യോഗേന്ദ്ര യാദവിന്റേയും പ്രശാന്ത് ഭൂഷണിന്റേയും ഗൂഢാലോചനകള്‍ പരിധി വിട്ടതിനലാണ് പുറത്താക്കിയതെന്ന് അരവിന്ദ് കെജരിവാള്‍

single-img
10 April 2015

Kejariwalന്യൂഡല്‍ഹി: യോഗേന്ദ്ര യാദവിനെയും പ്രശാന്ത് ഭൂഷണിനെയും പുറത്താക്കിയ സംഭവത്തില്‍ വിശദീകരണവുമായി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍. ഇരുവരുടെയും ഗൂഢാലോചനകള്‍ പരിധി വിട്ടതിനലാണ് പുറത്താക്കിയതെന്ന് അദ്ദേഹം പറഞ്ഞു. വിമത നേതാക്കളായ അജിത്ത് ഝാക്കും ആനന്ദ് കുമാറിനുമെതിരെ മോശം ഭാഷയില്‍ സംസാരിച്ചതില്‍ കെജരിവാള്‍ ഖേദം രേഖപ്പെടുത്തി. താനും ഒരു മനുഷ്യനാണെന്നും തനിക്കും തെറ്റ് പറ്റാമെന്നും അദ്ദേഹം പറഞ്ഞു. അജിത്ത് ഝാക്കും ആനന്ദ് കുമാറിനുമെതിരെ കെജരിവാള്‍ സംസാരിക്കുന്ന ഓഡിയോ പുറത്ത് വന്നിരുന്നു.

ആപ്പിൽ അഭിപ്രായ സ്വാതന്ത്ര്യമില്ലെന്ന ഭൂഷണിന്റെയും യാദവിന്റെയും വാദം കെജരിവാള്‍ തള്ളി. വ്യത്യസ്തമായ കാഴ്ച്ചപ്പാടുകള്‍ക്ക് പാര്‍ട്ടിയില്‍ മാന്യത നല്‍കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. അശുതോഷ്, മനീഷ് സിസോദിയ, കുമാര്‍ വിശ്വാസ് എന്നിവര്‍ തന്റെ എല്ലാ നിലപാടുകളും അംഗീകരിക്കുന്നുവെന്നാണോ. അവര്‍ക്ക് എതിരഭിപ്രായങ്ങളുണ്ട്. തങ്ങള്‍ തമ്മില്‍ ശക്തമായ വാദ പ്രതിവാദങ്ങളുണ്ടാകാറുണ്ട്. എന്നാലും തങ്ങള്‍ ഒരു ടീമാണ്.

മാധ്യമങ്ങളാണ് തങ്ങളെ ജയിപ്പിച്ചതെന്ന പ്രചരണം തെറ്റാണ്. മാധ്യമങ്ങള്‍ തങ്ങളെ തകര്‍ക്കാനുള്ള ശ്രമങ്ങളാണ് നടത്തിയത്. ജനങ്ങളുടെ പിന്തുണ കൊണ്ട് മാത്രമാണ് മികച്ച വിജയമുണ്ടായതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.