പെണ്‍കുട്ടിയെ തെരുവുനായ ആക്രമിച്ച് ഗുരുതരമായി പരിക്കേല്‍പ്പിച്ച സംഭവത്തില്‍ ജില്ലാകളക്ടര്‍ക്ക് എതിരെ ശിശുക്ഷേമ സമിതി കേസെടുത്തു

single-img
7 April 2015

arasi

മൂന്നാറില്‍ പെണ്‍കുട്ടിക്ക് തെരുവുനായയുടെ ആക്രമത്തില്‍ ഗുരുതരമായ പരിക്കേറ്റ സംഭവത്തില്‍ ഇടുക്കി കലക്ടര്‍, പഞ്ചായത്തു ഡയറക്ടര്‍, ഇടുക്കി ജില്ലാ ചൈല്‍ഡ് പ്രൊട്ടക്്ഷന്‍ ഓഫിസര്‍ എന്നിവരെ എതിര്‍കക്ഷികളാക്കി ജില്ലാ ശിശുക്ഷേമ സമിതി സ്വമേധയാ കേസെടുത്തു. വിഷയത്തില്‍ എന്തു നടപടി സ്വീകരിക്കാന്‍ കഴിയുമെന്ന് ആരാഞ്ഞ് 29നു രാവിലെ 11നു സത്യവാങ്മൂലം നല്‍കാനും ജില്ലാ ചൈല്‍ഡ് പ്രൊട്ടക്്ഷന്‍ ഓഫിസറോടു ജില്ലാ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി നിര്‍ദേശിച്ചതായി ചെയര്‍മാന്‍ പി.ജി. ഗോപാലകൃഷ്ണന്‍ പറഞ്ഞു.

മൂന്നാറിലെ ന്യൂ കോളനിയില്‍ രാജ – കവിത ദമ്പതികളുടെ മകള്‍ ഏഴുവയസ്സുള്ള അരശിയെ ആണു ബുധനാഴ്ച നായ ആക്രമിച്ചത്. ആക്രമണത്തില്‍ ഭയന്നോടിയ കുട്ടിയുടെ നെറ്റിയിലും കാലുകളിലും പരുക്കേല്‍ക്കുകയായിരുന്നു. ഈ സംഭവത്തിന്റെ പത്രവാര്‍ത്തയെ തുടര്‍ന്നാണു ശിശുക്ഷേമ സമിതി സ്വമേധയാ കേസെടുത്തത്.

നായ്ക്കള്‍ക്കു ജീവിക്കാന്‍ അവകാശമുള്ളതു പോലെ കുട്ടികള്‍ക്കും നാട്ടില്‍ ജീവിക്കാന്‍ അവകാശമുണ്ടെന്നും എന്നാല്‍ ഇതിന്റെ ലംഘനമാണ് ഇടുക്കി ജില്ലയില്‍ നടക്കുന്നതെന്നും ചെയര്‍മാന്‍ പത്രക്കുറിപ്പില്‍ പറഞ്ഞു. ജില്ലയിലെ കുട്ടികള്‍ക്ക് ഇനി ഈ സ്ഥിതി ഉണ്ടാകരുതെന്നു കരുതിയാണു ജില്ലാ കലക്ടര്‍ ഉള്‍പ്പെടെയുള്ളവരെ എതിര്‍കക്ഷികളാക്കി സ്വമേധയാ കേസെടുത്തതെന്നും ചെയര്‍മാന്‍ പറഞ്ഞു.

ജില്ലയിലെ കുട്ടികളെ സംരക്ഷിക്കാനുള്ള ഉത്തരവാദിത്തമാണു ജില്ലാ ചൈല്‍ഡ് പ്രൊട്ടക്്ഷന്‍ ഓഫിസര്‍ക്കുള്ളതെന്നും കുട്ടികള്‍ക്കു നേരെ നായ്ക്കളുടെ ആക്രമണമുണ്ടായാല്‍ എന്തു നടപടി സ്വീകരിക്കാനാകുമെന്നു ജില്ലാ ചൈല്‍ഡ് പ്രൊട്ടക്്ഷന്‍ ഓഫിസറോട് ആരായുമെന്നും ചെയര്‍മാന്‍ അറിയിച്ചു. ജില്ലാ ചൈല്‍ഡ് പ്രൊട്ടക്്ഷന്‍ യൂണിറ്റ് ചെയര്‍മാന്‍ ജില്ലാ കലക്ടറാണ്.

എന്നാല്‍ സംഭവത്തെ തുടര്‍ന്ന് ഇടുക്കി ജില്ലാ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി തനിക്കെതിരെ സ്വമേധയാ കേസെടുത്തതിനെക്കുറിച്ചു ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നും ഇതു പരിശോധിച്ചശേഷം പ്രതികരിക്കാമെന്നും കലക്ടര്‍ പറഞ്ഞു.