പ്രശാന്ത് ഭൂഷണും യോഗേന്ദ്ര യാദവും ചേർന്ന് പുതിയ പാര്‍ട്ടി രൂപീകരിച്ചേക്കും

single-img
31 March 2015

yadav_bhushanന്യൂഡല്‍ഹി: എ.എ.പിയിൽ നിന്നും പുറത്താക്കപ്പെട്ട പ്രശാന്ത് ഭൂഷണും യോഗേന്ദ്ര യാദവും പുതിയ പാര്‍ട്ടി രൂപീകരിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. എ.എ.പിയില്‍ നിന്ന് പുറത്തുപോയെങ്കിലും രാഷ്ട്രീയത്തില്‍ തുടരാനാണ് താല്‍പര്യമെന്ന് യോഗേന്ദ്ര യാദവ് വ്യക്തമാക്കിയിരുന്നു. അംബേദ്കര്‍ ജന്മദിനമായ ഏപ്രില്‍ 14ന് പുതിയ രാഷ്ട്രീയ പാര്‍ട്ടി സംബന്ധിച്ച് തീരുമാനമെടുത്തേക്കും.

തങ്ങളെ പിന്തുണക്കുന്നവരുടെ വിപുലമായ കണ്‍വെന്‍ഷന്‍ വിളിച്ചിട്ടുണ്ട്. പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ച മേധാ പട്കര്‍, എ.എ.പിയുടെ മുന്‍ ലോക്പാല്‍ അംഗം അഡ്മിറല്‍ എല്‍ രാംദാസ് എന്നിവരെ കണ്‍വന്‍ഷനിലേക്ക് ക്ഷണിച്ചിട്ടുണ്ട്. അതേസമയം എ.എ.പി എന്ന പേരില്‍ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കാനാണ് താല്‍പര്യമെങ്കിലും നിയമപരമായി നിരവധി പ്രശ്‌നങ്ങള്‍ അഭിമുഖീകരിക്കേണ്ടി വരും.

തെരഞ്ഞെടുപ്പ് കമ്മീഷനെയോ കോടതിയേയൊ സമീപിക്കുക, അല്ലെങ്കില്‍ കെജരിവാളിന്റെ ഏകാധിപത്യ നിലപാടുകളോട് പ്രതികരിക്കുക എന്നിങ്ങനെ രണ്ട് ഓപ്ഷനുകളാണ് തങ്ങള്‍ക്കു മുന്നിലുള്ളതെന്ന് പ്രശാന്ത് ഭൂഷണ്‍ പറയുന്നു. എന്ത് ലക്ഷ്യത്തിനാണോ പാര്‍ട്ടി രൂപീകരിച്ചത്, അത് ജനാധിപത്യപരമായി നിറവേറ്റി മറ്റൊരു പാര്‍ട്ടിക്ക് രൂപം നല്‍കുക എന്നതാണ് ഏറെക്കുറെ അഭികാമ്യം എന്ന് ഭൂഷണ്‍ പറയുന്നു. ജനങ്ങളുമായി സംസാരിച്ച ശേഷമെ ഇങ്ങനെയൊരു തീരുമാനമെടുക്കുകയെന്നും ഭൂഷണ്‍ വ്യക്തമാക്കി.