ചിറ്റൂരില്‍ 20 ചന്ദനക്കൊള്ളക്കാരെ വെടിവെച്ചുകൊന്ന സംഭവവും വ്യാജ ഏറ്റുമുട്ടലെന്ന് സംശയം

single-img
9 April 2015

tirupati-shootingചെന്നൈ: കഴിഞ്ഞ ദിവസം ആന്ധ്രയിലെ ചിറ്റൂരില്‍ 20 ചന്ദനക്കൊള്ളക്കാരെ വെടിവെച്ചുകൊന്ന സംഭവവും വ്യാജ ഏറ്റുമുട്ടലെന്ന് സംശയം. കൊല്ലപ്പെട്ടവരില്‍ ഏഴുപേരെ ആന്ധ്രനഗരി ബസ് സ്റ്റാന്‍ഡില്‍നിന്ന് പോലീസ് തിങ്കളാഴ്ച സന്ധ്യയോടെതന്നെ കസ്റ്റഡിയിലെടുത്തതിന്റെ തെളിവുകള്‍ പുറത്തുവന്നു. ബസ്സില്‍നിന്ന് ഏഴുപേരെ പിടികൂടുമ്പോള്‍ പോലീസിന്റെ കണ്ണില്‍പെടാതെ രക്ഷപ്പെട്ട ശേഖര്‍ എന്ന തൊഴിലാളിയാണ് സംഭവം പുറത്തെത്തിച്ചത്.

തമിഴ്‌നാട് തിരുവണ്ണാമല പോളൂരില്‍നിന്ന് കാട്ടിലെ ജോലിയക്കായി തിങ്കളാഴ്ച ഉച്ചക്ക് യാത്ര തിരിച്ച എട്ടംഗസംഘത്തിൽ ശേഖറിനെയൊഴിച്ച് മറ്റ് തൊഴിലാളികളെയും ആന്ധ്രനഗരി ബസ് സ്റ്റാന്‍ഡില്‍ പോലീസ് പിടികൂടുകയായിരുന്നു. കൂട്ടത്തിലുണ്ടായിരുന്നവരെ പോലീസ് പിടിച്ച വാര്‍ത്ത ശേഖര്‍ അപ്പോള്‍ത്തന്നെ തൊഴിലാളികളുടെ ബന്ധുക്കളെ ഫോണില്‍ വിളിച്ചറിയിച്ചിരുന്നു. അറസ്റ്റിന്റെ കാരണമന്വേഷിച്ചുപോയ ബന്ധുക്കള്‍ ചൊവ്വാഴ്ച പുലര്‍ച്ചെയാണ് ഏറ്റുമുട്ടല്‍കൊലയുടെ വിവരമാണറിഞ്ഞത്.

കൊല്ലപ്പെട്ടവരിലധികവും ഒരേസമുദായത്തില്‍ നിന്നുള്ളവരായതിനാല്‍ പ്രദേശത്ത് ജാതിപരമായ സംഘര്‍ഷങ്ങള്‍ക്ക് സാധ്യതയേറുകയാണ്. മരണത്തിന്റെ കൃത്യമായ വിവരങ്ങള്‍ പോലീസ് പുറത്തുവിടാന്‍ തയ്യാറല്ലാത്ത സാഹചര്യത്തില്‍ മൃതദേഹങ്ങള്‍ ഏറ്റുവാങ്ങില്ലെന്ന നിലപാടിലാണ് കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍. കാട്ടിലെ ജോലിക്ക് ലൈസന്‍സുള്ളതായി ഏജന്റുമാര്‍ ഉറപ്പുനല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് തൊഴിലാളികള്‍ കാട്ടിലേക്ക് തിരിച്ചതെന്ന് ബന്ധുക്കള്‍ പറയുന്നു.