ഇനി ഭര്‍ത്താവിനെതിരെ കള്ളക്കേസ് കൊടുക്കുന്നവര്‍ അഴിയെണ്ണും

single-img
31 March 2015

jail cellഭര്‍ത്താവിനെതിരെ കള്ളക്കേസ് കൊടുക്കുന്നവര്‍ ഇനി അഴിയെണ്ണും. രാജ്യത്ത് രജിസ്റ്റര്‍ ചെയ്തിട്ടുള്ള സ്ത്രീധന പീഡനകേസുകളിൽ ഭൂരിഭാഗവും വ്യാജമെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് വ്യാജപ്പരാതി നല്‍കി നിയമം ദുര്‍വിനിയോഗം ചെയ്യുന്നവരെ കുടുക്കാൻ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചത്. പിടിക്കപ്പെട്ടാല്‍ ജയില്‍ ശിക്ഷ ഉറപ്പ്.

സ്ത്രീധനം വാങ്ങുന്നതും കൊടുക്കുന്നതും ഐ.പി.സി 496(എ)അനുസരിച്ച് കുറ്റകരമാണ്. ഈ നിയമമാണ് ഭേദഗതി ചെയ്യാന്‍ കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നത്. ഭേദഗതി ചെയ്ത കരട് രൂപം ആഭ്യന്തര മന്ത്രാലയം കേന്ദ്ര സര്‍ക്കാരിന് നല്‍കിയിട്ടുണ്ട്. പുതിയ നിയമപ്രകാരം സ്ത്രീ നല്കിയ പരാതി കള്ളമാണെന്ന് തെളിഞ്ഞാല്‍ കേസ് നല്കിയ സ്ത്രീയ്ക്ക് എതിരെ നടപടി എടുക്കാനും കരട് രൂപം ശുപാര്‍ശ ചെയ്യുന്നു. കള്ളപ്പരാതിക്കാരിയില്‍ നിന്നും 15,000 രൂപ പിഴ ഈടാക്കാനും നിയമം വ്യവസ്ഥ ചെയ്യുന്നു. മാത്രമല്ല, കേസിന്റെ ഗൗരവമനുസരിച്ച് തടവുശിക്ഷ നല്കാനും വ്യവസ്ഥയുണ്ട്.

സ്ത്രീധന കേസുമായി ബന്ധപ്പെട്ട് രാജ്യത്ത് ഇതിനോടകം തന്നെ ഒരു ലക്ഷത്തിലധികം കേസുകളാണ് രജിസ്റ്റര്‍ ചെയ്യപ്പെട്ടത്. ഇതില്‍ പകുതിയോളം കേസുകളും വ്യാജമെന്ന് കണ്ടെത്തിയിരുന്നു. കൂടാതെ സ്ത്രീധന പീഡനക്കേസില്‍ മിക്കപ്പോഴും ഭര്‍ത്താവിന്റെ പ്രായമുള്ള അച്ഛനെയും അമ്മയെയും ചിലപ്പോള്‍ സഹോദരിമാരെയും പ്രതിപ്പട്ടികയില്‍ പെടുത്തുകയും ചെയ്യും. സ്ത്രീപീഡന കേസ് ആയതിനാല്‍ സ്ത്രീയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസ് എടുക്കുന്നത്. ഭര്‍ത്താവിന്റെ കുടുംബം സ്ത്രീയെ പീഡിപ്പിച്ചിട്ടില്ലെന്ന് ബോധ്യമാണെങ്കിലും അവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യാതിരിക്കാന്‍ പോലീസിനും കഴിയില്ല.

സ്ത്രീപീഡനക്കേസ് ജാമ്യമില്ലാത്ത കുറ്റമാണ്.  ഭര്‍ത്താവിനെയും പ്രായമായ ഭര്‍തൃ മാതാപിതാക്കളെയും കോടതി റിമാന്‍ഡ് ചെയ്ത് ജയിലിലടയ്ക്കും. ഇങ്ങനെ നിരപരാധികളായ ഒട്ടേറെ പേര്‍ ഇതിനോടകം തന്നെ  ജയിലിലായിട്ടുമുണ്ട്. ഏറ്റവും അവസാനമാണ് ഭര്‍ത്താവ് കുറ്റക്കാരനല്ലായെന്ന് കോടതിക്ക് ബോധ്യമാകുന്നത്.

ഇത്തരം കേസുകള്‍ പഠിച്ചതിനെതുടര്‍ന്ന് കഴിഞ്ഞവര്‍ഷം സുപ്രീം കോടതി പുതിയൊരു ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഇതനുസരിച്ച് ഭര്‍ത്താവിനെതിരെ ഭാര്യ പീഡനത്തിന് കേസ് നല്കിയാല്‍ കേസ് രജിസ്റ്റര്‍ ചെയ്യാം. എന്നാല്‍ അറസ്റ്റ് ചെയ്യാന്‍ പാടില്ല.  ശരിയായരീതിയിലുള്ള അന്വേഷണം നടത്തി കുറ്റക്കാരനാണെന്ന് കണ്ടെത്തിയാല്‍ മാത്രമേ അറസ്റ്റ് ചെയ്യാവുവെന്നാണ് സുപ്രീം കോടതിയുടെ  ഉത്തരവ്. കൂടാതെ ജില്ലാ പോലീസ് മേധാവിയ്ക്ക് അന്വേഷണ റിപോര്‍ട്ട് നല്കിയശേഷം അദ്ദേഹത്തിന്റെ അറിവോടെ മാത്രമേ ഭര്‍ത്താവിനെയും ബന്ധുക്കളെയും അറസ്റ്റ് ചെയ്യാവുവെന്നും ഉത്തരവായിട്ടുണ്ട്.