ബംഗ്ലാദേശിലെ മതേതരവാദിയായ എഴുത്തുകാരന്‍ വാഷിഖുര്‍ റഹ്മാനെ മതമൗലികവാദികള്‍ വെട്ടിക്കൊന്നു

single-img
31 March 2015

Bangladesh US Writer Killed-2

സോഷ്യല്‍ മീഡിയയിലൂടെയും മറ്റു മാധ്യമങ്ങളിലൂടെയും സ്വതന്ത്ര ആശയപ്രചരണം നടത്തുന്ന ബംഗ്ലാദേശി എഴുത്തുകാരനും ബ്ലോഗറുമായ വാഷിഖുര്‍ റഹ്മാനെ മതമൗലികവാദികള്‍ വെട്ടിക്കൊന്നു. ധാക്കയിലെ ബെഗുന്‍പുരി മേഖലയില്‍ തിങ്കളാഴ്ച രാവിലെ വീടിനുപുറത്തുനില്‍ക്കുമ്പോഴാണ് അക്രമികള്‍ അദ്ദേഹത്തെ ആക്രമിച്ചത്. അദ്ദേഹത്തിന് 27 വയസ്സായിരുന്നു.

അക്രമികളെന്നുസംശയിക്കുന്ന ഇരുപതുവയസ്സുള്ള രണ്ട് മദ്രസവിദ്യാര്‍ഥികളെ പോലീസ് അറസ്റ്റു ചെയ്തിട്ടുണ്ട്. മറ്റൊരാള്‍ പോലീസിനെ വെട്ടിച്ച് ഓടി രക്ഷപ്പെട്ടു. അക്രമികള്‍ വാഷിഖിന്റെ തലയിലും കഴുത്തിലും കത്തികൊണ്ടു വെട്ടുകയായിരുന്നുവെന്ന് സുഹൃത്ത് ആസിഫ് മൊഹിയുദ്ദീന്‍ പറഞ്ഞു. 2013 ജനവരിയില്‍ ബ്ലോഗെഴുത്തുകാരനായ മൊഹിയുദ്ദീനും മതമൗലികവാദികളുടെ കുത്തേറ്റിരുന്നു.

ബംഗ്ലാദേശില്‍ ഒരുമാസത്തിനിടെ കൊല്ലപ്പെടുന്ന രണ്ടാമത്തെ ബ്ലോഗ് എഴുത്തുകാരനാണ് വാഷിഖുര്‍ റഷ്മാന്‍. കഴിഞ്ഞമാസം യു.എസ്. പൗരനായ ബ്ലോഗ് എഴുത്തുകാരന്‍ അവിജിത് റോയിയും സമാനമായരീതിയില്‍ കൊല്ലപ്പെട്ടിരുന്നു.

മതമൗലികവാദത്തിനെതിരെ ബ്ലോഗുകളിലൂടെയും ഫെയ്‌സ് ബുക്കിലൂടെയും അഭിപ്രായ പ്രകടനം നടത്തിയാണ് യുക്തിവാദിയായ വാഷിഖ് റഹ്മാന്‍ മതമൗലികവാദികളുടെ കണ്ണിലെ കരടായത്. വാഷിഖിന്റെ കൊലപാതകത്തിനെതിരെ ബംഗ്ലാദേശില്‍ പ്രതിഷേധം അലയടിക്കുകയാണ്.