2012 ല്‍ താന്‍ ഓടിച്ചിരുന്ന ട്രയിലറില്‍ നിന്നും കണ്ടയിനര്‍ മറിഞ്ഞ് 12 പേര്‍ മരിച്ച സംഭവത്തില്‍ മലയാളിയായ ഷാനവാസിന് ഒമാന്‍ സുല്‍ത്താന്‍ പൊതുമാപ്പ് നല്‍കി

single-img
31 March 2015

Shanavas

2012 ഡിസംബറില്‍ 12 പേരുടെ മരണത്തിനിടയാക്കിയ ബുറൈമി വാഹനാപകടത്തിലെ പ്രതി പുനലൂര്‍ ഇടമണ്‍ സ്വദേശി ഷാനവാസ് ബഷീര്‍ ഒമാന്‍ സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സയീദ് അനുവദിച്ച പൊതുമാപ്പില്‍ മോചിതനായി. പ്രതിയായി സൊഹാര്‍ ജയിലിലും പിന്നീട് മസ്‌കറ്റ് ജയിലിലും ശിക്ഷയില്‍ കഴിഞ്ഞ ശേഷമാണ് ഷാനവാസ് മോചിതനായത്.

വൃദ്ധരായ മാതാപിതാക്കളും രണ്ട് കുട്ടികളും ഭാര്യയും അടങ്ങിയ കുടുംബത്തിന്റെ ഏക ആശ്രയമായ ഷാനവാസിന്റെ ദയനീയ സ്ഥിതി സൊഹാറിലെ മലയാളി സൃഹൃത്തുക്കള്‍ ഇന്ത്യന്‍ എംബസി അധികൃതര്‍ തുടങ്ങിയവര്‍ സുല്‍ത്താനെ ധരിപ്പിച്ചതോടെയാണ് ഷാനവാസിന്റെ മോചനത്തിന് വഴി തുറന്നത്. പാര്‍ലമെന്റ്‌റ് അംഗങ്ങള്‍ ആയ ഇ. ടി. മുഹമ്മദ് ബഷീര്‍, എന്‍.കെ. പ്രേമചന്ദ്രന്‍ തുടങ്ങിയവര്‍ ജയില്‍ മോചനം സാധ്യമാക്കാന്‍ വേണ്ട ശ്രമങ്ങള്‍ മന്ത്രാലയം അധികൃതരുമായി ബന്ധപ്പെട്ടു നടത്തിയിരുന്നു.

സൗദിയിലെ ട്രാന്‍സ്‌പോര്‍ട്ട് കമ്പനിയില്‍ ഡ്രൈവറായി ജോലി നോക്കി വന്ന ഷാനവാസ് ഓടിച്ചിരുന്ന ട്രയിലറിലെ കണ്ടെയ്‌നര്‍ യുഎഇ സ്വദേശികളും ഒമാന്‍ സ്വദേശികളും സഞ്ചരിച്ചിരുന്ന വാഹനത്തിനു മേല്‍ മറിഞ്ഞായിരുന്നു അപകടം. സൗദിയിലെ കമ്പനി ഉടമ ഷാനവാസിനെ കൈവിട്ടതോടെ ഷാനവാസ് കുടുങ്ങുകയായിരുന്നു. സൊഹാറിലെ പ്രാഥമിക കോടതി ഷാനവാസിനെതിരെ വിധിച്ച ശിക്ഷ പിന്നീടു മേല്‍ക്കോടതിയും ശരിവയ്ക്കുകയായിരുന്നു.

ജയില്‍ മോചിതനായ ഷാനവാസിന് കെഎംസിസി പ്രവര്‍ത്തകര്‍ സ്വീകരണം നല്‍കി. നാട്ടിലേയ്ക്കുള്ള യാത്രയ്ക്ക് വിമാന ടിക്കറ്റും മറ്റു സഹായങ്ങളും ഫലജ് കെഎം സിസി പ്രവര്‍ത്തകര്‍ നല്‍കി.