ബാര്‍ കോഴ കേസില്‍ മാണിയെ പിന്തുണച്ചും ആഭ്യന്തര വകുപ്പിനെ പരോക്ഷമായി വിമര്‍ശിച്ചും മുഖ്യമന്ത്രി

single-img
3 April 2015

umman-chandi22തിരുവനന്തപുരം: ബാര്‍ കോഴ കേസില്‍ ധനമന്ത്രി കെ.എം. മാണിയെ പിന്തുണച്ചും ആഭ്യന്തര വകുപ്പിന്റെ നടപടിയെ പരോക്ഷമായി വിമര്‍ശിച്ചും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ബാര്‍ കോഴ ആരോപണത്തിന്റെ പേരില്‍ തനിക്കെതിരെ കേസെടുക്കേണ്ട കാര്യമില്ലായിരുന്നുവെന്ന മാണിയുടെ പ്രതികരണം ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ അദ്ദേഹത്തെ പിന്തുണച്ച മുഖ്യമന്ത്രി ആഭ്യന്തര വകുപ്പിന്റെ നടപടിയെ പരോക്ഷമായി വിമര്‍ശിച്ചു. മാണിക്കെതിരെ കേസ് എടുക്കേണ്ടിയിരുന്നില്ലെന്ന അഭിപ്രായം രാഷ്ട്രീയ-നിയമ തലങ്ങളിലുണ്ടെന്നാണു മുഖ്യമന്ത്രി വ്യക്തമാക്കിയത്.

ഘടകകക്ഷി ഈ ആവശ്യം ഉന്നയിച്ച് കത്ത് നല്‍കിയാല്‍ അത് അംഗീകരിക്കുകയാണു മുന്നണിമര്യാദയെന്നു ചൂണ്ടിക്കാട്ടി, ചീഫ് വിപ്പ് പി.സി ജോര്‍ജ് പുറത്തേക്കു തന്നെയാണെന്നും മുഖ്യമന്ത്രി വ്യക്തമായ സൂചന നല്‍കി. ജോര്‍ജിനെ നീക്കണമെന്ന മാണിയുടെ ആവശ്യത്തില്‍ തിങ്കളാഴ്ച തീരുമാനമുണ്ടാകും.

മന്ത്രി മാണിയുടെ നിരപരാധിത്വം വൈകാതെ വ്യക്തമാകുമെന്നു മുഖ്യമന്ത്രി പറഞ്ഞു. അദ്ദേഹത്തിനെതിരെ ഒരു തെളിവും ഇതുവരെ അന്വേഷണസംഘത്തിനു ലഭിച്ചിട്ടില്ല. തെളിവു നല്‍കാന്‍ പോയവര്‍ മാധ്യമങ്ങളോടു നടത്തിയ പ്രതികരണങ്ങള്‍ അതാണു സൂചിപ്പിക്കുന്നത്. കുറ്റപത്രത്തില്‍ മാണിയുടെ പേരില്ല എന്നു തന്നെയല്ലേ മുഖ്യമന്ത്രി പറയുന്നത് എന്നു ചോദിച്ചപ്പോള്‍, ‘അല്‍പം കൂടി കാക്കൂ എന്നായിരുന്നു മറുപടി.

കോഴ ആരോപണത്തിന്റെ കാര്യത്തില്‍ രണ്ടു നീതി എന്ന സ്ഥിതി ഉണ്ടാകില്ലെന്നു മുഖ്യമന്ത്രി പറഞ്ഞു. യുഡിഎഫിലെ ഏറ്റവും മുതിര്‍ന്ന മന്ത്രിയായ മാണിക്ക് പിന്നില്‍ യുഡിഎഫ് ഒറ്റക്കെട്ടാണ്.  കേസെടുക്കാനുള്ള തീരുമാനം അന്വേഷണസംഘത്തിന്റേതാണ്. അതിനുള്ള സ്വാതന്ത്ര്യം അവര്‍ക്കു വിട്ടുകൊടുത്തു. രാഷ്ട്രീയമായ ഒരു ഇടപെടലും നടത്തിയിട്ടില്ല എന്നു കൂടിയാണ് അതു വ്യക്തമാക്കുന്നത്. പൂര്‍ണമായ ആ സ്വാതന്ത്ര്യത്തോടെ തന്നെ അവര്‍ അന്വേഷണം പൂര്‍ത്തിയാക്കും.

ലളിതകുമാരി കേസിന്റെ അടിസ്ഥാനത്തിലാണു കേസെടുത്തതെന്ന് ആഭ്യന്തരമന്ത്രി പറഞ്ഞിട്ടുണ്ട് എങ്കില്‍, ആ സാഹചര്യം അദ്ദേഹം വിശദീകരിച്ചതാണ്. മറ്റുള്ളവരുടെ കാര്യത്തില്‍ അത് എന്തുകൊണ്ടു ബാധകമല്ല എന്നതു വിജിലന്‍സിനോടു ചോദിക്കണം.

ആഭ്യന്തര വകുപ്പിനു വീഴ്ചപറ്റി എന്നല്ലേ മുഖ്യമന്ത്രി ഉദ്ദേശിക്കുന്നത് എന്നു ചോദിച്ചപ്പോള്‍ ‘ആ വഴിയിലേക്കു തിരിയേണ്ട, നമുക്കു നേരെ പോകാം എന്നായിരുന്നു ഉമ്മന്‍ ചാണ്ടിയുടെ മറുപടി. ഉദ്യോഗസ്ഥര്‍ക്കു തെറ്റുപറ്റി എന്ന അഭിപ്രായമില്ല. അവര്‍ ഏതു സാഹചര്യത്തിലാണ് ആ തീരുമാനമെടുത്തത് എന്നു വിലയിരുത്താതെ അങ്ങനെ പറയാന്‍ കഴിയില്ല.

പി.സി. ജോര്‍ജിനെ നീക്കണം എന്ന കേരള കോണ്‍ഗ്രസ് ആവശ്യത്തെക്കുറിച്ചു മാണിയുമായി ഫോണില്‍ സംസാരിച്ചു. ധ്യാനത്തിലായതിനാല്‍ തിങ്കളാഴ്ചയേ അദ്ദേഹം തലസ്ഥാനത്ത് എത്തൂ. വൈകാതെ തീരുമാനമുണ്ടാകണമെന്ന കേരള കോണ്‍ഗ്രസിന്റെ ആവശ്യം ഉള്‍ക്കൊള്ളുന്നു.

കേരള കോണ്‍ഗ്രസ് സെക്യുലര്‍ പുനരുജ്ജീവിപ്പിക്കുന്നതിനെക്കുറിച്ചു ചോദിച്ചാല്‍, ആ പാര്‍ട്ടി മുന്നണിക്കകത്തോ പുറത്തോ എന്നതു കൂടി ആലോചിക്കണം. അന്തിമ തീരുമാനത്തിനു മുന്‍പു ജോര്‍ജുമായും ചര്‍ച്ച ചെയ്യും. ഇതൊന്നും രാജ്യസഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫിനെ ഒരുതരത്തിലും ബാധിക്കില്ല. യുഡിഎഫിന്റെ രണ്ടു സ്ഥാനാര്‍ഥികളും വിജയിക്കും. യുഡിഎഫിന്റെ വോട്ട് കൂടാതിരിക്കാന്‍ മാത്രം പ്രതിപക്ഷം ശ്രദ്ധിച്ചാല്‍ മതി- മുഖ്യമന്ത്രി പറഞ്ഞു.