ബാര്‍കോഴക്കേസില്‍ രണ്ടു നീതിയുണ്ടാകില്ല ;അന്വേഷണത്തിൽ സർക്കാർ ഒരു തരത്തിലും ഇടപെട്ടില്ല:മുഖ്യമന്ത്രി ഉമ്മൻചാണ്ടി

single-img
2 April 2015

download (1)ബാർ കോഴക്കേസിന്റെ അന്വേഷണത്തിൽ രണ്ടു തരം നീതിയില്ലെന്ന് മുഖ്യമന്ത്രി ഉമ്മൻചാണ്ടി .കേസിന്റെ അന്വേഷണത്തിൽ സർക്കാർ ഒരു തരത്തിലും ഇടപെട്ടില്ല. മന്ത്രി കെ.ബാബുവിനെതിരെ കേസെടുക്കണോയെന്ന കാര്യം തീരുമാനിക്കേണ്ടത് അന്വേഷണ സംഘമാണ്. അവരുടെ തീരുമാനത്തിൽ സർക്കാർ ഇടപെടില്ലെന്നും അദ്ദേഹം പറഞ്ഞു.
ബിജു രമേശിന് രാഷ്ട്രീയ ലക്ഷ്യമാണെന്നും പുതിയ ആരോപണങ്ങളുന്നയിക്കുന്നത് അതു കൊണ്ടാണെന്നും അദ്ദേഹം ആരോപിച്ചു. ഇടയ്ക്കിടയ്ക്ക് ഓരോന്നു പറഞ്ഞ് അടുത്ത തിരഞ്ഞെടുപ്പ് വരെ ഇത് നീട്ടിക്കൊണ്ട് പോകാനാണ് ശ്രമം. ഈ രാഷ്ട്രീയ തന്ത്രത്തെ യു.ഡി.എഫ് ഒറ്റക്കെട്ടായി നേരിടും.

നാഥനില്ലാത്ത ആരോപണം ഏറ്റുപിടിക്കേണ്ട ഗതികേടിലാണ് പ്രതിപക്ഷം. കോൺഗ്രസ് മന്ത്രിമാർക്കെതിരെ ബിജു രമേശ് നൽകിയ സി.ഡിയിൽ സംശയിക്കത്തക്കതായി യാതൊന്നും തന്നെയില്ല. ആരോപണങ്ങൾ അടുത്ത നിയമസഭാ തിരഞ്ഞെടുപ്പ് വരെ നീട്ടാനാണ് ബിജു രമേശിന്റെ ശ്രമമെന്നും ഉമ്മൻചാണ്ടി പറഞ്ഞു.
കെ.എം മാണിക്കെതിരെ ആരോപണം ഉന്നയിച്ച ഒരാളും ഇതുവരെ ഒരു തെളിവും കൊടുത്തിട്ടില്ല. ആരോപണം ഉന്നയിച്ചെങ്കില്‍ തെളിവ് നല്‍കണം. അഞ്ച് മാസമായി അന്വേഷണം തുടങ്ങിയിട്ട്. ഇതുവരെ ഒരു തെളിവും കൊടുത്തിട്ടില്ല. അഴിമതി ആരോപണം ഉന്നയിച്ച് സര്‍ക്കാരിനെ മുള്‍മുനയില്‍ നിര്‍ത്താനാണ് ശ്രമം.

മുമ്പ് സോളാര്‍ കേസിലും ഒരു തെളിവും കൊടുക്കാന്‍ ആര്‍ക്കും സാധിച്ചില്ല. അന്വേഷണ കമ്മീഷനെ വെച്ചപ്പോള്‍ ബഹിഷ്‌ക്കരിച്ചു. ആരും തെളിവ് കൊടുക്കാന്‍ പോയില്ല. അതിന് ശേഷം ദേശീയ ഗെയിംസ് വന്നപ്പോള്‍ എന്തൊക്കെ ആരോപണങ്ങളായിരുന്നു. ഇപ്പോള്‍ ആര്‍ക്കും മിണ്ടാട്ടമില്ല. ദേശീയ ഗെയിംസ് ഏറ്റവും മാതൃകാപരമായാണ് നടത്തിയത് അദ്ദേഹം പറഞ്ഞു.

 
ചീഫ് വിപ്പ് പി.സി.ജോർജിനെ നീക്കണമെന്ന് ആവശ്യപ്പെട്ട് കേരളാ കോൺഗ്രസ് കത്ത് നൽകിയിട്ടുണ്ട്. മുന്നണി മര്യാദ അനുസരിച്ച് കത്ത് അംഗീകരിക്കുകയാണ് വേണ്ടത്. ഇക്കാര്യത്തിൽ തിങ്കളാഴ്ച തീരുമാനം ഉണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു.സര്‍ക്കാരിന്റെ മദ്യനയത്തോട് പ്രതിഷേധം പ്രകടിപ്പിച്ചവരുടെ എല്ലാ വാദഗതികളും ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തില്‍ ഇല്ലാതായെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.