യെമനില്‍ കുടുങ്ങിയ ഇന്ത്യക്കാരെ വ്യോമ-നാവികസേനയുടെ സഹായത്തോടെ നാട്ടിലെത്തിക്കും

single-img
31 March 2015

yemenന്യൂഡല്‍ഹി: യെമനില്‍ കുടുങ്ങിയ ഇന്ത്യക്കാരെ വ്യോമ-നാവികസേനയുടെ സഹായത്തോടെ നാട്ടിലെത്തിക്കുന്നതിനുള്ള നടപടികള്‍ ചൊവ്വാഴ്ച മുതല്‍ ആരംഭിക്കും. ഇതിന് മേല്‍നോട്ടം വഹിക്കാനായി വിദേശസഹമന്ത്രി ജനറല്‍ വി.കെ. സിങ് ചൊവ്വാഴ്ച യെമന്റെ അയല്‍രാജ്യമായ ജിബൂട്ടിലേക്ക് തിരിക്കും.

400 ഇന്ത്യക്കാരെ യെമനിലെ ഏദന്‍ തുറമുഖത്തുനിന്ന് കപ്പല്‍മാര്‍ഗം ചൊവ്വാഴ്ച ജിബൂട്ടിയിലെത്തിക്കും. അവിടെ നിന്ന് ഇവരെ കൊണ്ടു വരുന്നതിന് വ്യോമസേനയുടെ വിമാനങ്ങള്‍ ജിബൂട്ടിയിലേക്ക് പുറപ്പെട്ടതായി വിദേശകാര്യവക്താവ് സയ്യിദ് അക്ബറുദ്ദീന്‍ അറിയിച്ചു. ഏദനില്‍നിന്ന് വാടകയ്‌ക്കെടുത്ത കപ്പലിലാണ് ഇവരെ ജിബൂട്ടിയിലെത്തിക്കുന്നത്.

സംഘര്‍ഷ മേഖലയിലുള്ള ഐ.എന്‍. എസ്. സുമിത്രയ്ക്ക് പുറമേ, നാവികസേനയുടെ രണ്ട് കപ്പലുകള്‍ കൂടി ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നതിന് ഉപയോഗിക്കും. ഐ.എന്‍.എസ് മുംബൈ, ഐ.എന്‍.എസ് തര്‍ക്കഷ് എന്നിവ ഇതിനായി വിട്ടുനല്‍കാന്‍ നാവികസേനയോട് ആവശ്യപ്പെട്ടു.

ഒമാന്‍ തലസ്ഥാനമായ മസ്‌കറ്റില്‍ നിലയുറപ്പിച്ച രണ്ട് എയര്‍ ഇന്ത്യാ വിമാനങ്ങള്‍ സൗദിയുടെ അനുമതി ലഭിക്കുന്ന മുറയ്ക്ക് ഇന്ത്യക്കാരെ കൊണ്ടുവരുന്നതിന് യെമന്‍ തലസ്ഥാനമായ സനായിലേക്ക് പോകും.  സംഘര്‍ഷമേഖലയില്‍ സിവിലിയന്‍ വിമാനങ്ങള്‍ക്ക് ഇതുവരെ അനുമതി നല്‍കിത്തുടങ്ങിയിട്ടില്ല. സൗദി അധികൃതരുമായി ഇന്ത്യ ബന്ധപ്പെട്ടു വരികയാണ്. അനുമതി ലഭിക്കുന്ന മുറയ്ക്ക് സനായില്‍ നിന്ന് നേരിട്ട് ഇന്ത്യക്കാരെ കൊണ്ടുവരുന്ന നടപടികള്‍ തുടങ്ങും.

ജിബൂട്ടിയിലെത്തുന്നവരെ കൊണ്ടുവരുന്നതിനുള്ള വ്യോമസേനാ വിമാനങ്ങള്‍ അവിടെ എവിടെയെത്തുമെന്ന് അറിയിച്ചിട്ടില്ല.  700-ഉം 400-ഉം പേരെ കൊണ്ടുവരാന്‍ കഴിയുന്ന കപ്പലുകള്‍ അവിടെയെത്താന്‍ അഞ്ചു ദിവസമെടുക്കും.

സനായിലെ ഇന്ത്യന്‍ എംബസി അടയ്ക്കാന്‍ തീരുമാനിച്ചിട്ടില്ല. ഇന്ത്യക്കാര്‍ക്ക് എന്തെങ്കിലും അത്യാഹിതമുണ്ടായതായി ഇതുവരെ റിപ്പോര്‍ട്ടുകളില്ല.