സ്വകാര്യ ആശുപത്രിയില്‍ രോഗികളെ ചികിത്സിക്കുന്നതിന്റെ ചികിത്സാ രേഖകള്‍ രോഗികള്‍ ആവശ്യപ്പെടുന്നതനുസരിച്ച് അവര്‍ക്ക് നല്‍കണമെന്ന് കേന്ദ്ര വിവരാവകാശ കമ്മീഷന്‍

single-img
5 April 2015

healthസ്വകാര്യ ആശുപത്രികളിലെ ചികിത്സാ രേഖകള്‍ വിവരാവകാശ നിയമപ്രകാരം രോഗികള്‍ക്ക് ലഭിക്കാന്‍ അവകാശമുണ്ടെന്ന് കേന്ദ്രവിവരാവകാശ കമ്മീഷന്‍. അതാത് ആശുപത്രിയുടെ ചുമതലയുള്ള ആരോഗ്യവകുപ്പ് ഓഫീസിനായിരിക്കും വിവരാവകാശ പ്രകാരമുള്ള രേഖകള്‍ ലഭ്യമാക്കാനുള്ള ബാധ്യതയെന്നും കമ്മീഷന്‍ കൂട്ടിച്ചേര്‍ത്തു.

അപേക്ഷ ലഭിക്കുന്ന മുറയ്ക്ക് ആശുപത്രികളുടെ ചുമതലയുള്ള ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥന്‍ രേഖകള്‍ ശേഖരിച്ച് അപേക്ഷകന് കൈമാറണമെന്നും രേഖകള്‍ കൈമാറാന്‍ തയാറാകാത്ത ഉദ്യോഗസ്ഥര്‍ക്കും ആശുപത്രിക്കുമെതിരെ നിയമപ്രകാരമുള്ള ശിക്ഷാനടപടികള്‍ സ്വീകരിക്കാവുന്നതാണെന്നും കമ്മീഷണര്‍ പ്രഫ. എം. ശ്രീധര്‍ ആചാര്യലു വ്യക്തമാക്കി.

മാത്രമല്ല, രേഖകളില്‍ കൃത്രിമം നടത്തുന്നത് തടയാന്‍ ചികിത്സ നടക്കുന്ന ദിവസങ്ങളില്‍ത്തന്നെ രേഖകള്‍ രോഗികള്‍ക്ക് കൈമാറുന്നതിന് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ നടപടി സ്വീകരിക്കണമെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടു. ഡല്‍ഹി സ്വദേശി പ്രഭാത്കുമാര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കമ്മീഷന്റെ ഉത്തരവ്.