കുടുംബശ്രീ അംഗങ്ങള്‍ ദുബായില്‍ ഭക്ഷ്യമേള നടത്തിക്കിട്ടുന്ന കാശില്‍ മഹിളാ കോണ്‍ഗ്രസ് അദ്ധ്യക്ഷ ബിന്ദുകൃഷ്ണയും സംഘവും ദുബായിലേക്ക് പറക്കുന്നു

single-img
2 April 2015

bindhuതിരുവനന്തപുരം: കുടുംബശ്രീ പ്രവര്‍ത്തകര്‍ നടത്തുന്ന ഭക്ഷ്യമേളയുടെ ചെലവില്‍ ബിന്ദുകൃഷ്ണ ഉള്‍പ്പെടെയുള്ള അഞ്ചു കമ്മിറ്റിയംഗങ്ങളും ദുബായിലേക്ക് പറക്കാനൊരുങ്ങുന്നു.  ഭക്ഷ്യമേള നടത്തുന്ന 30 കുടുംബശ്രീ പ്രവര്‍ത്തകര്‍ക്കും മൂന്ന് ഒഫീഷ്യലുകള്‍ക്കും പുറമെയാണിത്. അബുദാബിയിലും ദുബായിലുമായാണ് ഷോപ്പിങ് ഫെസ്റ്റിവല്‍ നടക്കുന്നത്.

കുടുംബശ്രീയുടെ സംഘം മേളയ്ക്കായി ഈ മാസം 6ന് ദുബായിലേക്ക് പോകും. 14നാണ് മടക്കം.  ഫെസ്റ്റിവലില്‍ കഫേ കോഫി എന്ന പേരില്‍ ഭക്ഷ്യമേളയാണ് കുടുംബശ്രീ പ്രവര്‍ത്തകര്‍ നടത്തുക. ഇതിനായി 10 കുടുംബശ്രീ യൂണിറ്റുകളില്‍നിന്നായി 30 പേരുണ്ട്. ഇവര്‍ക്കൊപ്പം കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍, പ്രോഗ്രാം ഓഫീസര്‍, കണ്‍സള്‍ട്ടന്റ് എന്നിവരും പോകുന്നുണ്ട്.

ഈ സംഘത്തിന് പുറമെയാണ് കുടുംബശ്രീ എക്‌സിക്യൂട്ടീവ് കമ്മിറ്റിയംഗങ്ങളായ മഹിളാ കോണ്‍ഗ്രസ് അധ്യക്ഷകൂടിയായ ബിന്ദുകൃഷ്ണ, എസ്.പി.കുഞ്ഞഹമ്മദ്, എന്‍.എ ഖാലിദ്, കെ.പി ഷാഹുല്‍ ഹമീദ്, പഞ്ചായത്ത് വകുപ്പ് മന്ത്രിയുടെ അഡീഷണല്‍ പി.എസ് സി.എം യൂസഫ് എന്നിവരാണ് ദുബായിലേക്ക് പോകുന്നത്. ഇവരുടെ യാത്രാനുമതിക്കായുള്ള ഫയല്‍ സര്‍ക്കാരിന്റെ പരിഗണനയിലാണ്.

ദുബായില്‍ നടക്കുന്ന ഭക്ഷ്യമേളയില്‍നിന്നുള്ള വരുമാനമാണ് രണ്ടാമത്തെ സംഘത്തിനായുള്ള ചെലവ് വഹിക്കുന്നത്. മേളയില്‍നിന്ന് കാര്യമായ വരുമാനം ലഭിച്ചില്ലെങ്കില്‍ പിന്നെയത് സര്‍ക്കാര്‍ വഹിക്കേണ്ടിവരും. തങ്ങൾക്ക് വരുമാനം കണ്ടെത്താനായാണ് കുടുംബശ്രീ ഇത്തരം മേളകളില്‍ പങ്കെടുക്കുന്നത്. അത്തരത്തില്‍ ലഭിക്കുന്ന വരുമാനം കുടുംബശ്രീ അംഗങ്ങള്‍ക്കുള്ളതാണ്. എന്നാലിത് ഇവിടെ ദുബായിലേക്ക് പോകുന്ന സംഘത്തിനായാണ് ചെലവിടുന്നത്. ദുബായില്‍ കേരളീയ ഭക്ഷ്യവിഭവങ്ങള്‍ ഉണ്ടാക്കി വില്‍ക്കാനാണ് പരിപാടി.