ശരീയത്ത് നിയമ പ്രകാരം ഭര്‍ത്താവ് തലാക്ക് ചൊല്ലി വിവാഹമോചിതരായാലും മുസ്ലിം സ്ത്രീകള്‍ക്ക് ജീവനാംശം ലഭിക്കാന്‍ അര്‍ഹതയുണ്ടെന്ന് സുപ്രീംകോടതി

single-img
8 April 2015

supreme courtമുസ്ലിം സ്ത്രീകള്‍ക്ക് ശരീയത്ത് നിയമ പ്രകാരം ഭര്‍ത്താവ് തലാക്ക് ചൊല്ലി വിവാഹമോചിതരായാലും ജീവനാംശം ലഭിക്കാന്‍ അര്‍ഹതയുണ്ടെന്നും തലാക്ക് ചൊല്ലിയുള്ള വിവാഹമോചനക്കേസുകളില്‍ ജീവനാംശം ആവശ്യപ്പെട്ട് മുസ്ലിം സ്ത്രീകള്‍ക്ക് കുടുംബകോടതികളെ സമീപിക്കാവുന്നതാണെന്നും സുപ്രീംകോടതി വിധി. ക്രിമിനല്‍ നടപടിക്രമങ്ങളുടെ 125ാം വകുപ്പ് പ്രകാരം അവര്‍ക്ക് ജീവനാംശം അവകാശപ്പെടാമെന്നും കോടതി വ്യക്തമാക്കി.

ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചാണ് ഉത്തരവിട്ടത്. ജീവനാംശ കേസുകളില്‍ വേഗം തീര്‍പ്പുവേണമെന്ന നിര്‍ദ്ദേശവും സുപ്രീംകോടതി പുറപ്പെടുവിച്ചിട്ടുണ്ട്. തലാക്ക് ചൊല്ലി ബന്ധംവേര്‍പെടുത്തിയ കേസില്‍ സ്ത്രീക്ക് 4000 രൂപ വീതം മാസച്ചെലവ് നല്‍കണമെന്ന വിചാരണക്കോടതി ഉത്തരവ് ശരിവെച്ചുകൊണ്ടായിരുന്നു സുപ്രീംകോടതി നിര്‍ദേശം. 1998ല്‍ ഫയല്‍ ചെയ്ത കേസ് ഇതുവരെ തീര്‍പ്പാക്കാത്തതില്‍ നടുക്കം രേഖപ്പെടുത്തിയ പരമോന്നതകോടതി ജീവനാംശം ആവശ്യപ്പെടുന്ന അപേക്ഷകളിന്മേല്‍ കീഴ്‌ക്കോടതികള്‍ അതിവേഗം തീരുമാനം കൈക്കൊള്ളണമെന്നും സുപ്രീംകോടതി നിര്‍ദ്ദേശിച്ചു.

പുതിയ വിധിയോടെ തലാക്ക് ചൊല്ലി ഉപേക്ഷിച്ചുപോകുന്ന കേസുകളില്‍ സ്ത്രീകള്‍ക്ക് നീതി ലഭിക്കുമെന്നുറപ്പായിരിക്കുയാണ്. ശരീയത്ത് നിയമപ്രകാരം വിവാഹ മോചിതരാകുന്ന മുസ്ലിം സ്ത്രീകള്‍ക്ക് ഭര്‍ത്താവില്‍ നിന്നും മാസച്ചെലവിന് തുക ആവശ്യപ്പെടാന്‍ അര്‍ഹതയില്ലായിരുന്നു. വിവാഹമോചിതരാകുന്ന അവസരത്തില്‍ ഭര്‍ത്താവിന്റെ സാമ്പത്തിക സ്ഥിതി അനുസരിച്ചുള്ള ജീവനാംശം മാത്രമേ അവര്‍ക്ക് അനുവദിച്ചിരുന്നുള്ളൂ.