തെലങ്കാനയിലെ അഞ്ചു തടവുകാരെ വെടിവെച്ചു കൊന്ന പൊലീസ് നടപടിയില്‍ ദുരൂഹത; പ്രതികളുടെ മൃതദേഹം കാണപ്പെട്ടത് കൈകള്‍ വിലങ്ങുവെച്ച നിലയിൽ

single-img
8 April 2015

11133723_10153217615408609_425467002363880218_nതെലങ്കാനയിലെ വാറംഗല്‍ ജയിലിലെ അഞ്ചു തടവുകാരെ വെടിവെച്ചു കൊന്ന പൊലീസ് നടപടിയില്‍ ദുരൂഹത.പ്രതികളെ വെടിവെച്ച് കൊന്ന സംഭവം വ്യാജ ഏറ്റുമുട്ടലാണെന്ന ആരോപണമാണു ഉയർന്നിരിക്കുന്നത്. പ്രതികള്‍ പൊലീസിനെ ആക്രമിച്ച് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ വെടിവെച്ച് കൊല്ലുകയായിരുന്നെന്നാണ് പൊലീസ് ഭാഷ്യം.എന്നാൽ കൈകള്‍ വിലങ്ങുവെച്ച നിലയിലാണ് പൊലീസ് വാനില്‍ പ്രതികളുടെ മൃതദേഹം കാണപ്പെട്ടത്. സംഭവത്തില്‍ ഒരു പൊലീസുകാരനും നിസാര പരിക്കുപോലും ഏറ്റിട്ടില്ല.

കൊല്ലപ്പെട്ടവരുടെ ഫോട്ടോഗ്രാഫുകള്‍ അടക്കം ഉയര്‍ത്തിക്കാട്ടി ഇത് അരുംകൊലയായിരുന്നു എന്ന് ബന്ധുക്കള്‍ ആരോപിക്കുന്നത്.സംഭവത്തെ കുറിച്ച് സി.ബി.ഐ അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ തയ്യാറാവുന്നത് വരെ ഇവരുടെ സംസ്കാര ചടങ്ങുകള്‍ നടത്തില്ലെന്ന് ഹൈദരാബാദില്‍ ബന്ധുക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. സംഭവത്തില്‍ ദുരൂഹതയുള്ളതായി അഭിഭാഷകരും മനുഷ്യാവകാശ സംഘടനകളും ആരോപിച്ചു.
warengal
വാറങ്കല്‍ ജയിലില്‍ നിന്നും ഹൈദരാബാദിലെ കോടതിയിലേക്ക് കൊണ്ടുപോകുന്ന വഴിമധ്യേയാണ് പൊലീസ് വാനില്‍ പ്രതികള്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത്. വകറുദീന്‍ അഹമ്മദ്, സുലൈമാന്‍, മുഹമ്മദ് ഹനീഫ്, മുഹമ്മദ് സാക്കിര്‍, ഇസ്ഹര്‍ ഖാന്‍ എന്നിവരാണ് കൊല്ലപ്പെട്ടത്. ഇവര്‍ നിരോധിത സംഘടനയായ സിമി പ്രവര്‍ത്തകരാണെന്നും ഇസ്‌ലാമിക് സ്റ്റേറ്റുമായി ഇവര്‍ക്ക് ബന്ധമുണ്ടെന്നുമാണ് തെലങ്കാന പൊലീസ് പറഞ്ഞിരുന്നത്.എന്നാൽ കൊല്ലപ്പെട്ട പ്രതികള്‍ക്ക് സിമിയുമായോ ഇന്ത്യന്‍ മുജാഹിദീനുമായോ ഇസ്ലാമിക് സ്‌റ്റേറ്റുമായോ ബന്ധമുണ്ടെന്നതിന് തെളിവൊന്നുമില്ലെന്ന് തെലങ്കാനാ പൊലീസ് മേധാവി അനുരാഗ് ശര്‍മ ഇന്നലെ വ്യക്തമാക്കിയിരുന്നു.

തെഹ്രീകെ ഗെല്‍ബെ ഇസ്ലാമി എന്ന പേരില്‍ ഒരു ഭീകര സംഘടന സ്ഥാപിച്ച് ഇവര്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ ആക്രമണം നടത്തിവരികയായിരുന്നു എന്നായിരുന്നു കേസ്. കേസില്‍ വിചാരണ അവസാന ഘട്ടത്തില്‍ എത്തിയപ്പോഴാണ് ഈ സംഭവം നടന്നത്. വിചാരണക്കായി കോടതിയില്‍ കൊണ്ടു പോവുന്ന വഴിക്ക്, വകറുദ്ദീന്‍ മൂത്രമൊഴിക്കാന്‍ പുറത്തിറങ്ങി തിരിച്ചു വന്നശേഷം തോക്ക് തട്ടിപ്പറിക്കുകയും മറ്റുള്ളവര്‍ ഇതോടൊപ്പം തങ്ങളെ ആക്രമിച്ച് രക്ഷപ്പെടാന്‍ ശ്രമിക്കുകയും ചെയ്തു എന്നാണ് പൊലീസ് അറിയിച്ചിരുന്നത്. നല്‍ഗോണ്ട ജില്ലയിലെ വിജനമായ സ്ഥലത്തു വെച്ചായിരുന്നു ഏറ്റുമുട്ടല്‍.

നീതിക്കു വേണ്ടിയുള്ള പോരാട്ടം തുടരുമെന്ന് കൊല്ലപ്പെട്ട മറ്റുള്ളവരുടെ കുടുംബാംഗങ്ങള്‍ അറിയിച്ചു. സി.ബി.ഐ അന്വേഷണത്തിന് സര്‍ക്കാര്‍ തയ്യാറാവുന്നത് വരെ മൃതദഹങ്ങള്‍ സംസ്കരിക്കില്ല. അന്ത്യ കര്‍മ്മങ്ങളും നടത്തില്ല. മൃതദേഹങ്ങളുമായി സമരം നടത്തുമെന്നും കുടുംബാംഗങ്ങള്‍ പറഞ്ഞു