ദൂരെ നിന്നും ട്രയിന്‍ വരുന്നത് കണ്ട് പാളം മുറിച്ചു കടക്കവേ റെയില്‍വേ ട്രാക്കില്‍ കുഴഞ്ഞുവീണ വീട്ടമ്മ ട്രയിനിടിച്ചു മരിച്ചു; തൊട്ടടുത്തുണ്ടായിട്ടും രണ്ടു യുവാക്കള്‍ വീട്ടമ്മയെ രക്ഷിക്കാന്‍ ശ്രമിക്കാതെ സംഭവങ്ങള്‍ മൊബൈലില്‍ ഷൂട്ട്‌ചെയ്തു

single-img
9 April 2015

trainപാളം മുറിച്ചുഎ കടക്കവേ റെയില്‍വേ ട്രാക്കില്‍ കുഴഞ്ഞുവീണ വീട്ടമ്മ ട്രയിന്‍ തട്ടി മരിച്ചു. തൊട്ടടുത്തുണ്ടായിട്ടും അവരെ രക്ഷിക്കാന്‍ ശ്രമിക്കാതെ മരണദൃശ്യം മൊബൈല്‍ ഫോണ്‍ ക്യാമറയില്‍ പകര്‍ത്താന്‍ രണ്ടു യുവാക്കളുടെ ശ്രമം. ഇന്നലെ വൈകിട്ടു മൂന്നരയോടെ കോട്ടയം നഗരത്തിലെ മുട്ടമ്പലത്ത് പരശുറാം എക്‌സ്പ്രസ് തട്ടി മുട്ടമ്പലം പുതുപ്പറമ്പില്‍ പി.കെ. തങ്കച്ചന്റെ ഭാര്യ ലൈല തങ്കച്ചനാണു (47) മരിച്ചത്.

സര്‍ക്കാര്‍ ക്വാര്‍ട്ടേഴ്‌സ് ഭാഗത്തേക്കു പോകുന്നതിനായി ട്രാക്ക് മുറിച്ചുകടക്കുകയായിരുന്ന ലൈല ഗേറ്റ് കീപ്പറുടെ ക്യാബിനു നാല്‍പതു മീറ്ററോളം ദൂരെ ട്രാക്കിനു നടുവിലായി കുഴഞ്ഞു വീഴുകയായിരുന്നു. ഈ സമയം ട്രെയിന്‍ ഗേറ്റ് കീപ്പറുടെ ക്യാബിനു സമീപം എത്തിയിരുന്നു. സ്‌റ്റേഷനില്‍ നിന്ന് അടുത്തായതിനാല്‍ ട്രെയിന്‍ വേഗം കുറച്ചാണ് ഓടിയിരുന്നത്. ലൈല വീഴുന്നതു കണ്ട ഗേറ്റ് കീപ്പര്‍ തോമസ് സെബാസ്റ്റിയന്‍ ചുവപ്പുകൊടി ഉയര്‍ത്തി എന്‍ജിന്‍ ഡ്രൈവര്‍ക്ക് അപായ സിഗ്നല്‍ നല്‍കുകയും ലൈലയോടു മാറാന്‍ വിളിച്ചു പറയുകയും ചെയ്തു. പക്ഷേ ലൈലയെ ിടിച്ചശേഷമാണ് ട്രയിന്‍ നിന്നത്.

ഈ സമയം ട്രെയിന്‍ നിര്‍ത്താന്‍ സിഗ്നല്‍ കാട്ടുന്നതു മുതലുള്ള രംഗങ്ങള്‍ അവിടെ നിന്ന രണ്ടു യുവാക്കള്‍ പകര്‍ത്തുകയായിരുന്നു. തനിക്ക് ഓടിയെത്താന്‍ പറ്റുന്ന ദൂരത്തായിരുന്നില്ല വീട്ടമ്മയെന്നും യുവാക്കള്‍ നിന്നിടത്തു നിന്നു കൂടുതല്‍ അടുത്തായിരുന്നതിനാല്‍ അവര്‍ക്കു രക്ഷിക്കാമായിരുന്നുവെന്നും തോമസ് സെബാസ്റ്റിയന്‍ പറഞ്ഞു.

കഴിഞ്ഞ തവണ കോട്ടയം നഗരസഭാ തിരഞ്ഞെടുപ്പില്‍ 19-ാം വാര്‍ഡ് ബിജെപി സ്ഥാനാര്‍ഥിയായിരുന്നു ലൈല. കോട്ടയം റയില്‍വേ ഗുഡ്‌ഷെഡിലെ തൊഴിലാളിയും ബിഎംഎസ് നേതാവുമാണു ലൈലയുടെ ഭര്‍ത്താവ് തങ്കച്ചന്‍. മക്കള്‍: ലയ, സോയാ, വൈശാഖ്.