ജ്ഞാനപീഠ ജേതാവ് ഡി. ജയകാന്തന്‍ അന്തരിച്ചു

single-img
9 April 2015

njanmചെന്നൈ: ജ്ഞാനപീഠ ജേതാവ് ഡി. ജയകാന്തന്‍ (81) അന്തരിച്ചു. പ്രശസ്ത തമിഴ് എഴുത്തുകാരനായ ഇദ്ദേഹത്തിന്റെ ദേഹവിയോഗം ബുധനാഴ്ച രാത്രിയായിരുന്നു. ഏറെനാളായി അസുഖബാധിതനായിരുന്നു. 1934 ഏപ്രില്‍ 14ന് തമിഴ്‌നാട്ടിലെ കടലൂരിലാണ് ജയകാന്തന്റെ ജനനം. ചെന്നൈയിലേക്ക് കുടിയേറിയ ജയകാന്തന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യയുടെ സജീവ പ്രവര്‍ത്തകനായി. സി.പി.ഐ. യുടെ ‘ജനശക്തി’ പ്രസ്സിലും പ്രസിദ്ധീകരണങ്ങളിലും പ്രവര്‍ത്തിച്ചു. 1949 ല്‍ സി.പി.ഐ. നിരോധനം നേരിട്ടപ്പോള്‍ മറ്റ് ജോലികള്‍ നോക്കി. അഭിപ്രായ വ്യത്യാസങ്ങളെ തുടര്‍ന്ന് സി.പി.ഐ വിട്ടു. കാമരാജിനെ ശക്തമായി പിന്തുണച്ച് തമിഴക കോണ്‍ഗ്രസ്സില്‍ ചേര്‍ന്നു.

ദക്ഷിണേന്ത്യയില്‍ നിന്നു ആദ്യമായി റഷ്യന്‍ ഫെഡറേഷന്റെ ഓര്‍ഡര്‍ ഓഫ് ഫ്രണ്ട്ഷിപ്പ് അവാര്‍ഡിന് അര്‍ഹനായി. 1996ല്‍ സാഹിത്യ അക്കാദമി ഫെലോഷിപ്പ് ലഭിച്ചു. 2002-ലാണ് ജ്ഞാനപീഠം ലഭിച്ചത്. 2009-ല്‍ പത്മഭൂഷണ്‍ പുരസ്‌കാരത്തിന് അര്‍ഹനായി.

ബ്രഹ്മ ഉപദേശം, ജയ ജയ ശങ്കര, പാവം, ഇവള്‍ ഒരു പാപ്പാത്തി, ഓ അമേരിക്ക!, ഒരു പിടി സോറ്, ഗുരുപീഠം തുടങ്ങിയവയാണ് മറ്റ് പ്രധാനകൃതികള്‍. ഉന്നൈ പോല്‍ ഒരുവന്‍, ചില നേരങ്ങളില്‍ ചില മനിതര്‍കള്‍, ഒരു നടികൈ നാടകം പാര്‍ക്കിറാള്‍, ഊറുക്കു നൂറു പേര്‍, യാരുക്കാക അഴുതാന്‍, പുതു ചെരുപ്പ് എന്നീ രചനകള്‍ ചലച്ചിത്രങ്ങളായിട്ടുണ്ട്. ഇതിൽ ഉന്നൈ പോല്‍ ഒരുവന്‍, ചില നേരങ്ങളില്‍ ചില മനിതര്‍കള്‍ എന്നിവ സംസ്ഥാന പുരസ്‌കാരങ്ങള്‍ക്കര്‍ഹമായി.

‘ഒരു ഇലക്കിയവാതിയിന്‍ ആത്മീയ അനുഭവങ്ങള്‍’ അദ്ദേഹത്തിന്റെ ആത്മകഥയാണ്.