വാക്കുകളല്ല, പ്രവൃത്തിയാണ് ആവശ്യം; നല്ല ഭക്ഷണം കഴിക്കണമെന്ന ഉപദേശത്തോടൊപ്പം താന്‍ ജോലിചെയ്യുന്ന ഗവ.ആശുപത്രിവളപ്പില്‍ സ്വന്തം ചെലവില്‍ പച്ചക്കറിത്തോട്ടമുണ്ടാക്കി പച്ചക്കറികള്‍ രോഗികള്‍ക്ക് നല്‍കുന്ന ഡോക്ടര്‍ നിഷ

single-img
8 April 2015

20150405_115642

നല്ല ആരോഗ്യത്തിന്റെ അടിസ്ഥാനം നല്ല ആഹാരാമാണെന്ന തിരിച്ചറിവില്‍ നിന്നാണ് ആരോഗ്യമുള്ള ഒരു ജനതയുടെ ജീവിതം ആരംഭിക്കുന്നത്. ആധുനിക വൈദ്യശാസ്ത്രത്തിന്റെ മുന്നിലെത്തുന്ന മിക്കവാറും രോഗികളെല്ലാം ഈ ‘നല്ല ആഹാര’ത്തിന്റെ അഭാവമനുഭവിക്കുന്നവരാണെന്നുള്ളതാണ് സത്യം. അതുകൊണ്ട് തന്നെ ശരിയായ ആഹാരം ഒരുശീലമാക്കാനാണ് തങ്ങളെ തേടിയെത്തുന്ന രോഗികളോട് ഡോക്ടര്‍മാര്‍ ഉപദേശിക്കുന്നതും. എന്നാല്‍ തന്നെ കാണാനെത്തുന്ന രോഗികള്‍ക്ക് ചികിത്സയ്ക്കും മരുന്നിനുമൊപ്പം ആശുപത്രിവളപ്പില്‍ സ്വന്തം ചെലവില്‍ വിളയിച്ച ജൈവപച്ചക്കറികള്‍ നല്‍കി ഡോ. നിഷ ഉപദേശത്തിനപ്പുറം അവ പ്രാവര്‍ത്തികമാക്കിക്കാട്ടുന്നത് ഒരു പുതിയ സന്ദേശമാണ്.

തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട് താലൂക്കില്‍ മാണിക്കല്‍ പഞ്ചായത്തില്‍ സ്ഥിതിചെയ്യുന്ന വെള്ളാണിക്കല്‍ ഗവ. ആയുര്‍വേദ ആശുപത്രിയാണ് ഈ ആരോഗ്യ- കാര്‍ഷിക വിപ്ലവകേന്ദ്രം. ഇവിടുത്തെ മെഡിക്കല്‍ ഓഫീസര്‍ ഡോ. നിഷയുടെ നേതൃത്വത്തില്‍ ആശുപത്രിയുടെ കാട് പിടിച്ചുകിടന്ന പ്രദേശം വെട്ടിത്തെളിച്ച് പച്ചക്കറി കൃഷിയിലൂടെ പൊന്നുവിളയിച്ചാണ് ‘ശരിയായ ആഹാരം ശരിയായ ആരോഗ്യം’ പദ്ധതി നടപ്പിലാക്കുന്നത്. ഡോക്ടറുടെ ഈ നല്ല മനസ്സ് കണ്ടറിഞ്ഞ നാട്ടുകാരും ഈ പദ്ധതിക്ക് പൂര്‍ണ്ണ പിന്തുണയേകി കൂടെയുണ്ട്.

തികച്ചും ഗ്രാമപ്രദേശമായ വെള്ളാണിക്കലില്‍ നാല് വര്‍ഷം മുമ്പ് ഡോ. നിഷ ചാര്‍ജ്ജെടുക്കുമ്പോഴുണ്ടായിരുന്ന വിഭിന്നമായ ഒരന്തരീക്ഷത്തില്‍ നിന്നും ഇന്ന് നെടുമങ്ങാട് താലൂക്കിലെ തന്നെ മികച്ചൊരു ആശുപത്രിയായി ഈ ആയുര്‍വേദ ആശുപത്രി മാറിയത് ഡോ. നിഷയുടെ ഇത്തരം പുരോഗമനപരമായ പ്രവര്‍ത്തനങ്ങളിലൂടെ തന്നെയാണ്. തന്റെ താമസ സ്ഥലത്തു നിന്നും ഏകദേശം നൂറ്റിയമ്പതോളം രൂപ മുടക്കിയാണ് നിഷ തന്റെ ജോലിസ്ഥലത്തേക്ക് പോയി വരുന്നത്. ആദ്യകാലങ്ങളില്‍ ഈ ഒരു യാത്ര ബുദ്ധിമുട്ടായി തോന്നിയെങ്കിലും പിന്നീട് ആ നാടുമായി ഒരഭേദ്യബന്ധം സ്ഥാപിക്കുകയായിരുന്നു ഡോക്ടര്‍.

ആശുപത്രിക്ക് പുറകുവശത്ത് കാടുകയറി പാമ്പും മറ്റു ഇഴജന്തുക്കളുടെയും വാസസ്ഥലമായിക്കിടന്ന പറമ്പ് അപ്പോഴാണ് നിഷയുടെ ശ്രദ്ധയില്‍പ്പെട്ടത്. വര്‍ഷങ്ങളായി ആ പറമ്പ് അങ്ങനെതന്നെയാണ് കിടന്നിരുന്നതും. ഒരു പച്ചക്കറിത്തോട്ടത്തിന്റെ സാധ്യതകള്‍ കണ്ടറിഞ്ഞ നിഷ അതിനായി ഇറങ്ങുവാന്‍ തീരുമാനിക്കുകയായിരുന്നു. കാര്‍ഷിക സംബന്ധമായ പ്രത്യേക താല്‍പര്യങ്ങളൊന്നുമില്ലാത്ത നാട്ടുകാര്‍ക്കു മുന്നില്‍ ചികിത്സയ്ക്കിടയില്‍ കിട്ടുന്ന സമയങ്ങളില്‍ ഡോക്ടര്‍ ഒരു കൃഷിഓഫീസറുടെ റോളുകൂടി ഏറ്റെടുത്തു. ചികിത്സയ്ക്കായി എത്തിയ പൊതുജനങ്ങളുടെയിടയില്‍ നിന്നും ഡോക്ടറുടെ അവബോധനത്തിന്റെ ഫലമായി ഒരു കര്‍മ്മസേനയുണ്ടായി. ഒഴിവുസമയങ്ങളിലും ഓഫീസ് കഴിഞ്ഞുള്ള സമയങ്ങളിലും ഡോക്ടര്‍ നിഷയും അവരോടൊപ്പം കൂടി. അങ്ങനെ ആശുപത്രിയുടെ സ്വന്തമായ ആ പറമ്പ് കാടും പടലവും വെട്ടിത്തെളിച്ച് വെളിച്ചം കണ്ടു.

Dr Nisha

ഇതിനിടയില്‍ നിരവധി കര്‍ഷക അവാര്‍ഡുകള്‍ നേടിയ മുദാക്കല്‍ സ്വദേശി രവീന്ദ്രന്‍നായര്‍ നിഷയുടെ അടുക്കല്‍ ചികിത്സയ്ക്കായി എത്തി. കാര്‍ഷികവൃത്തിയിലുള്ള ഡോക്ടറുടെ താല്‍പര്യം മനസ്സിലാക്കിയ രവീന്ദ്രന്‍നായര്‍ പ്രവര്‍ത്തനങ്ങളില്‍ സഹായയിക്കാമെന്ന് ഏല്‍ക്കുകയും ചെയ്തു. വളത്തിനും നല്ലയിനം വിത്തുകള്‍ക്കും മറ്റു കാര്യങ്ങള്‍ക്കുമായി മുടക്കുമുതലായി നല്ലൊരു തുകയും ഡോക്ടര്‍ക്ക് ചിലവിടേണ്ടിവന്നു. ചാണകവും മറ്റു ജൈവ അവശിഷ്ടങ്ങളും നല്‍കി നാട്ടുകരും ഒപ്പമുണ്ടായിരുന്നു. പയര്‍, പാവല്‍, വഴുതന, വെണ്ട, വെള്ളരി, വാഴ തുടങ്ങിയവയായിരുന്നു കൃഷി ചെയ്തിരുന്നത്. പ്രയത്‌നം വെറുതേയായില്ല. മാസങ്ങള്‍ക്ക് ശേഷം ആശുപത്രി വളപ്പില്‍ തലയുയര്‍ത്തി നില്‍ക്കുന്ന ഒരു പച്ചക്കറിത്തോട്ടം ഡോ. നിഷയും സംഘവും ഒരുക്കിയെടുക്കുകയായിരുന്നു.

തോട്ടത്തില്‍ നിന്നും കിട്ടുന്ന പച്ചക്കറി എന്തു ചെയ്യണമെന്നുള്ളതായിരുന്നു അടുത്ത ചിന്ത. നല്ല ഭക്ഷണത്തേയും അതുവഴിയുള്ള നല്ല ആരോഗ്യത്തേയും കുറിച്ച് ജനങ്ങളുടെയിടയില്‍ ക്ലാസെടുക്കുന്ന ഡോക്ടര്‍ക്ക് അതിനെപ്പറ്റി കൂടുതല്‍ ചിന്തിക്കേണ്ടിവന്നില്ല. ആശുപത്രിയില്‍ ചികിത്സയ്ക്കായി എത്തി തിരിച്ചു പോകുന്ന രോഗികളുടെ കയ്യില്‍ ഇപ്പോള്‍ മരുന്നുകള്‍ക്കൊപ്പം പച്ചക്കറി കവറുകളും കാണാം. തന്നെ സ്‌നേഹിച്ച നാട്ടുകാര്‍ക്ക് അവരുടെ മണ്ണില്‍ നിന്നും ഡോക്ടറുടെ വക സ്‌നേഹോപഹാരം.

രാസവളങ്ങള്‍ ഒന്നും തന്നെ ഉപയോഗിക്കാതെ തികച്ചും ജൈവരീതിയിലാണ് നിഷയും സംഘവും ഈ പച്ചക്കറിത്തോട്ടം ണ്ടാക്കിയിരിക്കുന്നത്. വാക്കുകളിലല്ല, പ്രവൃത്തിയില്‍ കാട്ടിക്കൊടുക്കാനാണ് താന്‍ ശ്രമിക്കുന്നതെന്നും ഇനിയും ഈ പ്രവൃത്തി മുന്നോട്ടുതന്നെ പോകുമെന്നും ഡോക്ടര്‍ നിഷ പറയുന്നു. ഒരുപക്ഷേ സ്ഥലംമാറ്റം പോലുള്ള കാര്യങ്ങള്‍ വന്നാലും പകരം വരുന്നയാള്‍ രോഗികളെ സ്‌നേഹിക്കുന്നപോലെ തന്നെ കൃഷിയെ സ്‌നേഹിക്കുന്നവരാകുയാണെങ്കില്‍ അതുതന്നെയാണ് തന്റെ സന്തോഷമെന്നും ഡോക്ടര്‍ നിഷ അടിവരയിടുന്നു.