വിവാദ തീവ്രവാദ വിരുദ്ധബില്‍ ഗുജറാത്ത് സര്‍ക്കാര്‍ വീണ്ടും പാസാക്കി

single-img
1 April 2015

gujaratlocationmapദില്ലി: വിവാദ തീവ്രവാദ വിരുദ്ധബില്‍ ഗുജറാത്ത് സര്‍ക്കാര്‍ വീണ്ടും പാസാക്കി. പൗരാവകാശം ഹനിക്കുന്നുവെന്ന് കാട്ടി  മുന്‍ രാഷ്ട്രപതിമാരായ എ.പി.ജെ അബ്ദുല്‍ കലാമും പ്രതിഭാ പാട്ടീലും മടക്കി അയച്ച കണ്‍ട്രോള്‍ ഓഫ് ടെറോറിസം ആന്‍ഡ് ഓര്‍ഗനൈസ്ഡ് ക്രൈം ബില്ലാണ് ഇത്തവണ എത്തിയിരിക്കുന്നത്. പ്രതിപക്ഷ കക്ഷികള്‍ നിയമസഭ ബഹിഷ്‌കരിച്ചതിനാല്‍ മൃഗീയ ഭൂരിഭക്ഷത്തിലാണ് സഭ ബില്‍ പാസാക്കിയിരിക്കുന്നത്.  പൗരന്റെ വ്യക്തി സ്വാതന്ത്രത്തിന്മേല്‍ കടന്നുകയറാന്‍ അനുമതി നല്‍കുന്നതാണ് ബില്‍. പ്രതികളെ 30 ദിവസം കസ്റ്റഡിയില്‍ വെക്കാമെന്നും ബില്ലില്‍ വ്യവസ്ഥ ചെയ്യുന്നുണ്ട്.

പോലീസിന് സംശയമുള്ളവരുടെ ടെലഫോണ്‍ സംഭാഷണം ചോര്‍ത്താനും റെക്കോര്‍ഡ് ചെയ്യാനും അവ തെളിവായി കോടതിയില്‍ സമര്‍പ്പിക്കാനും ബില്‍ അനുമതി നല്‍കുന്നു.  വിവാദ തീവ്രവാദ വിരുദ്ധബില്ലുമായി ഗുജറാത്ത് സര്‍ക്കാര്‍ നേരത്തെ മൂന്നുതവണയാണ് ബില്‍ രാഷ്ട്രപതി മടക്കിയത്. ഇത്തവണ കേന്ദ്രത്തിലെ നരേന്ദ്ര മോദി സര്‍ക്കാരിലാണ് ഗുജറാത്ത് സര്‍ക്കാരിന്റെ പ്രതീക്ഷ. ബില്‍ നിയമമായാല്‍ മനുഷ്യാവകാശ ലംഘനങ്ങള്‍ തുടര്‍ക്കഥയാകുമെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ നേരത്തെ തന്നെ ആരോപിച്ചിരുന്നതാണ്.

തീവ്രവാദത്തിന്റെ പേരില്‍ നിയമം സര്‍ക്കാര്‍ ദുരുപയോഗം ചെയ്യുമെന്ന് പ്രവര്‍ത്തകര്‍ ആശങ്കപ്പെടുന്നു. അതേസമയം, തീവ്രവാദത്തിന്റെ പേരില്‍ അറസ്റ്റിലാകുന്നവര്‍ എളുപ്പം പുറത്തുവരില്ലെന്ന് ഉറപ്പാക്കാന്‍ നിയമത്തിലൂടെ സാധിക്കുമെന്നാണ് ഗുജറാത്ത് സര്‍ക്കാരിന്റെ വാദം.