വാഹനം എന്ന ഷോർട്ട് കട്ട്‌

single-img
3 April 2015

imageവീട് ഇറങ്ങിയാൽ വഴിയാണ്. സ്ഥിരം ഞാൻ നടക്കുന്ന വഴി. കണ്ണടച്ച് നടന്നാൽ പോലും എന്നെ എന്റെ ലക്ഷ്യസ്ഥാനമായ ബസ്‌ സ്റ്റോപ്പിൽ എത്തിക്കും എന്ന് എനിക്ക് ഉറപ്പുള്ള വഴി. മറ്റൊരർത്ഥത്തിൽ വഴി എന്ന് അതിനെ വിളിക്കുന്നത്‌ ശരിയല്ല എന്ന് വരും. അത് ഒരു വാഹനത്തിന്റെ ഗുണം ചെയ്യുന്ന വഴിയത്രേ. ഒരു നീണ്ട ഇടത്തിലൂടെ കണ്ണുകളുടെ പോലും സഹായം ഇല്ലാതെ ഞാൻ നടക്കുമ്പോൾ എന്റെ വഴി തന്നെ എന്നെ വഹിക്കുന്ന വാഹനം ആയി മാറുന്നു. (കാൽ ‘എഞ്ചിൻ’ മാത്രമാണ്.) ഫലത്തിൽ വഴിയും വാഹനവും ഒന്നാകുന്നു; അതായിത് പരിചയം മൂലം വഴി തന്നെ വാഹനവും വാഹനം തന്നെ വഴിയും ആകുന്നു: എന്റെ ലക്ഷ്യസ്ഥാനതെക്കുള്ള എന്റെ യാത്രയിൽ–ആ ദൂരം ചെറുതോ വലുതോ ആകട്ടെ–വഴി എന്റെ വാഹനം ആയി മാറുന്നു.

ഇത് നിശ്ചയമായും ഒരു വലിയ കാര്യമാണ്. വഴി തന്നെ വാഹനം ആകുമ്പോൾ മറ്റൊരു വാഹനം തികച്ചും അപ്രസക്തം ആയി മാറുന്നു. അതായതു വേഗതയുടെ മാനദണ്ഡം മാറ്റി നിർത്തിയാൽ വാഹനം കാലഹരണപ്പെടുന്നു. വാഹനങ്ങൾ ഇല്ലാതിരുന്ന ശിലായുഗ കാലഘട്ടത്തിൽ വേടന്മാരുടെ വഴികളെക്കുറിച്ചുള്ള അറിവ് അവരുടെ വാഹനം ആയിരുന്നു. ഭക്ഷണം എന്ന നിത്യ ആവശ്യകതയിലേക്ക് അവരെ പെട്ടെന്ന് എത്തിച്ചിരുന്ന വാഹനം വഴി തന്നെ ആയിരുന്നു.

എന്നാൽ ഇത് ശിലായുഗം അല്ല. ഇത് വിവര-വിജ്ഞാനത്തിന്റെ യുഗം ആണ്. വിവരം പ്രകാശ വേഗത്തിൽ സഞ്ചരിക്കുന്നു. അതിനു വഴി ഇന്നതേ വേണം എന്നില്ല. വളഞ്ഞു പുളഞ്ഞ ഒപ്ടിക്കൽ ഫൈബർ ശൃംഘലകളിലൂടെ വിവരം പ്രകാശ വേഗത്തിൽ സഞ്ചരിക്കുമ്പോൾ വഴിയുടെ ഗതി തന്നെ അപ്രസക്തം ആകുന്നു.
ഒരു ശൃംഘല മുറിഞ്ഞു പോയാൽ കൂടിയും, ദൂരം അനവധി വർധിച്ചാൽ തന്നെയും മറ്റൊരു ശൃംഘലയോ പ്രകാശവേഗമോ ഉത്തരങ്ങൾ ആയി വരുന്നു.

ഇന്ന് വഴികളെക്കാൾ അങ്ങനെ ദിശക്ക്, അല്ലെങ്കിൽ ലക്ഷ്യത്തിനു പ്രാധാന്യം വന്നിരിക്കുന്നു. നിങ്ങൾ ഏതു ദിശയിലെക്കണോ അങ്ങോട്ട്ടുള്ള വഴി എന്നത് വേഗതയുടെ മാത്രം സമവാക്യത്തിലേക്ക് മാറ്റപ്പെട്ടിരിക്കുന്നു. . അതായത് വാഹനം നിങ്ങള്ക്ക് പ്രധാനം ആയി ഭവിച്ചിരിക്കുന്നു..വഴി അപ്രധാനവും.

വാഹനം അങ്ങനെ ഒരു ഷോർട്ട് കട്ട്‌ ആയി പരിണമിച്ചിരിക്കുന്നു

മനുഷ്യൻ ഇത് മുൻ നിർത്തി തന്നെയാണ് വേഗതയേറിയ ആകാശ വാഹനങ്ങളെക്കുറിച്ച് പണ്ട് മുതലേ ചിന്തിക്കാൻ ആരംഭിച്ചത്. ഫ്രിക്ഷൻ അങ്ങനെ മനുഷ്യന്റെ ശത്രു ആയി. Aerodynamic എന്നത് അങ്ങനെ പ്രിയപ്പെട്ടതും ആയി.

ദിശ അല്ലെങ്കിൽ ലക്‌ഷ്യം പ്രധാനപ്പെട്ടത് ആയതോടെ മാർഗം അപ്രസക്തം ആയി. ഒരു വാഹനം ഉണ്ടെങ്കിൽ അതും വേഗമേറിയത്‌ ആണെങ്കിൽ നിങ്ങൾ അങ്ങനെ മാർഗ്ഗങ്ങളെ ഉപേക്ഷിച്ചു തുടങ്ങി. വേഗമേറിയ ആഡംബരക്കാറുകളുടെ ഉടമസ്ഥർ അങ്ങനെയത്രെ പാവങ്ങളെ വഴി തടഞ്ഞത്; ചിലപ്പോൾ ഇല്ലാതാക്കിയതും.

അമേരിക്ക അവരുടെ അത്യുത്തമം ആയ വൈമാനിക ശക്തിയിലൂടെയും കടലിലെ വേഗമേറിയ നാവിക കപ്പലുകളിലൂടെയും കരയിലെ യുദ്ധ വാഹനങ്ങളിലൂടെയും അപ്രസക്തം ആക്കാൻ നോക്കുന്നത്, ചൈന ഇപ്പോൾ ചെയ്യാൻ നോക്കുന്നതും വഴിയുടെ ഈ പ്രസക്തിയെ ഇല്ലായ്മ ചെയ്യാൻ തന്നെ ആണ്. എല്ലാ വൻശക്തികളും ഇതിനു ശ്രമിക്കുന്നുണ്ട് ശ്രമിച്ചിട്ടുണ്ട്. ഇന്ത്യ സൂപ്പർ സോണിക് മിസ്സൈലുകൾ വികസിപ്പിക്കുന്നതുo മറ്റൊന്നും മുന്നിൽ കണ്ടിട്ടല്ല.

സാമ്രാജ്യങ്ങൾ ഒക്കെയും വളർന്നതും തളർന്നതും പിന്നീടു ഇല്ലാതായതും ഷോർട്ട് കട്ട്‌ ആയ ഈ വാഹനങ്ങളുടെ പിൻബലത്തിൽ ആണ്.

ഈ വഴി എവിടെ ചെന്നവസാനിക്കും ? സന്മാർഗം അല്ലെങ്കിൽ എത്തിക്സ് ഇല്ലാതാവുമ്പോൾ എന്ത് സംഭവിക്കും? വേഗത പരിധി വിടുമ്പോൾ ഷോര്ട്ട് കട്ട്‌ അനവധിയായി പെരുകുമ്പോൾ എന്ത് വന്നു ഭവിക്കും?

ഒരു വസ്തു പ്രകാശ വേഗം ആര്ജിക്കാൻ ശ്രമിക്കുമ്പോൾ അതിന്റെ തന്നെ പിണ്ഡത്തിന്റെ വർദ്ധനവ്‌ അതിനെ തടയും എന്നുള്ളത് ഒരു സത്യം ആണ്. ഈ നിയമം നീട്ടിയാൽ നമുക്ക് കാണാം ഇത് സാമ്രാജ്യങ്ങൾക്കും ബാധകം ആണെന്ന്.

ഒന്നല്ലെങ്കിൽ വേഗതയെ തടയിടുവാനായി പിന്ണ്ട വർദ്ധനവ്‌ ഉണ്ടാകും (ഉദാഹരണമായി സാമ്പത്തിക ബാധ്യത) അല്ലെങ്കിൽ കൂടിയ ഘർഷണങ്ങൾ (ഉദാഹരണമായി ചൈനയുടെ ഉയർച്ച) ഉണ്ടാകും. വളര്ച്ചയുടെ പ്രവേഗം കണ്ടമാനം വർധിക്കുമ്പോൾ അത് പ്രധിരോധ൦ ആകട്ടെ സാമ്പത്തികം ആകട്ടെ ഇത് സംഭവിക്കും എന്നുള്ളത് തീർച്ച തന്നെ.

ഫലത്തിൽ നമുക്ക് വേണ്ടത് പ്രവേഗം ഉള്ള വാഹനങ്ങൾ അല്ല മറിച്ചു കണ്ണും പൂട്ടി നടക്കാവുന്ന,. ലക്ഷ്യത്തിലേക്ക് നമ്മളെ എത്തിക്കും എന്ന് നമുക്ക് ഉറപ്പുള്ള വാഹനങ്ങൾ ആണ്. വഴിയും വാഹനവും ഇത്തരുണത്തിൽ ഒന്നാവുന്നത് തന്നെ അഭികാമ്യം.