സത്യം കമ്പ്യൂട്ടർ സാമ്പത്തിക തട്ടിപ്പ് കേസിൽ പ്രതികൾ കുറ്റക്കാരെന്ന് കോടതി

single-img
9 April 2015

sathyamഹൈദരാബാദ്: സത്യം കമ്പ്യൂട്ടർ സാമ്പത്തിക തട്ടിപ്പ് കേസിൽ പ്രതികൾ കുറ്റക്കാരെന്ന് കോടതി. സത്യം കമ്പനി മുൻ ഉടമ രാമലിംഗ രാജു ഉൾപ്പെടെ 11 പേരാണ് കേസിൽ പ്രതികൾ. പ്രതികൾക്കെതിരെ ഗൂഢാലോചന, വഞ്ചന എന്നീ കുറ്റങ്ങൾ തെളിഞ്ഞതായി കോടതി ചൂണ്ടിക്കാട്ടി. ഇവർക്കുള്ള ശിക്ഷ കോടതി നാളെ വിധിക്കും.

2009 ജനുവരി ഏഴിനാണ് സത്യം തട്ടിപ്പ്‌കേസ് പുറത്ത് വന്നത്. സത്യം കമ്പനിയുടെ സ്ഥാപകനും ചെയർമാനുമായ ബി. രാമലിംഗ രാജു കമ്പനിയുടെ അക്കൗണ്ട് ബുക്കിൽ കൃത്രിമം നടത്തി ലാഭക്കണക്കിൽ കോടികളുടെ ക്രമക്കേടു കാണിച്ചുവെന്നാണ് കേസ്. സിബിഐ അന്വേഷിച്ച കേസിൽ 3000 രേഖകൾ പരിശോധിക്കുകയും 226 സാക്ഷികളുടെ മൊഴിയെടുക്കുകയും ചെയ്തിരുന്നു.

ആറ് വർഷമായി കേസ് നടന്നു വരികയാണ്. രാമലിംഗ രാജു, സഹോദരനും മാനേജിങ് ഡയറക്ടറുമായ ബി. രാമ രാജു, മുൻ ചീഫ് ഫിനാൻസിഷ്യൽ ഓഫീസർ വി. ശ്രീനിവാസ്, മുൻ ഓഡിറ്റർമാരായ സുബ്രഹ്മണി ഗോപാലകൃഷ്ണൻ, ടി. ശ്രീനിവാസ്, ജി. രാമകൃഷ്ണ, ഡി. വെങ്കിടപതി രാജു, ശ്രീശൈലം, വി.എസ്. പ്രഭാകര ഗുപ്ത എന്നിവരാണ് കേസിലെ പ്രതികൾ.