പൊലീസ് സേന റിക്രൂട്‌മെന്റിലെ ശാരീരികക്ഷമതാ പരിശോധനയിൽ ദേശീയ റെക്കോര്‍ഡിനെ വെല്ലുന്ന പ്രകടനവുമായി ഉദ്യോഗാര്‍ഥി ഏവരേയും ഞെട്ടിച്ചു; സന്ദീപ് ആചാര്യ 10 കിലോമീറ്റര്‍ ദൂരം ഓടി തീര്‍ത്തത് വെറും 33 മിനിറ്റില്‍

single-img
1 April 2015

Sandheepജയ്പൂര്‍: പൊലീസ് സേനയിലേക്കുള്ള റിക്രൂട്‌മെന്റിന്റെ ഭാഗമായി നടന്ന ശാരീരികക്ഷമതാ പരിശോധനയിൽ 10 കിലോമീറ്റര്‍ ദൂരം ഉദ്യോഗാര്‍ഥി ഓടി തീര്‍ത്തത് വെറും 33 മിനിറ്റില്‍. ഉദ്യോഗാര്‍ഥിയുടെ ദേശീയ റെക്കോര്‍ഡിനൊപ്പം നില്‍ക്കുന്ന പ്രകടനനം കണ്ട് ഉദ്യോഗസ്ഥർ ഞെട്ടി. 10 കിലോമീറ്റര്‍ ദൂരം ഓടിത്തീര്‍ക്കേണ്ടത് ഒരു മണിക്കൂറിനുള്ളിലായിരുന്നു എന്നാൽ രാജസ്ഥാനില്‍ നിന്നുള്ള സന്ദീപ് ആചാര്യ ഓടി തീര്‍ത്തത് വെറും 33 മിനിറ്റില്‍. രാജസ്ഥാനിലെ ജയ്പൂരില്‍ പൊലീസ് റിക്രൂട്‌മെന്റിന്റെ ഭാഗമായി നടത്തിയ ഓട്ടത്തിലാണ് ഇരുപത്തിനാലുകാരന്റെ അത്ഭുത പ്രകടനം.

ദീർഘദൂരത്തിൽ നിരന്തര പരിശീനത്തിനു ശേഷം ഓടിയിട്ടും 10,000 മീറ്ററിലെ ഇന്ത്യന്‍ റെക്കോര്‍ഡ് 28 മിനിറ്റും രണ്ട് സെക്കന്‍ഡുമാണ്. റോഡ് വഴിയുള്ള ഓട്ടത്തിലെ ദേശീയ റെക്കോര്‍ഡ് ആകട്ടെ 29 മിനിറ്റും 43 സെക്കന്‍ഡും. അതിനിടയിലാണ് ഒരിക്കല്‍ പോലും ഓട്ടത്തില്‍ പരിശീലനം ലഭിച്ചിട്ടില്ലാത്ത സന്ദീപിന്റെ വിസ്മയിപ്പിക്കുന്ന പ്രകടനം. ഇയാളുടെ ഓട്ടം കണ്ട പരിശോധകരായ മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ 1.5 കിലോമീറ്റര്‍ കൂടി സന്ദീപിനെ ക്കൊണ്ട് ഓടിച്ചു നോക്കി. ആ ദൂരം മറികടക്കാന്‍ സന്ദീപിന് വേണ്ടി വന്നത് വെറും നാലു മിനിറ്റ് മാത്രം. സന്ദീപ് 10 കിലോമീറ്റര്‍ ദൂരം 33 മിനിറ്റിനുള്ളില്‍ പിന്നിട്ടതായി പരിശോധകരായ പൊലീസ് ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചു.

ദേശീയ റെക്കോര്‍ഡിനോട് അടുത്തു നില്‍ക്കുന്ന പ്രകടനമാണ് താൻ നടത്തിയതെന്ന് സന്ദീപ് അറിഞ്ഞിട്ടില്ല. നിലവില്‍ 10,000 മീറ്ററില്‍ ഇന്ത്യന്‍ റെക്കോര്‍ഡുകാരനായ സുരേന്ദ്ര സിങ് 2008 ജൂലൈ 12ന് സ്‌പെയിനിലെ വിഗോയിലാണ് റെക്കോര്‍ഡ് സമയത്തില്‍ ഓടിയെത്തിയത്. കൂടുതല്‍ തയാറെടുപ്പോടെ ഓടിയിരുന്നെങ്കില്‍ ഇയാള്‍ക്ക് ദേശീയ റെക്കോര്‍ഡിനേക്കാള്‍ വേഗത്തില്‍ എത്താവുന്നതേയുള്ളൂവെന്ന് പരിശോധകരായ പൊലീസ് ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടി.

എന്നാല്‍, ഇനിയും സന്ദീപിന് പൊലീസിലേക്ക് സിലക്ഷന്‍ കിട്ടുമോയെന്ന് ഉറപ്പായിട്ടില്ല. സ്‌പോര്‍ട്‌സ് ക്വോട്ടയിലാണ് ഇയാള്‍ അപേക്ഷിച്ചിരുന്നതെങ്കില്‍ ലളിതമായി തിരഞ്ഞെടുക്കപ്പെട്ടേനെയെന്നും അധികാരികൾ ചൂണ്ടിക്കാട്ടുന്നു. കൂലിപ്പണിക്കാരാണ് സന്ദീപും അദേഹത്തിന്റെ പിതാവും. വീട്ടു സാഹചര്യങ്ങള്‍ കാരണം പഠനം തുടരാനാവാതെ വന്ന സന്ദീപ് പ്രൈവറ്റായി പഠിച്ചാണ് ബിരുദം നേടിയത്.