സ്‌നേഹം നല്‍കി പുഞ്ചിരി പകരം വാങ്ങുന്നവര്‍

single-img
1 April 2015

Mak 1

അസ്വസ്ഥതകളും കലുഷിതവും തളം കെട്ടി നില്‍ക്കുന്ന ഈ ലോകത്ത് തങ്ങളാല്‍ കഴിയുന്നവിധം അനാഥ മുഖങ്ങളില്‍ ഒരു ചെറു പുഞ്ചിരി വിടര്‍ത്താന്‍ ശ്രമിക്കുകയാണവര്‍. ജീവിത വഴിയില്‍ വീണുടഞ്ഞതും മാനസ് ശരീരത്തോട് പിണങ്ങിക്കഴിയുന്നതുമായ ജീവിതങ്ങളെ കണ്ടെത്തി അവര്‍ക്കിടയില്‍ സ്‌നേഹത്തിന്റെ ഒരു ചെറിയ വിളക്ക് കൊളുത്തിവെച്ച്, ആ ദീപം കെടാതെ കൈകള്‍ കോര്‍ത്ത് അവര്‍ പിടിച്ചിരിക്കുന്നു. സ്‌നേഹം അന്യമായ ലോകത്തെ ഈ നവ കൂട്ടായ്മ കണ്ട് അതില്‍ നിന്നും ദീപം പകര്‍ന്ന് തെളിയിക്കാന്‍ യുവതമലമുറ മുന്നോട്ടു വന്നു തുടങ്ങിയതിലൂടെ ഈ ലോകം മനുഷ്യത്വവും മനഃസാക്ഷിയും നഷ്ടപ്പെട്ടവരുടേതല്ലെന്ന് അവര്‍ തെളിയിച്ചുകൊണ്ടിരിക്കുകയാണ്.

തിരുവനന്തപുരത്ത് തൈയ്ക്കാട് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ‘മേക്ക് എ സ്‌മൈല്‍’ എന്ന സംഘടനയാണ് സേവന രംഗത്ത് പുതിയ കര്‍മ്മചരിത്രമെഴുതുന്നത്. അരവിന്ദ്, ലിനില്‍, സിബിന്‍ ചന്ദ്, രാഹുല്‍ സ്റ്റീഫന്‍, കിരന്‍ സത്യ, കല്യാണ്‍, കിരണ്‍ ചന്ദ്, അരുണ്‍കുമാര്‍, കിരണ്‍ കുമാര്‍ എന്നീ ഒമ്പത് അംഗ സംഘം ഈ പുഞ്ചിരി വിടര്‍ത്തല്‍ ഒരു വ്രതം പോലെ ഏറ്റെടുത്തിരിക്കുന്നു. മുഖ്യധാരയില്‍ നിന്നും മാറി ഗവര്‍മെന്റ് ഗ്രാന്റോ മറ്റു സാമ്പത്തിക സഹായങ്ങളോ ലഭിക്കാത്ത അനാഥാലയങ്ങളും വൃദ്ധസദനങ്ങളുമാണ് ഇവരുടെ പ്രവര്‍ത്തന ഖേലയെന്ന് പറയുമ്പോള്‍ തന്നെ അറിയാം, ദൗത്യം കഠിനമാണെന്ന്.

സമൂഹത്തില്‍ പ്രത്യക്ഷാ സഹായങ്ങളൊന്നും ലഭിക്കാത്ത ഇത്തരത്തിലുള്ള സ്ഥാപനങ്ങള്‍ ഒത്തിരിയുണ്ട്. ഇവയെ കുറിച്ച് പൊതുജനങ്ങളെ ബോധവത്കരിക്കുകയും അങ്ങനെ ജനങ്ങള്‍ നല്‍കുന്ന സഹായങ്ങള്‍ ഇത്തരത്തിലുള്ള സ്ഥാപനങ്ങള്‍ക്ക് ലഭ്യമാക്കുകയും ചെയ്യുക എന്നുള്ളതാണ് മേക്ക് എ സ്‌മൈലിന്റെ രീതി. അരിയും പലവ്യഞ്ജനങ്ങളും മറ്റു നിത്യോപയോഗ സാധനങ്ങളുമായി ഇവര്‍ ഓരോ ആഴ്ചയും അനാഥാലയങ്ങളും വൃദ്ധസദനങ്ങളും സഞ്ചരിക്കാറുണ്ട്. അത് അവിടെ കൈമാറി അവരുടെ മുഖത്തെ പുഞ്ചിരി ദര്‍ശിച്ചിട്ട് വീണ്ടും അടുത്ത ലക്ഷ്യത്തിലേക്ക് അവര്‍ നീങ്ങുന്നു.

2014 ജൂലൈയില്‍ ആരംഭിച്ച മേക്ക് എ സ്‌മൈല്‍ ദൗത്യം ഇന്നും വിജയകരമായി നടക്കുന്നു. ഒന്നോ രണ്ടോ സ്ഥാപനങ്ങളില നിന്നും അത് ഇന്ന് വളര്‍ന്ന് പന്തലിച്ചിരിക്കുന്നു. തിരുവനന്തപുരം ജില്ലയിലെ പല അപ്രശസ്ത അനാഥ- വൃദ്ധ സ്ഥാപനങ്ങളും മേക്ക് എ സ്‌മൈലിന്റെ ഫലമായി പുഞ്ചിരിച്ചവരാണ്. ഈ ഒരു കാര്യം കൊണ്ടു തന്നെ മനുഷ്യസ്‌നേഹത്തെ തൊട്ടറിഞ്ഞ ഈ കൂട്ടായ്മ ഈ ഒരു യാത്രയില്‍ ഇതുവരെയും മടുത്തിട്ടില്ല.

Mak 3

ആഹാരം പാകം ചെയ്യാന്‍ ആവശ്യമായ സാധനങ്ങളായിരുന്നു ആദ്യകാലങ്ങളില്‍ ഇവര്‍ നല്‍കി വന്നിരുന്നതെങ്കിലും അതിന്റെ കൂട്ടത്തില്‍ മറ്റൊരുകാര്യം കൂടി ഇവരുടെ പ്രവൃത്തിമേഖലിയിലേക്ക് എത്തുകയായിരുന്നു. പല സ്ഥാപനങ്ങളിലും അന്തേവാസികള്‍ ബുദ്ധിമുട്ടുന്നത് വസ്ത്രങ്ങള്‍ക്കു വേണ്ടിയാണെന്നുള്ള സത്യം അവര്‍ തിരിച്ചറിഞ്ഞു തുടങ്ങിയത് കണ്ണു നീറുന്ന ചില കാഴ്ചകള്‍ കണ്ടതോടെയാണ്. അനാഥ മന്ദിരങ്ങളിലെ ജീവിതത്തിനിടയില്‍ ഓര്‍മ്മകളും മറ്റു ബന്ധങ്ങളും നഷ്ടപ്പെടുന്നവര്‍ കൂടുതല്‍ ബുദ്ധിമുട്ടുന്നത് വസ്ത്രങ്ങള്‍ക്ക് വേണ്ടിയാണെന്നുള്ള സത്യം മനസ്സിലാക്കിയ സ്‌മൈല്‍ പ്രവര്‍ത്തകര്‍ അങ്ങനെ ആ ഒരു ദൗത്യം കൂടി ഏറ്റെടുക്കുകയായിരുന്നു.

ഉപയോഗിച്ച് പഴകിയ വസ്ത്രങ്ങള്‍ ശേഖരിച്ച് അത് ഇത്തരം സ്ഥാപനങ്ങളില്‍ എത്തിക്കുകയെന്ന ദൗത്യം അവര്‍ പുറത്ത് അറിയിച്ചപ്പോള്‍ നല്ല പിന്തുണയാണ് പൊതു ജനങ്ങളില്‍ നിന്നും ലഭിച്ചത്. ശംഖുമുഖം ബീച്ചില്‍ ഇവര്‍ ഒരു സ്‌റ്റോള്‍ ഇട്ട് വൈകുന്നേരങ്ങളില്‍ ബീച്ചില്‍ വരുന്ന ജനങ്ങള്‍ക്ക് നോട്ടീസ് എത്തിച്ചു. നിങ്ങള്‍ ഉപയോഗിച്ചുകഴിഞ്ഞ പഴ കിയ വസ്ത്രങ്ങള്‍ വീട്ടിലുണ്ടെങ്കില്‍ ഞങ്ങളെ അറിയിച്ചാല്‍ അവിടെയെത്തി ഞങ്ങള്‍ കളക്ട് ചെയ്യുന്നതാണെന്നായിരുന്നു നോട്ടീസിലുണ്ടായിരുന്നത്. കൂടെ ബന്ധപ്പെടേണ്ട നമ്പരും അവര്‍ കൊടുത്തിരുന്നു.

ചെറിയ പിന്തുണയായിരുന്നു അവര്‍ പ്രതീക്ഷിച്ചിരുന്നെങ്കിലും കാര്യങ്ങളുടെ ഗതി അങ്ങനെയല്ലായിരുന്നു. സമൂഹത്തിലെ മനഃസാക്ഷി മരവിക്കാത്ത മനസ്സുകളുള്ള വ്യക്തികളുടെ കോളുകള്‍ അവരെ തേടിയെത്തി. അടുത്തയാഴ്ച ബീച്ചിലെത്തിയവര്‍ തങ്ങളാല്‍ കഴിയുന്ന വസ്ത്രങ്ങള്‍ കൂടെക്കൊണ്ടുവന്നു. ചിലര്‍ ഇവര്‍ക്കു നേരെ ഒരു തുക നീട്ടി. പക്ഷേ ഈ തുക മാത്രം ഇവര്‍ സ്‌നേഹത്തോടെ മടക്കി. കാരണം ഈ ഒരു സത്പ്രവര്‍ത്തിക്ക് അവര്‍ കാശ് സ്വീകരിക്കുന്നില്ല, പകരം സാധനങ്ങളായാണ് സ്വീകരിക്കുന്നത്. കാശ് എന്നു പറയുന്ന കാര്യം പിന്നീട് പല ആരോപണങ്ങള്‍ക്കും മറുപടികള്‍ക്കും കളമൊരുക്കുമെന്ന് അറിയാവുന്നതു കൊണ്ടു തന്നെയാണ് അവര്‍ അതിനെ എതിര്‍ക്കുന്നത്. ആ കാശിന് ഭക്ഷ്യസാധനങ്ങളോ, വസ്ത്രങ്ങളോ വാങ്ങി നല്‍കിയാല്‍ അവരത് സേന്താഷപൂര്‍വ്വം കൈപ്പറ്റി എത്തേണ്ടിടത്ത് എത്തിക്കും.

Mak 2

ആരോരുമില്ലാത്തവര്‍ക്കുവേണ്ടി തങ്ങളെ സഹായിക്കുന്നവരോട് അവര്‍ പറയും ”അടിയന്തിര ഘട്ടത്തില്‍ രക്തം ആവശ്യം വരുമ്പോള്‍ നിങ്ങള്‍ വിളിച്ചോളൂ, ആ നിമിഷം ഞങ്ങളവിടെ എത്തിയിരിക്കും.” പറയുകമാത്രമല്ല അവര്‍ ചെയ്യുകയും ചെയ്യും. ഏതു പാതിരാത്രിയിലും തിരുവനന്തപുത്തുകാര്‍ക്ക് ഒരു വിളിപ്പാടകലെ അവരുണ്ടാകുമെന്ന് അനുഭവസ്ഥര്‍ തന്നെ പറയുന്നു.

തിരുവവന്തപുരം ജില്ലയിലെ വട്ടപ്പാറയിലെ ശാന്തിഭവനും കാട്ടക്കാടയിലെ തണലുമൊക്കെ മേക്ക് എ സ്‌മൈലിന്റെ പ്രവര്‍ത്തനങ്ങളുടെ നന്മയറിഞ്ഞവരാണ്. കുറച്ച് കാലം മുമ്പ് വട്ടപ്പാറ ശാന്തിഭവനില്‍ ഭക്ഷ്യസാധനങ്ങളുമായി പോയ മേക്ക് എ സ്‌മൈല്‍ പ്രവര്‍ത്തകരോട് അവിടുത്തെ നടത്തിപ്പുകാരായ ദമ്പതികള്‍ കുറച്ച് പഞ്ചസാര ആവശ്യപ്പെട്ടതാണ് തങ്ങളെ ഏറ്റവും കൂടുതല്‍ വേദനിപ്പിച്ച സംഭവമെന്ന് സംഘടനാ പ്രവര്‍ത്തകന്‍ രാഹുല്‍ സ്റ്റീഫന്‍ പറയുന്നു.

ശംഖുംമുഖത്ത് കാമ്പയിന്‍ ചെയ്ത് വസ്ത്രങ്ങളും ഭക്ഷണ സാധനങ്ങളും ശേഖരിച്ചുകൊണ്ടിരുന്ന മേക്ക് എ സ്‌മൈലിന് കോര്‍പ്പറേഷന്റെ വകയായി ഒരു ഇരുട്ടടി കിട്ടിയിരിക്കുകയാണിപ്പോള്‍. ശംഖുമുഖത്ത് സ്റ്റാള്‍ സ്ഥാപിക്കാനായി ദിനംപ്രതി 1000 രൂപ നല്‍കാനാണ് കോര്‍പ്പറേഷന്‍ ഇപ്പോള്‍ പറയുന്നത്. പക്ഷേ മേക്ക് എ സ്‌മൈല്‍ പ്രവര്‍ത്തകരെ സംബന്ധിച്ച് ഈ തുക ഒത്തിരി കൂടുതലാണെന്നുള്ളതാണ് സത്യം. കാരണം ഈ തുകകൊണ്ട് അവര്‍ക്ക് ഒരു അനാഥാലയത്തിന് രണ്ടുദിവസത്തെ ഭക്ഷണമെങ്കിലും കൊടുക്കാനാകും. ിത്തരത്തിലുള്ള മനുൃഷ്യത്വപരമായ പ്രവര്‍ത്തനങ്ങള്‍ക്ക് തറവാടകയീടാക്കുന്ന കോര്‍പ്പറേഷന്റെ നടപടിക്കെതിരെ ജില്ലാ കളക്ടറെ സമീപിക്കാനിരിക്കുയാണ് പ്രവര്‍ത്തകര്‍.

Make 4

മനസ്സില്‍ ഇനിയും നന്മയുടെ ഉറവ വറ്റിയിട്ടില്ലാത്തവര്‍ക്ക് അനാഥരും ആലംബഹീനരുമായ മനുഷ്യരുടെ ഇടയില്‍ പ്രവര്‍ത്തിക്കുന്ന മേക്ക് എ സ്‌മൈല്‍ എന്ന സംഘടനുമായി കൈകോര്‍ക്കാം. ഒരു നേരത്തെ ആഹാരം അല്ലെങ്കില്‍ ഒന്നോ രണ്ടോ ജോഡി വസ്ത്രം നല്‍കി ആര്‍ക്കും ഈ നന്മയില്‍ പങ്കാളികളാകാമെന്നും രാഹുല്‍ സ്റ്റീഫന്‍ പറയുന്നു.

ക്ഷണിക്കുയാണ്, ഹൃദയം നിറഞ്ഞ പുഞ്ചിരിയോടെ ഈ തലസ്ഥാന നഗരിയില്‍ നിന്നും ഈ സംസ്ഥാനമാടെ പടരാനുള്ള തയ്യാറെടുപ്പോടെ മേക്ക് എ സ്‌മൈല്‍ പ്രവര്‍ത്തകര്‍ ഏവരേയും.

മേക്ക് എ സ്‌മൈലുമായി ബന്ധപ്പെടുവാന്‍:
9020555563, 9633123848, 9020855455

വിലാസം:
Make A Smile
TC – 16/1351 (2)
Opp. Solutions Legal and tax consultants
Thycaud
Trivandrum.