മുഖ്യമന്ത്രിയും സരിതയുമായുള്ള കൂടിക്കാഴ്ചയ്ക്ക് കൂടുതല്‍ തെളിവുകള്‍; സോളാര്‍ കമ്മീഷന് മുന്നില്‍ തെളിവുകളുമായി നികേഷ് കുമാര്‍ എത്തി

single-img
31 March 2015

samsari
സംസ്ഥാനത്ത് വിവാദമായ സോളാര്‍ തട്ടിപ്പ് അന്വേഷിക്കുന്ന സോളാര്‍ കമ്മീഷന് മുന്നില്‍ പ്രതി സരിത എസ്. നായരുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തിയതിന് കൂടുതല്‍ തെളിവുകളമായി റിപ്പോര്‍ട്ടര്‍ ടി.വി. മാനേജിങ് ഡയറക്ടര്‍ എം.വി. നികേഷ്‌കുമാര്‍ എത്തി. മുഖ്യമന്ത്രിയുടെ സഹായി തോമസ് കുരുവിള റിപ്പോര്‍ട്ടര്‍ ടി. വി.യുടെ ഡല്‍ഹി പ്രതിനിധിയായ രാധാകൃഷ്ണനുമായി നടത്തിയ ടെലിഫോണ്‍ സംഭാഷണമാണ് നികേഷ് കൈമാറിയത്.

മുഖ്യമന്ത്രി 2012 ഡിസംബര്‍ 27 ന് ഡല്‍ഹിയില്‍ നടന്ന ദേശീയ ആസൂത്രണ സമിതിയുടെ യോഗത്തില്‍ പങ്കെടുക്കാനെത്തിയ സമയത്ത് സരിതയുമായി വിജ്ഞാന്‍ഭവനില്‍ കൂടിക്കാഴ്ച നടത്തിയെന്ന് തോമസ് കുരുവിള പറഞ്ഞിരുന്നു. പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ 27 ന് നടന്ന ആസൂത്രണ സമിതിയുടെ യോഗത്തില്‍ പങ്കെടുക്കാനായി മാധ്യമ പ്രവര്‍ത്തകര്‍ക്ക് നല്‍കിയ ക്ഷണക്കത്തും കമ്മീഷന് കൈമാറിയിട്ടുണ്ട്.

കേസിലെ പരാതിക്കാരനായ പത്തനംതിട്ട സ്വദേശി ശ്രീധരന്‍ നായര്‍ മുഖ്യമന്ത്രിയെയും മുഖ്യമന്ത്രിയുടെ ഓഫീസിനെയും വിശ്വാസത്തിലെടുത്താണ് പണം കൈമാറിയതെന്ന് റിപ്പോര്‍ട്ടര്‍ ചാനലിനു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞതിന്റെ കോപ്പി കമ്മീഷന് നല്‍കിയിട്ടുണ്ട്.