മാണി തെരഞ്ഞെടുപ്പില്‍ തോല്‍ക്കുമെന്ന് പി.സി ജോര്‍ജ്ജ്; സ്വതന്ത്രനായ പി.സി ജോര്‍ജ്ജ് ചീഫ് വിപ്പ് പി.സി. ജോര്‍ജ്ജിനേക്കാള്‍ നൂറിരട്ടി ശക്തനായിരിക്കും

single-img
30 March 2015

27-1427443488-pc-georgeതനിക്കെതിരെ ജോസഫ് ഗ്രൂപ്പിനെ രംഗത്തിറക്കാന്‍ മാണിക്ക് പലതും കൊടുക്കേണ്ടി വന്നിട്ടുണ്ടാകുമെന്ന് പിസി ജോര്‍ജ്. ഈ വിഷയത്തില്‍ ഇത്രയും ദിവസം ജോസഫ് ഗ്രൂപ്പുകാര്‍ മിണ്ടാതിരുന്നതില്‍ ദുരൂഹതയുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം കേരളാ കോണ്‍ഗ്രസ് നേതാവ് കെഎം മാണിക്കും ജോസഫ് ഗ്രൂപ്പിനുമെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗെത്തത്തിയത്.

എന്നെപ്പറ്റി ഇപ്പോള്‍ ഇകഴ്ത്തി സംസാരിക്കുന്ന മാന്യന്മാരായ പാര്‍ട്ടി എംഎല്‍എമാര്‍ മാണിക്കെതിരെ പറഞ്ഞു നടന്നത് എന്താണെന്ന് ജനങ്ങള്‍ക്ക് നല്ലവണ്ണമറിയാമെന്ന് അദ്ദേഹം പറഞ്ഞു. ഓടിയൊളിക്കുന്നവനല്ല താനെന്നും ചീഫ് വിപ്പ് സ്ഥാനമില്ലാത്ത പി.സി.ജോര്‍ജ് സ്ഥാനമുള്ള പി.സി. ജോര്‍ജിനേക്കാള്‍ നൂറിരട്ടി ശക്തനായിരിക്കുമെന്നും അദ്ദേഹം സൂചിപ്പിച്ചു.

കേരള കോണ്‍ഗ്രസില്‍ മറ്റൊരു ഗ്രൂപ്പ് ഉണ്ടാക്കാന്‍ മാണി തന്നെയാണ് ശ്രമിക്കുന്നതെന്നും അത് തന്നെ അടര്‍ത്തിമാറ്റിയാണെന്നും അദ്ദേഹം പറഞ്ഞു. അതിനാല്‍ തന്നെ തനിക്ക് പലതും പറയേണ്ടി വരുമെന്നും പി.സി.ജോര്‍ജ് കൂട്ടിച്ചേര്‍ത്തു. വരുന്ന തെരഞ്ഞെടുപ്പില്‍ മാണി മത്സരിച്ചാല്‍ തോല്‍ക്കുമെന്നും അദ്ദേഹം അവകാശപ്പെട്ടു. പറയാന്‍ തുടങ്ങുമ്പോള്‍ എല്ലാം തുറന്നു പറയുമെന്നും അദ്ദേഹം സൂചിപ്പിച്ചു.