മാണിയേക്കാള്‍ അയോഗ്യന്മാര്‍ യുഡിഎഫ്‌ മന്ത്രിസഭയില്‍ ഉണ്ട്; ബാബുവിനെതിരെ ക്വിക്ക് വെരിഫിക്കേഷന്‍ നടത്തി കേസെടുക്കണമെന്ന് ബാലകൃഷ്‌ണപിള്ള

single-img
2 April 2015

balaതിരുവനന്തപുരം: മാണിയേക്കാള്‍ അയോഗ്യന്മാര്‍ യുഡിഎഫ്‌ മന്ത്രിസഭയില്‍ ഉണ്ടെന്നും ആര്‍. ബാലകൃഷ്‌ണപിള്ള. താന്‍ മാണിയെ അനുകൂലിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ബിജു രമേശിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ എക്‌സൈസ് മന്ത്രി ബാബുവിനെതിരെ ക്വിക്ക് വെരിഫിക്കേഷന്‍ നടത്തി കേസെടുക്കണമെന്ന് പിള്ള ആവശ്യപ്പെട്ടു. ബാര്‍ കോഴ കേസില്‍ വിജിലന്‍സിന് മൊഴി നല്‍കിയ ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കെ.എം മാണിയുടെ പേരില്‍ കേസെടുത്ത അതേ സാഹചര്യമാണ് ബിജു രമേശിന്റെ പുതിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ ഉണ്ടായിരിക്കുന്നത്. അപ്പോള്‍ വി.എസ് അച്യുതാനന്ദന്റെ കത്തിന്റെ അടിസ്ഥാനത്തില്‍ മന്ത്രി ബാബുവിനെതിരെയും ക്വിക്ക് വെരിഫിക്കേഷന്‍ നടത്തി കേസെടുക്കണം. മാണിയെ പ്രതിയാക്കിയ അതേ മാനദണ്ഡങ്ങള്‍ ബാബുവിന് യോജിക്കില്ലെന്ന് പറയുന്നത് ശരിയല്ലന്നും ബാലകൃഷ്ണ പിള്ള ചൂണ്ടിക്കാട്ടി.

അഴിമതിക്കെതിരായ പോരാട്ടത്തില്‍ പി.സി ജോര്‍ജുമായി സഹകരിക്കാന്‍ തയ്യാറാണെന്നും പിള്ള വ്യക്‌തമാക്കി. ബാര്‍ കോഴ കേസില്‍ ഗൂഡാലോചന നടത്തിയത് ആരാണെന്ന് കെ.എം മാണി വ്യക്തമാക്കാണമെന്ന് ആവശ്യപ്പെട്ട ബാലകൃഷ്ണ പിള്ള മന്ത്രിസഭയ്ക്ക് കൂട്ടുത്തരവാദിത്വം നഷ്ടപ്പെട്ടുവെന്നും ആരോപിച്ചു. ഉപഭോക്‌തൃ കോടതിയില്‍ ജഡ്‌ജിമാരെ നിയമിച്ചതില്‍ അഴിമതി നടന്നിട്ടുണ്ടെന്നും ഈ അഴിമതിയുടെ തെളിവുകള്‍ തന്റെ പക്കലുണ്ട്. വിജിലന്‍സിന്‌ നല്‍കിയ മൊഴി പുറത്തു പറയുന്നത്‌ മാന്യതയല്ല. അതുകൊണ്ട്‌ മൊഴിയുടെ വിശദാംശങ്ങള്‍ പുറത്ത്‌ പറയുന്നില്ലെന്നും പിള്ള പറഞ്ഞു.