കൗമാരക്കാരനായ മകന്‍ ഓടിച്ച ബൈക്ക് മറിഞ്ഞ് പിന്നിലിരുന്ന് ആള്‍ക്ക് പരിക്കേറ്റ സംഭവത്തില്‍ വാഹനയുടമ 38 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ വിധി

single-img
1 April 2015

Kerala Bike

ഡ്രൈവിംഗ് ലൈസന്‍സ് എടുക്കാന്‍ പ്രായമാകാത്ത കൗമാരക്കാരന്‍ ഓടിച്ച ബൈക്ക് മറിഞ്ഞ് ഗുരുതരമായി പരിക്കേറ്റ പിന്നിലിരുന്നയാള്‍ക്ക് വാഹനയുടമയായ കൗമാരക്കാരന്റെ അച്ഛന്‍ 38 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് കോടതി വിധി. പാലാ മോട്ടോര്‍ ആക്‌സിഡന്റ് ക്ലെയിംസ് ട്രൈബ്യൂണലും അഡീഷണല്‍ ജില്ലാ ജഡ്ജിയുമായ കെ.എ.ബേബിയുടേതാണ് ഉത്തരവ്.

2012 ഒക്ടോബര്‍ 7 ന് കൗമാരക്കാരന്റെ പിന്നിലിരുന്ന് യാത്ര ചെയ്യുകയായിരുന്ന വൈക്കം സ്വദേശി ശിമയോനാണ് അപകടത്തില്‍പ്പെട്ട് ഗുരുതരപരിക്കേറ്റത്. ഈ അപകടത്തെ തുടര്‍ന്ന് ഇന്‍ഷുറന്‍സ് ആവശ്യപ്പെട്ട് വാഹനയുടമ കേസ് ഫയല്‍ചെയ്യുകയായിരുന്നു. എന്നാല്‍ ഇരുചക്രവാഹനം ഓടിക്കാന്‍ ലൈസന്‍സ് ഇല്ലാത്ത കുട്ടി മോട്ടോര്‍സൈക്കിള്‍ ഓടിച്ചതിനും അപകടം വരുത്തി വെച്ചതിനും നഷ്ടപരിഹാരം നല്‍കാന്‍ ബാധ്യതയില്ലെന്ന് ഓറിയന്റല്‍ ഇന്‍ഷുറന്‍സ് കമ്പനി കോടതിയെ അറിയിച്ചു.

ബൈക്ക് ഓടിച്ചയാള്‍ക്ക് ലൈസന്‍സ് ഇല്ലാത്തതിനാല്‍ ഇന്‍ഷുറന്‍സ് കമ്പനിക്ക് ബാധ്യതയില്ലെന്ന വാദം കോടതി അംഗീകരിച്ചു. ഇന്‍ഷ്വറന്‍സ് കമ്പനിയുടെ ഈ വാദം അംഗീകരിച്ച കോടതി നഷ്ടപരിഹാരവും പലിശയും കോടതിച്ചെലവും ഉള്‍പ്പെടെ 38,20,000 രൂപ പരിക്കേറ്റയാള്‍ക്ക് നല്‍കാന്‍ വാഹനയുടമയോട് നിര്‍ദ്ദേശിക്കുകയായിരുന്നു. ഇന്‍ഷുറന്‍സ് കമ്പനിക്കുവേണ്ടി അഡ്വ. ബിനോയ് ജോസ് മാത്യു പാംപ്ലാനിയാണ് ഹാജരായത്.