റിയല്‍ എസ്റ്റേറ്റ് മേഖലയിലേക്കായുള്ള ഓർഡിനൻസിന് മന്ത്രിസഭായോഗത്തിന്റെ അംഗീകാരം

single-img
9 April 2015

Real-Estateതിരുവനന്തപുരം: റിയല്‍ എസ്റ്റേറ്റ് മേഖലയിലേക്കായി റിയൽ എസ്റ്റേറ്റ് (റഗുലേറ്ററി ആൻഡ് ഡെവലപ്‌മെന്റ്) ഓർഡിനൻസിന് മന്ത്രിസഭായോഗത്തിന്റെ അംഗീകാരം. മന്ത്രിസഭായോഗം അംഗീകരിച്ച് ഓര്‍ഡിനന്‍സ് ഗവര്‍ണര്‍ക്ക് അയച്ചു. മഹാരാഷ്ട്രക്ക് ശേഷം ആദ്യമായാണ് ഒരു സംസ്ഥാനം ഇത്തരമൊരു നിയമം നടപ്പാക്കുന്നതെന്ന് മന്ത്രിസഭായോഗത്തിനുശേഷം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. ഈ മേഖലയിലെ തട്ടിപ്പുകള്‍ തടയാനാണ് ഓര്‍ഡിനന്‍സെന്നും അദ്ദേഹം പറഞ്ഞു.

റിയൽ എസ്റ്റേറ്റ് റഗുലേറ്ററി അതോറിട്ടി, റിയൽ എസ്റ്റേറ്റ് അപ്പലേറ്റ് ട്രൈബ്യൂണൽ എന്നീ സ്ഥാപനങ്ങൾ രൂപീകരിക്കാൻ ഓർഡിനൻസിൽ വ്യവസ്ഥയുണ്ട്. റിയല്‍ എസ്റ്റേറ്റ് ട്രൈബ്യൂണലിന് കോടതിയുടെ അധികാരങ്ങളുണ്ടാകും. വില്‍പ്പനയ്ക്കായുള്ള  ഓഫീസ്, ബിസിനസ്, ഗാര്‍ഹിക, വാണിജ്യ, ഐ.ടി ആന്‍ഡ് ഐ.ടി.ഇ.എസ്. കെട്ടിടങ്ങളുടെയും സ്ഥലങ്ങളുടെയും നിര്‍മ്മാണവും വില്‍പ്പനയും പരിപാലനവും നിയമവിധേയമാക്കാന്‍ ലക്ഷ്യമിട്ടുള്ളതാണ് നിയമം. കൈമാറ്റവും ഇതിന്റെ പരിധിയില്‍ വരും.

മനഃപൂര്‍വം പണികള്‍ നടത്താതിരിക്കുക, ഗുണനിലവാരമില്ലാത്ത സാമഗ്രികള്‍ ഉപയോഗിക്കുക, നിബന്ധനകള്‍ പാലിക്കാതിരിക്കുക തുടങ്ങിയവയ്ക്ക് അതോറിറ്റിയെ സമീപിക്കാം. ഉപഭോക്താക്കളുടെയും ഉടമകളുടെയും താത്പര്യം സംരക്ഷിച്ചുകൊണ്ടാണ് ഓര്‍ഡിനന്‍സ് കൊണ്ടുവരുന്നതെന്ന് വ്യവസ്ഥകളില്‍ പറയുന്നു.

കെട്ടിടങ്ങള്‍ വില്‍പ്പന നടത്തുന്നതിന് മുമ്പ് അതോറിറ്റിയില്‍ രജിസ്റ്റര്‍ ചെയ്യണം.  അതോറിറ്റിയില്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് മുമ്പ് കെട്ടിട നിര്‍മ്മാണ പെര്‍മിറ്റ്, ഭൂമിയുടെ അവകാശരേഖ തുടങ്ങിയ രേഖകള്‍ സമര്‍പ്പിക്കേണ്ടതാണ്. തുടര്‍ന്നുമാത്രമേ വില്‍പ്പനയ്ക്കുള്ള പരസ്യം പ്രസിദ്ധപ്പെടുത്താവൂ. എന്നാല്‍ തറവിസ്തീര്‍ണം 25 സെന്റില്‍ കുറവും 12 ഫ്ലാറ്റില്‍ താഴെയുമാണ് നിര്‍മ്മിക്കുന്നതെങ്കില്‍ അത് ഈ നിയമത്തിന്റെ പരിധിയില്‍ വരില്ല.

കെട്ടിടം / ഫ്ലാറ്റ് വാങ്ങുന്നവരില്‍ നിന്ന് മുന്‍കൂര്‍ വാങ്ങുന്ന തുകയുടെ 70 ശതമാനത്തില്‍ കുറയാത്ത തുകയുടെ ഒരു ഷെഡ്യൂള്‍ഡ് ബാങ്കില്‍ നിക്ഷേപിക്കണം. ഈ തുക നിര്‍ദ്ദിഷ്ട കെട്ടിടത്തിനു മാത്രമേ ഉപയോഗിക്കാവൂ.
ആവശ്യമെങ്കില്‍ അതോറിറ്റിയിലെ രജിസ്‌ട്രേഷന്‍ പുതുക്കാം.

നിബന്ധനകള്‍ പാലിക്കാതിരുന്നാല്‍ രജിസ്‌ട്രേഷന്‍ റദ്ദ് ചെയ്യാം. അങ്ങനെ വന്നാല്‍ സര്‍ക്കാരിന്റെ അനുമതിയോടുകൂടി കെട്ടിടത്തിന്റെ ബാക്കി പണികള്‍ ചെയ്തുതീര്‍ക്കാം. റിയല്‍ എസ്റ്റേറ്റ് ഏജന്റ്മാര്‍ക്കും അതോറിറ്റിയില്‍ രജിസ്റ്റര്‍ ചെയ്യാം. അതോറിറ്റിയില്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് മുമ്പ് വിലയുടെ 10 ശതമാനത്തില്‍ കൂടിയ തുക മുന്‍കൂറായി വാങ്ങുവാന്‍ പാടില്ല. കൈമാറ്റം ചെയ്ത് 2 വര്‍ഷം വരെയുണ്ടാകുന്ന പണിക്കുറവുകള്‍ ശരിയാക്കേണ്ട ചുമതല നിര്‍മ്മാതാവിനാണ്. ഫ്ലാറ്റുടമസ്ഥരുടെ കുറ്റംകൊണ്ടല്ലാത്ത പ്രശ്‌നമായിരിക്കണം ഇത്.നിര്‍ദ്ദിഷ്ട സമയത്തിന് കെട്ടിടം കൈമാറ്റം ചെയ്യാന്‍ പറ്റിയില്ലെങ്കില്‍ തുക പലിശ സഹിതം തിരിച്ച് നല്‍കണം.