌എസ്‌ സ്‌ഥാപകന്‍ കെ.ബി. ഹെഡ്‌ഗെവാര്‍, രാം ജന്മഭൂമി പ്രശ്‌നങ്ങള്‍ ഒഴിച്ചാല്‍ ഇന്നുവരെ സംഘപരിവാര്‍ പ്രസിദ്ധീകരണങ്ങളില്‍ പ്രത്യേക പതിപ്പുകള്‍ ഇറക്കിയിട്ടില്ല.