ബാര്‍ കോഴക്കേസ്: മൂന്ന്‌ മന്ത്രിമാര്‍ക്കെതിരെ ബിജു രമേശ് തെളിവ്‌ നല്‍കി;കേസിൽ നിന്ന് പിന്മാറാൻ കടുത്ത സമ്മർദ്ദമുണ്ടെന്ന് ബിജു

single-img
30 March 2015

rബാര്‍ കോഴക്കേസില്‍ എക്‌സൈസ് മന്ത്രി കെ. ബാബു അടക്കം മൂന്ന് മന്ത്രിമാര്‍ക്കെതിരെകൂടി ബാര്‍ ഉടമ ബിജു രമേശ് രഹസ്യമൊഴി നല്‍കി.എന്നാല്‍ മറ്റ്‌ മന്ത്രിമാരുടെ പേരുകള്‍ വെളിപ്പെടുത്താന്‍ അദ്ദേഹം തയ്യാറായില്ല.30 പേജുള്ള രഹസ്യമൊഴിയാണ് മജിസ്‌ട്രേറ്റ് രേഖപ്പെടുത്തിയത്.

 
ചില വീഡിയോ ദൃശ്യങ്ങളും 10 മണിക്കൂറിലെറെ ദൈര്‍ഘ്യമുള്ള ശബ്ദരേഖകളും അവ റെക്കോര്‍ഡ് ചെയ്ത ഫോണ്‍ അടക്കം മജിസ്‌ട്രേറ്റിന് കൈമാറിയതായും മൊഴി നല്‍കിയ ശേഷം ബിജു രമേശ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. കെ.എം മാണിയുടെ മകന്‍ ജോസ് കെ മാണിയുടെ ശബ്ദരേഖയും ഇതിലുണ്ടെന്നാണ് സൂചന.

 

കേസുമായി ബന്ധപ്പെട്ട് കെ.ബാബുവും വെള്ളം കുടിക്കും. മാണിയുടെ മകൻ ജോസ് കെ.മാണി സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിക്കുന്നതിന്റെ തെളിവാണ് മജിസ്ട്രേട്ടിന് കൈമാറിയത്. 30 പേജുള്ള രഹസ്യമൊഴിയിൽ എനിക്ക് പറയാനുള്ളത് എല്ലാം പറഞ്ഞിട്ടുണ്ട്. വിജിലന്‍സ്‌ അന്വേഷണം അട്ടിമറിക്കപ്പെട്ടാലും തെളിവുകള്‍ മുഴുവന്‍ കോടതി മുമ്പാകെ സമര്‍പ്പിച്ചതിനാല്‍ തന്റെ ആരോപണം തെളിയിക്കപ്പെടുമെന്ന്‌ ഉറപ്പുണ്ടെന്നും ബിജു രമേശ്‌ പറഞ്ഞു.
ബാർ ഉടമകളുടെ സംഭാഷണത്തിന്റെ പൂർണ വിവരങ്ങളുള്ള സി.ഡിയും ദൃശ്യങ്ങളുമാണ് കൈമാറിയതെന്നും ബിജു പറഞ്ഞു. കേസിൽ നിന്ന് പിന്മാറാൻ തനിക്കു മേൽ കടുത്ത സമ്മർദ്ദമുണ്ടെന്നും ബിജു പറഞ്ഞു. എന്തൊക്കെ വന്നാലും കേസുമായി മുന്നോട്ട് പോവുമെന്നും അദ്ദേഹം വ്യക്തമാക്കി.