മദ്യപിക്കരുതെന്നും പുകവലിക്കരുതെന്നും ഉപദേശിച്ച് തന്നെ വളര്‍ത്തിയ മാതാപിതാക്കളെ അതൊക്കെ ചെയ്ത് വേദനിപ്പിച്ചതിന്റെ ശിക്ഷയാണ് താന്‍ അനുഭവിച്ചതെന്ന് നടന്‍ ഷൈന്‍ ടോം ചാക്കോ

single-img
5 April 2015

shyne32മദ്യപിക്കരുതെന്നും പുകവലിക്കരുതെന്നുമൊക്കെ ഉപദേശിച്ചാണു തന്നെ വളര്‍ത്തിയത്. എന്നാല്‍ ഇതൊക്കെ താന്‍ ചെയ്തിരുന്നു. അതിനുള്ള ശിക്ഷയാണ് ഇപ്പോള്‍ ചെയ്യാത്ത കുറ്റത്തിന് അനുഭവിക്കുന്നതെന്നും മാതാപിതാക്കള്‍ പറഞ്ഞ വഴിക്കു നടന്നില്ലെങ്കില്‍ ഇങ്ങനെയൊക്കെ സംഭവിക്കുമെന്നും ഷൈന്‍ പറഞ്ഞു. മാതാപിതാക്കള്‍, വിശ്വാസം അതല്ലേ എല്ലാം എന്ന സിനിമയുടെ സംവിധായകന്‍ ജയരാജ് വിജയ്, നിര്‍മാതാക്കള്‍ എന്നിവര്‍ക്കൊപ്പം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഷൈന്‍.

അറുപതു ദിവസം ജയിലില്‍ കിടന്നതിനെക്കാള്‍ വേദന ജയിലിനു പുറത്ത് മാതാപിതാക്കള്‍ അനുഭവിച്ച വേദനയുടെ ഒരുശതമാനം പോലുമാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ജീവിതത്തിലെ ഏറ്റവും വലിയ ലഹരി സ്വാതന്ത്ര്യമാണെന്ന തിരിച്ചറിവ് ജയില്‍ മോചനത്തിനുശേഷമുണ്ടായി. സിനിമയിലും പുറത്തുമുള്ള മുഴുവന്‍ സുഹൃത്തുക്കളില്‍നിന്നും ഗുരുക്കന്‍മാരില്‍നിന്നും മാനസികമായി നല്ല പിന്തുണയുണ്ടായതു മാത്രമാണ് ആശ്വാസം. ഒരു മാതാപിതാക്കള്‍ക്കും ഈ അവസ്ഥ വരരുത്. ഷൈന്‍ പറഞ്ഞു.

ഏതെങ്കിലും സുഹൃത്തുക്കള്‍ തന്നെ ഒറ്റുകൊടുത്തു കേസില്‍ കുടുക്കിയെന്നു കരുതുന്നില്ലെന്നും സുഹൃത്തുക്കള്‍ അങ്ങനെ ചെയ്യില്ലെന്നു വിശ്വസിക്കാനാണ് ഇഷ്ടമെന്നും ഷൈന്‍ പറഞ്ഞു. കൊക്കെയ്ന്‍ കേസില്‍ തനിക്കൊപ്പം ഉള്‍പ്പെട്ട നാലുയുവതികളില്‍ രണ്ടുപേരെ സിനിമാമേഖലയുമായി ബന്ധപ്പെട്ട് അറിയാമെന്നും മറ്റു രണ്ടുപേരെ മുന്‍പരിചയമില്ലെന്നും അദ്ദേഹം പറഞ്ഞു.

ജാമ്യം ലഭിച്ചശേഷം സംവിധായകരായ കമലും ജയരാജുമൊക്കെ വിളിച്ചു പിന്തുണയറിയിച്ചിരുന്നു. ലഹരി ഉപയോഗിക്കരുതെന്നല്ല, ലഹരിയുടെ ഏഴയലത്തുകൂടി പോകരുതെന്നാണു പുതിയ തലമുറയോട് തനിക്കിപ്പോള്‍ പറയാനുള്ളതെപന്നും ഷൈന്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.