ലോകത്തിലെ ആദ്യത്തെ ‘കഞ്ചാവ്‌ മതം’ രൂപീകരിച്ചു

single-img
31 March 2015

cannabiഇന്ത്യാന:  ലോകത്തിലെ ആദ്യത്തെ ‘കഞ്ചാവ്‌ മതം’ രൂപീകരിച്ചു. അമേരിക്കയിലെ ഇന്ത്യാന സ്‌റ്റേറ്റിലാണ്‌ ലോകത്തിലെ പ്രസ്തുത മതത്തിന്റെ ജനനം. ബില്‍ ലെവിന്‍ എന്നയാളാണ്‌ കഞ്ചാവ്‌ മതത്തിന്റെ സ്‌ഥാപകന്‍. ഇന്ത്യാനയിലെ പ്രാദേശിക ഭരണകൂടം മതസ്വാതന്ത്ര്യം ഉറപ്പുനല്‍കുന്നതിനുള്ള നിയമം പാസാക്കിയിരുന്നു. ഈ നിയമം ഉപയോഗിച്ചാണ്‌ ഇദ്ദേഹം കഞ്ചാവ്‌ മതം സ്‌ഥാപിച്ചത്‌.

തന്റെ ഫെയ്‌സ്ബുക്ക്‌ പേജിലൂടെയാണ്‌ മതം സ്‌ഥാപിച്ച വിവരം ബില്‍ പ്രഖ്യാപിച്ചത്‌. വെറുതെയങ്ങ്‌ മതം സ്‌ഥാപിക്കുകയല്ല, തന്റെ മതത്തില്‍ വിശ്വസിക്കുന്നവര്‍ക്കായി ബില്‍ പന്ത്രണ്ട്‌ കല്‍പ്പനകളും പുറത്തിറക്കിയിട്ടുണ്ട്‌. സ്‌നേഹമാണ്‌ തന്റെ മതത്തിന്റ അടിസ്‌ഥാന തത്വമെന്നാണ്‌ ബില്‍ പറയുന്നത്‌.

എല്ലാവരെയും ഒരോപോലെ കാണുകയും സ്‌നേഹിക്കുകയും ചെയ്യണം. നിങ്ങള്‍ക്ക്‌ സാധിക്കുമ്പോളെല്ലാം മറ്റുള്ളവരെ സഹായിക്കുക എന്നാല്‍ അത്‌ പണത്തിന്‌ വേണ്ടിയാകരുത്. ശരീരത്തെ ക്ഷേത്രം പോലെ കണക്കാക്കണം. മോശം ഭക്ഷണം കഴിച്ച്‌ ശരീരത്തെ വിഷമയമാക്കരുത്. കലഹിക്കരുത്‌, കലഹം തീര്‍ക്കാന്‍ ശ്രമിക്കണം, മൃഗങ്ങളെ പരിപാലിക്കണം, സസ്യങ്ങള്‍ വച്ചുപിടിപ്പിക്കണം, പ്രകൃതിയുമാണ്‌ ഇണങ്ങി ജീവിക്കണം എന്നിങ്ങനെ പന്ത്രണ്ട്‌ കല്‍പ്പനകള്‍ വിശ്വാസികളെ ഓര്‍മ്മിപ്പിക്കുന്നു.

പന്ത്രാണ്ടാമത്തെയും അവസാനത്തെയുമായ കല്‍പ്പനയാണ്‌ ഏറ്റവും രസകരം. കഞ്ചാവ്‌ സൗഖ്യം നല്‍കുന്ന ചെടിയാണ്‌, കഞ്ചാവ്‌ നമ്മുടെ വിശുദ്ധ കുര്‍ബാനയാണ്‌, കഞ്ചാവ്‌ മനുഷ്യരെ പരസ്‌പരം അടുപ്പിക്കുന്നു, നമ്മുടെ ആരോഗ്യത്തിന്റെ രഹസ്യം കഞ്ചാവാണ്‌, അസുഖങ്ങളില്‍ നിന്നും മാനസിക സമ്മര്‍ദ്ദത്തില്‍ നിന്നും കഞ്ചാവ്‌ സൗഖ്യം നല്‍കുന്നു തുടങ്ങിയവയാണ്‌ പന്ത്രണ്ടാം കല്‍പ്പനയില്‍ പറയുന്നത്‌.

മത വിശ്വാസത്തിന്റെ പേരില്‍ സ്വവര്‍ഗാനുരാഗികള്‍ക്ക്‌ വിവിധ സേവനങ്ങള്‍ നിഷേധിക്കുന്നത്‌ തടയുന്നതിനാണ്‌ ഇന്ത്യാന ഗവര്‍ണര്‍ മൈക്ക്‌ പെന്‍സ്‌ മതസ്വാതന്ത്ര്യം ഉറപ്പുനല്‍കുന്നതിനുള്ള നിയമം പാസാക്കിയത്‌. എന്നാല്‍ അത്‌ ഈവിധം ദുരുപയോഗിക്കപ്പെടുമെന്ന്‌ അദ്ദേഹം വിചാരിച്ചിരിക്കില്ല.