കോര്‍പ്പറേറ്റുകളില്‍ നിന്ന് തെരഞ്ഞെടുപ്പ് ചെലവിലേക്ക് സംഭാവന വാങ്ങില്ലെന്ന് രാഷ്ട്രീയ പാര്‍ട്ടികള്‍

single-img
31 March 2015

partyദില്ലി:  കോര്‍പ്പറേറ്റുകളില്‍ നിന്ന് തെരഞ്ഞെടുപ്പ് ചെലവിലേക്ക് സംഭാവന വാങ്ങില്ലെന്ന് രാഷ്ട്രീയ പാര്‍ട്ടികള്‍ തെരഞ്ഞെടുപ്പ് കമ്മീഷനെ അറിയിച്ചു. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്‍ രാഷ്ട്രീയപാര്‍ട്ടികളുടെ സാമ്പത്തിക വിനിമയം നിയന്ത്രിക്കുന്നത് സംബന്ധിച്ച്  ദില്ലിയില്‍ വിളിച്ചു ചേര്‍ത്ത യോഗത്തിലാണ് ഈ ഉറപ്പ്. തെരഞ്ഞെടുപ്പ് കേസുകള്‍ പരിഗണിക്കാന്‍ അതിവേഗ കോടതികള്‍ ഉള്‍പ്പെടെയുളള 8 കാര്യങ്ങളില്‍ യോഗം സമവായത്തിലെത്തി.

വ്യക്തികളില്‍ നിന്നോ സംഘടനകളില്‍ നിന്നോ വലിയ തുക സംഭാവനയായി വാങ്ങരുത്, സ്ഥാനാര്‍ത്ഥികളുടെ മാത്രമല്ല രാഷ്ട്രീയ പാര്‍ട്ടികളുടെയും തെരഞ്ഞെടുപ്പ് ചെലവ് സുതാര്യമാക്കുക ഉള്‍പ്പെടെയുളള  കാര്യങ്ങളിലാണ് യോഗം സമവായത്തിലെത്തിയത്.
രാജ്യത്തെ തെരഞ്ഞെടുപ്പ് ചട്ടങ്ങളില്‍ മാറ്റം വരുത്തുന്നതിനായി നിയമ കമ്മിഷന്‍ സമര്‍പ്പിച്ച നിര്‍ദേശങ്ങളാണ് കേന്ദ്രതെരഞ്ഞെടുപ്പ് കമ്മിഷന്‍ വിളിച്ചു ചേര്‍ത്ത രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗം ചര്‍ച്ച ചെയ്തത്.

നിയമ കമ്മിഷന്‍ മുന്നോട്ടുവെച്ച ശുപാര്‍ശകളിലുളള രാഷ്ട്രീയ പാര്‍ട്ടികളുടെ നിര്‍ദേശങ്ങള്‍ തെരഞ്ഞെടുപ്പു കമ്മിഷന്‍ നിയമ മന്ത്രാലത്തിന് അയക്കും. സമവായത്തിലെത്താത്ത കാര്യങ്ങളില്‍ തുടര്‍ ചര്‍ച്ചകളുണ്ടാകും. ഇതിന്റെ അടിസ്ഥാനത്തില്‍ ജനപ്രാതിനിധ്യ നിയമത്തിലെ 123ാം വകുപ്പില്‍ കാതലായ മാറ്റം വരുത്തും.