ജെഎസ്എസ് സിപിഎമ്മില്‍ ലയിക്കും

single-img
10 April 2015

gauriyammaതിരുവനന്തപുരം: ജെഎസ്എസ് സിപിഎമ്മില്‍ ലയിക്കാന്‍ ഏകദേശ ധാരണയായതായി റിപ്പോര്‍ട്ട്. ഇതുമായി ബന്ധപ്പെട്ട് കോടിയേരി ബാലകൃഷ്ണനുമായി ഗൗരിയമ്മ നടത്തിയ ചര്‍ച്ചയില്‍ അന്തിമ തീരുമാനമായതായും ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ ഉണ്ടാകുമെന്നും ജെഎസ്എസ്സുമായി അടുത്ത വൃത്തങ്ങള്‍ സൂചിപ്പിച്ചു. നേരത്തെ പാര്‍ട്ടിയെ എല്‍ഡിഎഫില്‍ എടുക്കണമെന്നും സിപിഎമ്മില്‍ ലയിക്കുന്ന പ്രശ്‌നമില്ലെന്നുമായിരുന്നു ഗൗരിയമ്മയുടെ നിലപാട്. എന്നാല്‍ കോടിയേരി ബാലകൃഷ്ണന്‍ സെക്രട്ടറി സ്ഥാനം ഏറ്റെടുത്തതിനുശേഷം ജെഎസ്എസ് പ്രവര്‍ത്തകരെ സിപിഎമ്മിലേക്ക് തിരികെയെത്തിക്കാന്‍ ശ്രമം തുടങ്ങിയിരുന്നു.

പ്രധാന നേതാക്കള്‍ അനുകൂല നിലപാട് സ്വീകരിച്ചതോടെയാണ് ഗൗരിയമ്മ സിപിഎമ്മിൽ മടങ്ങാന്‍ തീരുമാനിച്ചത്. തന്റെ കൂടെ സിപിഎം വിട്ടവര്‍ക്ക് തിരികെ എത്തുമ്പോള്‍ സ്ഥാനങ്ങള്‍ നല്‍കണമെന്നാണ് ഗൗരിയമ്മയുടെ പ്രധാന ഉപാധി. ഈ ഉപാധി സിപിഎമ്മില്‍ ചര്‍ച്ച ചെയ്തശേഷം അറിയിക്കാമെന്ന് കോടിയേരി ഉറപ്പു നല്‍കിയിട്ടുണ്ട്.

ഗൗരിയമ്മയുടെ ചാത്തനാട്ടെ വീട്ടില്‍ ചേര്‍ന്ന യോഗത്തില്‍ ഭൂരിപക്ഷം ജെഎസ്എസ് നേതാക്കളും സിപിഎമ്മിലേക്ക് മടങ്ങാന്‍ താത്പര്യം പ്രകടിപ്പിച്ചു. ജെഎസ്എസ് പാര്‍ട്ടിയിലേക്ക് തിരികെ എത്തുന്നതോടെ ആലപ്പുഴയില്‍ സിപിഎമ്മിനെ കൂടുതല്‍ ശക്തിപ്പെടുത്താന്‍ സാധിക്കുമെന്നാണ് പാര്‍ട്ടി വിലയിരുത്തല്‍.