മാണി വിലപേശുകയാ​ണെന്ന് വി.എസ് അച്യുതാനന്ദൻ

single-img
3 April 2015

vsതിരുവനന്തപുരം: മാണി വിലപേശുകയാ​ണെന്ന് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദൻ. എക്‌സൈസ് മന്ത്രി കെ. ബാബുവിനെതിരെ വേണ്ടതിലധികം തെളിവു​കൾ ഉണ്ടായിട്ടും കേസെടുക്കാതിരിക്കുന്ന വിജിലൻസിന്റെ നടപടിവെച്ച് കോഴക്കേസിൽ കുളിച്ചുനിൽക്കുന്ന മാണി വിലപേശുകയാ​ണെന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചു.
ബാർ കോഴക്കേസിൽ കൈക്കൂലി വാങ്ങിയെന്ന് സംശയാതീതമായി തെളിഞ്ഞു കഴിഞ്ഞ മാണി തനിക്കെതിരെ കുറ്റപത്രം സമർപ്പിക്കുന്നത് ഒഴിവാക്കാനാണ് ശ്രമിക്കുന്നത്. എക്‌സൈസ് മന്ത്രിക്കെതിരെ കേസ് രജിസ്റ്റർ ചെയ്യാത്ത വിജിലൻസിന്റെ ഇരട്ടത്താപ്പ് ഇതിനായി മാണി ഉപയോഗപ്പെടുത്തുകയാണ്.

ഒരേ മന്ത്രിസഭയിലെ അംഗങ്ങൾ തമ്മിൽ കോഴപ്പണം പങ്കുവയ്ക്കുന്നതിൽ അന്യോന്യം കലഹിക്കുന്നത് കാണാനുള്ള കണ്ണുപോലും ഇല്ലാത്ത ഗതികേടിലാണ് സംസ്ഥാനത്തെ വിജിലൻസ് വകുപ്പ്. കെ. കരുണാകരന്റെ കാലത്താണ് വിജിലൻസിന്റെ പല്ലുംനഖവും എടുത്തുക​ളഞ്ഞത് എന്നാണ് പറഞ്ഞിരുന്നത്. എന്നാൽ ചെന്നിത്തലയുടെ കാലത്ത് കരുണാകരനെപ്പോലും നാണിപ്പിക്കുന്ന വിധത്തിൽ വിജിലൻസ് വകുപ്പിനെ വന്ധ്യംകരിച്ചിരിക്കുകയാണ്.

തെളിവുകൾ എല്ലാം ലഭിച്ചിട്ടും അതൊന്നും കാണാനും അറിയാനും കൂട്ടാക്കാത്ത വിജിലൻസ് വകുപ്പ് കണ്ണുംകാതും കെട്ടിയ തത്തയാണെന്ന് വിശേഷിപ്പിക്കേണ്ടിവരികയാണെന്ന് വി.എസ് പറഞ്ഞു.