പശുക്കൾക്ക് നല്ല ദിനം:എല്ലാ പശുക്കളുടെയും ഫോട്ടോ പോലീസ് സ്‌റ്റേഷനില്‍ എത്തിക്കാന്‍ ഉടമസ്ഥര്‍ക്ക് പോലീസ് നിര്‍ദേശം

single-img
1 April 2015

cowselfiമുംബൈ:ഇനി മുതൽ മാലേഗാവില്‍ മാടുകളെ വളര്‍ത്തുന്നവര്‍ അവയുടെ ഫോട്ടോ പൊലീസിനു സമര്‍പ്പിക്കണം. മഹാരാഷ്ട്രയില്‍ ബീഫ് നിരോധിച്ച പശ്ചാത്തലത്തിലാണ് നഗരത്തിലെ നാല്‍ക്കാലികളുടെ ചിത്രങ്ങള്‍ പോലീസ് ശേഖരിക്കുന്നത്. 1995ലെ മഹാരാഷ്ട്ര ആനിമല്‍ പ്രിസര്‍വേഷന്‍ (ഭേദഗതി ) നിയമപ്രകാരം നിരോധിക്കപ്പെട്ട പോത്തൊഴിച്ചുള്ള മാടുകളെ പോറ്റുന്നവരാണ് മൃഗങ്ങളുടെ ഫോട്ടോ സമര്‍പ്പിക്കേണ്ടത്.

നിരോധ നിയമം ലംഘിക്കപ്പെട്ടതായി വിവരം ലഭിക്കുമ്പോഴുണ്ടാകാവുന്ന ആശയക്കുഴപ്പം പരിഹരിക്കാനും നിയമ പരിധിയില്‍ വരുന്ന മാടുകളുടെ കണക്കെടുപ്പിനുമാണ് ഇതെന്ന് മാലേഗാവ് ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് നല്‍കുന്ന വിശദീകരണം. എന്നാല്‍, മറ്റു ജില്ലകളില്‍ ഈ ഉത്തരവ് ബാധകമല്ല. സര്‍ക്കാറും ഇത്തരം നിര്‍ദേശങ്ങള്‍ പൊലീസിന് നല്‍കിയിട്ടില്ല. മാര്‍ച്ച് നാല് മുതലാണ് പോത്തൊഴിച്ചുള്ള മാടുകളെ അറുക്കുന്നതും മാംസവും മറ്റ് അവശിഷ്ടങ്ങളും കൈവശംവെക്കുന്നതും നിരോധിക്കുന്ന നിയമം മഹാരാഷ്ട്രയില്‍ നിലവില്‍വന്നത്.

നിയമം നിലവില്‍ വന്ന ശേഷം കാളക്കുട്ടികളെ അറുത്തതിന് ആദ്യമായി കേസെടുക്കുകയും അറവുകാര്‍ക്ക് കാളക്കുട്ടികളെ വിറ്റയാളുള്‍പ്പെടെ നാലുപേർ മാലേഗാവിൽ പൊലീസ് പിടിയിലായിരുന്നു. ഇതിന് പിന്നാലെയാണ് മാലേഗാവ് നിവാസികളോട് മാടുകളെ വളര്‍ത്തുന്നുണ്ടെങ്കില്‍ പ്രാദേശിക പൊലീസ് സ്റ്റേഷനുകളില്‍ അവയുടെ ഫോട്ടോ സമര്‍പ്പിക്കാന്‍ നിര്‍ദേശിച്ചത്.

നിരോധിക്കപ്പെട്ട മാടുകളെ അറുക്കുകയോ മാംസം കൈവശംവെക്കുകയോ ചെയ്താല്‍ അഞ്ചുവര്‍ഷം തടവും 10,000 രൂപ പിഴയുമാണ് ശിക്ഷ. നേരത്തേ, 80 ശതമാനം കാളകളെയും 20 ശതമാനം പോത്തുകളെയുമായിരുന്നു സംസ്ഥാനത്ത് അറുത്തിരുന്നത്. മഹാരാഷ്ട്രയില്‍ പോത്തുകളെക്കാള്‍ പ്രിയം കാളകള്‍ക്കാണ്. പോത്തുകളുടെ ലഭ്യതക്കുറവുമുണ്ട്.