സത്യം കേസ്; ബി.രാമലിംഗ രാജുവിന് ഏഴു വര്‍ഷം തടവും അഞ്ചു കോടി രൂപ പിഴയും വിധിച്ചു

single-img
9 April 2015

sathyamഹൈദരാബാദ്: സത്യം കേസില്‍ കമ്പനിയുടെ സ്ഥാപകന്‍ ബി.രാമലിംഗ രാജുവിന് ഹൈദരാബാദിലെ പ്രത്യേക സി.ബി.ഐ കോടതി ഏഴു വര്‍ഷം തടവും അഞ്ചു കോടി രൂപ പിഴയും വിധിച്ചു. ആറു വര്‍ഷങ്ങള്‍ക്ക് ശേഷമാണ് രാജ്യത്തെ ഏറ്റവും വലിയ കോര്‍പറേറ്റ് അഴിമതിക്കേസില്‍ പ്രത്യേക കോടതി വിധി പറയുന്നത്. രാമലിംഗ രാജു ഉള്‍പ്പെടെ പത്ത് പ്രതികളും കുറ്റക്കാരെന്ന് കോടതി കണ്ടെത്തിയിരുന്നു. കഴിഞ്ഞ മാസം ഒമ്പതിനാണ് കോടതി കേസില്‍ അവസാനമായി വാദം കേട്ടത്.സത്യം കംപ്യൂട്ടര്‍ സര്‍വിസസ് ലിമിറ്റഡിന്റെ സ്ഥാപകനും ചെയര്‍മാനുമായ രാമലിംഗ രാജു കമ്പനിയുടെ ലാഭം പെരുപ്പിച്ചുകാട്ടി കോടികളുടെ തട്ടിപ്പ് നടത്തിയെന്നാണ് കേസ്.

തട്ടിപ്പിലൂടെ രാജ്യത്തിന്റെ വിവിധയിടങ്ങളിലുള്ള ഓഹരി ഉടമകള്‍ക്ക് 14,000 കോടി രൂപയുടെ നഷ്ടമുണ്ടായതായി സിബിഐ കോടതിയെ അറിയിച്ചു. രാജുവിന്റെ മറ്റൊരു സഹോദരനും സത്യം കംപ്യൂട്ടേഴ്‌സിന്റെ മുന്‍ മാനേജിംഗ് ഡയറക്ടറുമായ ബി.രാമരാജു, മുന്‍ സി.ഇ.ഒ വദ്‌ലമണി ശ്രീനിവാസ്, മുന്‍ ഓഡിറ്റര്‍മാരായ സുബ്രമണി ഗോപാലകൃഷ്ണന്‍, ടി.ശ്രീനിവാസ്, മുന്‍ ജീവനക്കാരായ ജി.രാമകൃഷ്ണ, ഡി.വെങ്കട്ട്പതി രാജു, ശ്രീശൈലം, കമ്പനിയുടെ മുന്‍ ചീഫ് ഓഡിറ്റര്‍ വി.എസ് പ്രഭാകര്‍ ഗുപ്ത എന്നിവരാണ് ശിക്ഷിക്കപ്പെട്ട മറ്റുള്ളവര്‍. വഞ്ചന, ക്രിമിനല്‍ ഗൂഢാലോചന, വിശ്വാസ ലംഘനം, കള്ള ആധാരം ചമയ്ക്കല്‍, കണക്കുകളിലെ തിരിമറി, ആദായനികുതി നിയമങ്ങളുടെ ലംഘനം എന്നിവയാണ് ഇവര്‍ക്കെതിരെയുള്ള കുറ്റങ്ങള്‍.