താൻ ആരു പറഞ്ഞാലും കേരളാ കോണ്‍ഗ്രസ്‌ എമ്മിന്റെ വൈസ്‌ ചെയര്‍മാന്‍ സ്‌ഥാനം ഒഴിയില്ലെന്ന്‌ പി.സി ജോര്‍ജ്‌

single-img
10 April 2015

pc-george-media.jpg.image.576.432തിരുവനന്തപുരം: മാണിയും യു.ഡി.എഫും പറഞ്ഞാലും താൻ കേരളാ കോണ്‍ഗ്രസ്‌ എമ്മിന്റെ വൈസ്‌ ചെയര്‍മാന്‍ സ്‌ഥാനം ഒഴിയില്ലെന്ന്‌ പി.സി ജോര്‍ജ്‌. കഴിഞ്ഞ ദിവസം ഗാന്ധിപാര്‍ക്കില്‍ നല്‍കിയ പൗരസ്വീകരണത്തില്‍ ജോര്‍ജ്‌ മാണിക്കെതിരേ ആഞ്ഞടിച്ചു. മാണിയുടെ അഴിമതിക്കും കുടുംബാധിപത്യത്തിനെതിരെയുമുള്ള പോരാട്ടമാണ്‌ താന്‍ നടത്തുന്നതെന്ന്‌. മാണിയുടെ ബന്ധുക്കളുടെ സ്വത്തിന്റെ ഉറവിടം പരിശോധിക്കണമെന്നാവശ്യപ്പെട്ട്‌ ഉടന്‍ മുഖ്യമന്ത്രിക്ക്‌ കത്ത്‌ നല്‍കും. ബാര്‍ക്കേസില്‍ വിജിലന്‍സ്‌ ഉദ്യോഗസ്‌ഥര്‍ക്ക്‌ മുന്നില്‍ ഹാജരായി മൊഴി നല്‍കാന്‍ പോകുകയാണ്‌ താന്‍. സോളാര്‍ കമ്മീഷനും തെളിവുകള്‍ കൈമാറും. ഇത്‌ അഴിമതിക്കെതിരായ സന്ധിയില്ലാത്ത പോരാട്ടമാണ്‌. അതില്‍ ഒരു വിട്ടുവീഴ്‌ചക്കും തയ്യാറല്ല.
മാണിയുടെ അഴിമതിയുടെ നാറുന്ന കഥകള്‍ എണ്ണിയെണ്ണി പറയാന്‍ തയാറാണ്‌.

മാണിയുടെ മരുമകനെ സര്‍ക്കാരിന്റെ വന്‍കിട പദ്ധതികളുടെ കണ്‍സല്‍ട്ടന്‍സിയായി നിയമിച്ചിട്ട്‌ മൂന്നുവര്‍ഷമായി. അയാള്‍ക്ക്‌ ഒരുലക്ഷം രൂപയും കാറും വീടുമൊക്കെ മാണി ഒപ്പിച്ചുനല്‍കി. കഴിഞ്ഞ ദിവസം ജോലിയില്‍നിന്നു വിരമിച്ചയാളില്‍നിന്നു മാണി അഞ്ചുലക്ഷം കൈക്കുലി വാങ്ങിയവിവരം താന്‍ അറിഞ്ഞു. അഞ്ചുലക്ഷം രൂപ വാങ്ങി അയാളെ നിര്‍മ്മിതിയുടെ ഡയറക്‌ടറാക്കി. ബാക്കി തുകയായ മൂന്നുലക്ഷം നല്‍കാത്തതിനാല്‍ പിന്നീട്‌ മാണിതന്നെ അയാളെ സ്‌ഥാനത്തുനിന്നു നീക്കുകയായിരുന്നു. ഇത് താന്‍ മുഖ്യമന്ത്രിയോട്‌ പറഞ്ഞിരുന്നു. അത്‌ തനിക്കും അറിയാമെന്നാണ്‌ മുഖ്യമന്ത്രി തന്നോട്‌ പ്രതികരിച്ചത്‌.

1965-ല്‍ രണ്ടരയേക്കര്‍ വസ്‌തുവുമായി പൊതുപ്രവര്‍ത്തനത്തിനിറങ്ങിയ മാണി ഇന്നു ന്യൂയോര്‍ക്കിലെ ബാങ്കില്‍ ഡയറക്‌ടറാണ്‌. അമേരിക്കയില്‍ ഫ്‌ളോറിഡയിലെ ദ്വീപില്‍ മാണിയും മകനും ഇടയ്‌ക്കിടെ സന്ദര്‍ശനം നടത്തുന്നു. കള്ളപ്പണം നിക്ഷേപിക്കാനാണ്‌ മാണി വിദേശത്തുപോകുന്നതെന്ന്‌ ജോര്‍ജ്‌ ആരോപിച്ചു. മാണിയുടെ മകനു ശ്രീലങ്കയില്‍ റിസോര്‍ട്ടുകള്‍ ഉണ്ട്‌. കൂടാതെ ഒരുവന്‍കിട ടൈല്‍ വ്യവസായവുമായി ബന്ധവും അന്വേഷിക്കണം.

മുഖ്യമന്ത്രിയുടെ ഓഫീസ്‌ മുതല്‍ പഞ്ചായത്താഫീസുവരെയുള്ള അഴിമതിക്കെതിരെ പോരാടും. രാഷ്‌ട്രീയ പാര്‍ട്ടി രൂപീകരിക്കില്ല. തുറന്ന വാഹനത്തില്‍ നൂറുകണക്കിന്‌ പ്രവര്‍ത്തകരുടെ അകമ്പടിയോടെയാണ്‌ പി.സി. ജോര്‍ജ്‌ ഗാന്ധിപാര്‍ക്കിലെത്തിയത്‌.