ആവേശപ്പോരാട്ടത്തില്‍ ഡല്‍ഹിക്കെതിരെ ചെന്നൈയ്ക്ക് ഒരു റണ്ണിന്റെ ജയം

single-img
10 April 2015

bravoഐപിഎല്‍ 8-ാം സീസണിൽ ഡല്‍ഹിയെ ഒരു റണ്ണിന് തോല്‍പിച്ച്  തങ്ങളുടെ ആദ്യജയം ചെന്നൈ സ്വന്തമാക്കി. സ്‌കോര്‍ ചെന്നൈ 20 ഓവറില്‍ ഏഴു വിക്കറ്റിന് 150, ഡല്‍ഹി ഒമ്പതു വിക്കറ്റിന് 149. ഡ്വയ്ന്‍ ബ്രാവോ അവസാന ഓവര്‍ എറിയുവാനെത്തുമ്പോള്‍, ഡല്‍ഹിയ്ക്ക് ജയിക്കുവാന്‍ ഒരോവറില്‍ 19 റണ്‍സ് വേണം എന്ന സ്ഥിതിയിലായിരുന്നു. എന്നാല്‍ ആദ്യ പന്ത് തന്നെ മോര്‍ക്കല്‍ ബൗണ്ടറി കടത്തി. രണ്ടാം പന്തില്‍ സിംഗിള്‍. മൂന്നാം പന്തില്‍ മിഡ് വിക്കറ്റില്‍ റെയ്‌നക്ക് അനായാസ ക്യാച്ച് നല്‍കി താഹിര്‍ പുറത്ത്. വീണ്ടും മോര്‍ക്കലിന് സ്‌ട്രൈക്ക്.

അടുത്ത പന്തില്‍ ബ്രാവോയെ മോര്‍ക്കല്‍ സിക്‌സിനു പറത്തി. ഡല്‍ഹിയുടെ വിജയലക്ഷ്യം രണ്ടു പന്തില്‍ 8 റണ്‍സ്. ഓവറിലെ അഞ്ചാം പന്തില്‍ മോര്‍ക്കലിന്റെ ബാറ്റില്‍ നിന്ന് ബൗണ്ടറിയിലേക്ക് പാഞ്ഞ പന്ത് റെയ്ന തടഞ്ഞിട്ടു നേടാനായത് വെറും രണ്ടു റണ്‍. അവസാന പന്തില്‍ ജയിക്കാന്‍ ആറു റണ്‍സ് വേണ്ടിയിരുന്ന ഡല്‍ഹിയ്ക്കു വേണ്ടി പക്ഷേ മോര്‍ക്കലിന് ബൗണ്ടറി മാത്രമാണ് നേടാനായത്. അങ്ങനെ ചെന്നൈയ്ക്ക് ഒരു റണ്‍ ജയം.

റെയ്‌നയും, മക്കെല്ലവും തികച്ചും നിരാശപ്പെടുത്തിയപ്പോള്‍, സ്മിത്ത്, ഡുപ്ലസി, മഹേന്ദ്രസിംഗ് ധോണി എന്നിവരുടെ ഭേദപ്പെട്ട ബാറ്റിംഗ് പ്രകടനമാണ് ചെന്നൈയെ 150 റണ്‍സിലെത്തിച്ചത്. നാലോവറില്‍ 30 റണ്‍ വഴങ്ങിയ കോര്‍ട്ടര്‍ നൈല്‍ 3 വിക്കറ്റുകള്‍ സ്വന്തമാക്കി. നാലോവറില്‍ വെറും 21 റണ്‍ മാത്രം വഴങ്ങി 1 വിക്കറ്റു നേടിയ മിശ്രയുടെ ബൗളിംഗും മികച്ചു നിന്നു.

151 റണ്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന് ബാറ്റിംഗിനെത്തിയ ഡല്‍ഹിയ്ക്ക് ഇരട്ട പ്രഹരം സമ്മാനിച്ച് നെഹ്‌റ ഇരു ഓപ്പണര്‍മാരെയും സ്‌കോര്‍ ബോര്‍ഡില്‍ 20 റണ്‍സുള്ളപ്പോഴേക്കും കൂടാരം കയറ്റി. ഏറെ പ്രതീക്ഷ അര്‍പ്പിച്ചിരുന്ന യുവിക്കും അവസരത്തിനൊത്തുയരാനാവാത്തത് ഡല്‍ഹിയ്ക്കു തിരിച്ചടിയായി. 55 പന്തില്‍ 73 റണ്‍ നേടി മോര്‍ക്കല്‍ പുറത്താകാതെ നിന്നു.

ചെന്നൈയ്ക്കു വേണ്ടി ഓപ്പണര്‍മാരുടെ വിക്കറ്റുകളടക്കം മൂന്നു വിക്കറ്റു സ്വന്തമാക്കിയ ആശിഷ് നെഹ്‌റയാണ് മാന്‍ ഓഫ് ദ മാച്ച്.