റെയില്‍വേ ട്രാക്ക് മുറിച്ചുകടക്കാന്‍ ശ്രമിച്ചയാളും രക്ഷിക്കാന്‍ ശ്രമിച്ച വ്യക്തിയും ട്രയിന്‍തട്ടി മരിച്ചു

single-img
9 April 2015

kadaluറെയില്‍വേ ട്രാക്ക് മുറിച്ചുകടക്കാന്‍ ശ്രമിച്ചയാളെ രക്ഷിക്കാനുള്ള ശ്രമത്തില്‍ രണ്ടു പേര്‍ ട്രെയിനിടിച്ചു മരിച്ചു. കടലുണ്ടി എ.എം.എല്‍.പി സ്‌കൂളിനുസമീപം ബൈജു വിഹാറില്‍ രാമന്‍ (70) ട്രാക്ക് മുറിച്ചു കടക്കുന്നതിനിടെ പാഞ്ഞുവന്ന ട്രെയിനില്‍ നിന്നും രക്ഷിക്കാന്‍ ശ്രമിച്ച സമീപ വാസി പുതിയവീട്ടില്‍ അബ്ദുറഹ്മാ (64)നാണ് രാമനൊപ്പം ട്രയിനിടിച്ച് മരിച്ചത്.

ബുധനാഴ്ച രാവിലെ 5.45ന് കടലുണ്ടി സ്റ്റേഷന്‍ ഒന്നാംനമ്പര്‍ പ്‌ളാറ്റ്‌ഫോമിന്റെ തെക്കുഭാഗത്തായി കച്ചെഗുഡമംഗലാപുരം എക്‌സ്പ്രസ് തട്ടിയാണ് രണ്ടുപേരും മരിച്ചത്. പള്ളിയില്‍നിന്ന് സുബ്ഹി നമസ്‌കരിച്ച് പ്രഭാതനടത്തത്തിന്റെ ഭാഗമായി പ്‌ളാറ്റ്‌ഫോമിലൂടെ കടന്നുപോകുകയായിരുന്ന അബ്ദുറഹ്മാന്‍ ട്രാക്ക് മുറിച്ച് അപ്പുറം കടക്കാന്‍ ശ്രമിച്ച രാമനു നേരെ ട്രയിന്‍ പാഞ്ഞുവരുന്നത് കാണുകയായിരുന്നു.

വണ്ടി അടുത്തത്തെിയ വിവരം കണ്ടുനിന്നവര്‍ വിളിച്ചുപറഞ്ഞെങ്കിലും കേള്‍വി കുറവായതിനാല്‍ രാമന് കേള്‍ക്കാന്‍ സാധിച്ചില്ല. അബ്ദുറഹ്മാന്‍ ഓടിയത്തെി രാമനെ പിടിച്ചുമാറ്റുമ്പോഴേക്ക് ട്രെയിന്‍ ഇരുവരെയും ഇടിച്ചുതെറുപ്പിച്ചിരുന്നു.

ഫറോക്ക് സബ്ട്രഷറിയില്‍നിന്ന് സീനിയര്‍ ഗ്രേഡ് അക്കൗണ്ടന്റായി വിരമിച്ചയാളാണ് അബ്ദുറഹ്മാന്‍. വയനാട്ടില്‍നിന്നത്തെി കടലുണ്ടിയില്‍ താമസമാക്കിയ രാമന്‍ അവിവാഹിതനാണ്.