കേരള പോലീസ് നിയമത്തിലെ അഭിപ്രായ പ്രകടനത്തിന് കൂച്ചുവിലങ്ങിട്ട 118 ഡി വകുപ്പ് ഇനിയില്ല; എസ്.എംഎസിന്റെ പേരില്‍ ജയിലിലായ മുജീബിനെ വെറുതെ വിട്ടുകൊണ്ട് ആദ്യ വിധി വന്നു

single-img
31 March 2015

kerala-police-actകേരള പോലീസ് നിയമത്തിലെ അഭിപ്രായ പ്രകടനത്തിന് കൂച്ചുവിലങ്ങിട്ട 118 ഡി വകുപ്പ് സുപ്രീംകോടതി റദ്ദാക്കിയതിനുശേഷം, ഈ നിയമപ്രകാരം എടുത്ത കേസിലെ പ്രതിയെ വെറുതെവിട്ടുകൊണ്ടുള്ള ആദ്യവിധി കല്പറ്റ സി.ജെ.എം. സി. കൃഷ്ണന്‍ പുറപ്പെടുവിച്ചു. വെങ്ങപ്പള്ളി സ്വദേശി അത്തോളി മുജീബിനെയാണ് ഈ നിയമം റദ്ദു ചെയ്തതിന്റെ പേരില്‍ ആദ്യമായി വെറുതെ വിട്ടത്.

2013 ജൂലായ് അഞ്ചിന് കേരള എന്‍.ജി.ഒ. അസോസിയേഷന്‍ സിവില്‍സ്റ്റേഷന്‍ ബ്രാഞ്ച് സമ്മേളനവുമായി ബന്ധപ്പെട്ട് അയച്ച എസ്.എം.എസ്. സന്ദേശത്തെ തുടര്‍ന്നാണ് മുജീബിനെതിരെ കേസെടുത്തത്. സരിത എസ്. നായരാ് എന്‍.ജി.ഒ. അസോസിയേഷന്‍ ബ്രാഞ്ച് സമ്മേളനം ഉദ്ഘാടനം ചെയ്യുന്നതെന്ന സന്ദേശം മറ്റുള്ളവരുടെ മൊബൈലിലേക്ക് അയച്ചെന്ന പരാതിയില്‍ 118ഡി പ്രകാരം കല്പറ്റ പോലീസ് 2013 ജൂലായ് 26ന് കേസ് രജിസ്റ്റര്‍ ചെയ്തു.

സോളാര്‍ കേസിലെ പ്രതി സരിത എസ്. നായര്‍ റിമാന്‍ഡില്‍ കഴിയുന്ന സമയത്തുള്ള ഈ സന്ദേശം അപകീര്‍ത്തികരമാണെന്നു കാണിച്ച് എന്‍.ജി.ഒ. അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് ഉമാശങ്കര്‍ ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്കിയതിന്റെ പേരിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.

ഐ.ടി.നിയമത്തിലെ വ്യവസ്ഥകള്‍ക്ക് സമാനമായി, സംസാരത്തിലൂടെയും സന്ദേശത്തിലൂടെയും ശല്യപ്പെടുത്തുന്നത് തടയാന്‍ അറസ്റ്റുള്‍പ്പെടെയുള്ള നടപടികള്‍ക്ക് അധികാരം നല്‍കുന്ന 118ഡി വകുപ്പ് പ്രകാരം മൂന്നുവര്‍ഷം വരെ തടവും 10,000 രൂപ വരെ പിഴയും ഈടാക്കാം.