യെമനിലെ പ്രധാന തുറമുഖങ്ങളുടെ നിയന്ത്രണം സൗദി ഏറ്റെടുത്തു

single-img
1 April 2015

map_of_yemenസനാ: യെമനിലെ പ്രധാന തുറമുഖങ്ങളുടെ നിയന്ത്രണം സൗദി സൈന്യം ഏറ്റെടുത്തു. കൂടാതെ ഹൂദികള്‍ക്കെതിരേ സൗദിയുടെ നേതൃത്വത്തില്‍ തുടരുന്ന വ്യോമാക്രമണത്തില്‍ വിമതരുടെ മിസൈല്‍, ആയുധ ശേഖരങ്ങള്‍ തകര്‍ത്തതായും പറയപ്പെടുന്നു.  രാജ്യത്തെ തുറമുഖങ്ങളില്‍ ഇപ്പോള്‍ കപ്പലുകള്‍ക്ക്‌ സുരക്ഷിതമായി എത്താം എന്നതിനാല്‍ ഇന്ത്യക്കാര്‍ ഉള്‍പ്പെടെയുള്ളവരുടെ രക്ഷാമാര്‍ഗത്തിനു വഴിതെളിഞ്ഞിട്ടുണ്ട്‌.

വിമതരുടെ പിടിയിലുള്ള തുറമുഖ നഗരമായ ഏഡന്റെ കിഴക്കന്‍ മേഖലയും ആക്രമിക്കാന്‍ ഇതാദ്യമായി യുദ്ധക്കപ്പലുകളും സഖ്യസൈന്യം ഉപയോഗിച്ചു. മിസൈല്‍ ആക്രമണം നടത്താനുള്ള വിമതനീക്കം സൈന്യം പരാജയപ്പെടുത്തി. കൂടാതെ ഏദനിലേക്ക്‌ അവര്‍ ഇരച്ചുകയറാനുള്ള ശ്രമത്തിനു തടയിടുകയാണ്‌.

അതിനിടെ, മരുന്നുകളും മറ്റ്‌ ദുരിതാശ്വാസ സാമഗ്രികളുമായി ഇറാന്‍ യെമനിലേക്കു കപ്പല്‍ അയച്ചു. ഇറാന്‍ നല്‍കിയ മരുന്നുകളും ഉപകരണങ്ങളും ഭക്ഷ്യപദാര്‍ഥങ്ങളുമാണു കപ്പലിലുളളത്‌. കപ്പല്‍ എവിടെയാണ്‌ അടുത്തതെന്നു വെളിപ്പെടുത്തിയിട്ടില്ല. യെമനിലെ വിമതരെ സഹായിക്കുന്നത്‌ ഇറാനാണെന്ന്‌ ആരോപണമുണ്ട്‌. ആയുധങ്ങളും പോരാളികളും രാജ്യത്തിന്‌ അകത്തേക്കും പുറത്തേക്കും കടക്കുന്നത്‌ തടയാന്‍ നാവിക ഉപരോധം ഏര്‍പ്പെടുത്തിയതായും സൗദി സഖ്യം അവകാശപ്പെട്ടു.