കേന്ദ്രസര്‍ക്കാരിന്റെയും കേരള സര്‍ക്കാരിന്റെയും ബജറ്റ് നിര്‍ദ്ദേശങ്ങള്‍ നാളെ ഒരുമിച്ച് പ്രാബല്യത്തിലാകുമ്പോള്‍ കേരളത്തെ കാത്തിരിക്കുന്നത് നടുവൊടിക്കുന്ന വിലക്കയറ്റം

single-img
31 March 2015

Price

കേന്ദ്രസര്‍ക്കാരിന്റെയും കേരള സര്‍ക്കാരിന്റെയും ബജറ്റ് നിര്‍ദ്ദേശങ്ങള്‍ നാളെ ഒരുമിച്ച് പ്രാബല്യത്തിലാകുമ്പോള്‍ കേരളത്തെ കാത്തിരിക്കുന്നത് നടുവൊടിക്കുന്ന വിലക്കയറ്റം.
കേന്ദ്രസര്‍ക്കാരിന്റെ ബജറ്റിന്റെ ഭാഗമായുള്ള റെയില്‍വേ ചരക്കുകൂലി നാളെ മുതല്‍ വര്‍ധിക്കുന്നതോടെ നിത്യോപയോഗ സാധനങ്ങള്‍ക്കുള്‍പ്പെടെ വില ക്രമാതീതമായി കുതിച്ചുയരുമെന്നാണ് കരുതപ്പെടുന്നത്.

പക്ഷേ വിലക്കയറ്റം മറ്റു സംസ്ഥാനങ്ങളെക്കാള്‍ കൂടുതല്‍ ബാധിക്കുന്നത് കേരളത്തിനെയാകും. കാരണം സംസ്ഥാന സര്‍ക്കാരിന്റെ ബജറ്റിന്റെ ഭാഗമായി പെട്രോള്‍, ഡീസല്‍ സെസ് കൂടി ഏര്‍പ്പെടുത്തുന്നതോടെ സാധനങ്ങളുടെ വില ഉയരുമെന്ന് ഉറപ്പാണ്. എന്നാല്‍ മാര്‍ച്ച് അവസാന വാരം തന്നെ സാധനങ്ങളുടെ വില ഉയര്‍ന്നുകഴിഞ്ഞുവെന്നാണ് വിപണിയിലെ സംസാരം.

ഇറക്കുമതി സംസ്ഥാനമായ കേരളത്തിന് കനത്ത അടിയായി, ഇറക്കുമതി ചെയ്യുന്ന പ്രധാന ഭക്ഷ്യവസ്തുക്കളായ പയറുവര്‍ഗങ്ങളും ധാന്യങ്ങളുമുള്‍പ്പെടെയുള്ളവയുടെ ചരക്കുകൂലി 10% വരെയാണു റയില്‍വേ ബജറ്റില്‍ വര്‍ധിപ്പിച്ചത്. മണ്ണെണ്ണ, എല്‍പിജി എന്നിവയുടെ കടത്തുകൂലിയും കൂട്ടിയതോടെ വീട്ടുചെലവുകള്‍ കൈയില്‍ നില്‍ക്കാതെയാകും. മാത്രമല്ല ഭവന, റോഡ് നിര്‍മാണ പദ്ധതികള്‍ക്കായി പെട്രോളിനും ഡീസലിനും ഒരു രൂപ തീരുവ ഏര്‍പ്പെടുത്താനുള്ള സംസ്ഥാന ബജറ്റ് നിര്‍ദ്ദേശവും നാളെ മുതല്‍ പ്രാബല്യത്തിലാകുകയാണ്.

സിമന്റിന്റെ വില വര്‍ധിപ്പിക്കാന്‍ കേന്ദ്ര ബജറ്റിലും നിര്‍ദേശമുണ്ടെന്നും അതിനാല്‍ തന്നെ രണ്ടുംകൂടിയാകുമ്പോള്‍ സിമന്റ് വില പായ്ക്കറ്റിന് അഞ്ഞൂറിനടുത്തെത്തുമെന്നും വ്യാപാരികള്‍ പറയുന്നു. ഇരുചക്രവാഹന നികുതിയും നാളെമുതല്‍ കൂടും.