കേന്ദ്ര കായിക മന്ത്രാലയത്തിന്റെ സാമ്പത്തിക സഹായ പദ്ധതിയില്‍ ഉള്‍പ്പെടുത്താത്തതില്‍ ജ്വാല ഗുട്ടക്ക് പ്രതിഷേധം

single-img
3 April 2015

jwala-guttaന്യൂഡല്‍ഹി: അടുത്ത ഒളിമ്പിക്സിൽ മെഡല്‍ സാധ്യതയുള്ളവര്‍ക്ക് കേന്ദ്ര കായിക മന്ത്രാലയം നല്‍കുന്ന സാമ്പത്തിക സഹായ പദ്ധതിയില്‍ ഉള്‍പ്പെടുത്താത്തതില്‍ പ്രതിഷേധവുമായി ബറ്റ്മിന്റൺ താരം ജ്വാല ഗുട്ട രംഗത്ത്.  ജ്വാല ഗുട്ട 2011ലെ ലോക ചാമ്പ്യന്‍ഷിപ്പില്‍ ഡബ്ള്‍സില്‍ വെങ്കല മെഡല്‍ ജേതാവായിരുന്നു. അതേ മത്സരത്തില്‍ ജ്വാല ഗുട്ടക്ക് ഒപ്പം വെങ്കലം നേടിയ അശ്വനി പൊന്നപ്പയെയും പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.

‘കേന്ദസര്‍ക്കാറില്‍നിന്ന് ലഭ്യമായിരുന്ന ഏക സഹായത്തെപ്പറ്റിയുള്ള പ്രതീക്ഷയും ഇപ്പോള്‍ ഇല്ലാതായിരിക്കുന്നു. വലിയരീതിയില്‍ കോര്‍പറേറ്റ് പിന്തുണയുള്ള പലരും പട്ടികയിലുണ്ട്. അശ്വനിയെയും എന്നെയും ഉള്‍പ്പെടുത്താത്തത് എന്തുകൊണ്ടെന്ന് മനസ്സിലാകുന്നില്ല. കൂടുതല്‍ എന്തുചെയ്യണമെന്നും അറിയില്ല. വിഷമവും നിരാശയുമുണ്ട് -ജ്വാല ഗുട്ട പറഞ്ഞു. മികച്ച പ്രകടനത്തിനുശേഷവും ഇതുപോലെ നിരുത്സാഹപ്പെടുത്തുന്ന സമീപനം തുടരുന്നത് ശരിയല്ളെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

സൈന നെഹ്വാള്‍, കെ. ശ്രീകാന്ത്, പി. കശ്യപ്, പി.വി. സിന്ധു, മലയാളി താരം എച്ച്.എസ്. പ്രണോയി എന്നിവരെ സര്‍ക്കാര്‍ നിയമിച്ച സമിതി ടി.ഒ.പിയില്‍ തെരഞ്ഞെടുത്തിരുന്നു. മുഖ്യ ദേശീയ കോച്ച് ഗോപിചന്ദും തെരഞ്ഞെടുപ്പ് സമിതിയില്‍ അംഗമാണ്.