ക്രിക്കറ്റ് ലോകത്തിന് പ്രതിഭകളെ സമ്മാനിച്ച ”ബാലന്‍ സാര്‍” കലാലായത്തിന്റെ പടിയിറങ്ങുന്നു

single-img
30 March 2015

unnamthedപെരുന്ന: എന്‍എസ്എസ് കോളജിന് ”ബാലന്‍ സാര്‍” വെറുമൊരു അധ്യാപകന്‍ മാത്രമല്ല; ക്രിക്കറ്റിലെ ദ്രോണാചാര്യര്‍ കൂടിയാണ്…! ചിലരുടെ കുത്തകകള്‍ തകര്‍ത്ത് എന്‍എസ് എസ് കോളജിനെ രണ്ടുവട്ടമാണു ഇദ്ദേഹം എംജി സര്‍വകലാശാല ചാമ്പ്യന്‍മാരാക്കിയത്. വേള്‍ഡ് കപ്പ് ക്രിക്കറ്റ് ഫൈനല്‍ ആവേശം വിതറുമ്പോള്‍ ഈ വിജയങ്ങള്‍ കോളജിനും ബാലന്‍ സാറിനും ഇപ്പോഴും ലഹരിയാണ്. പക്ഷേ, ഈ 31 നു ബാലന്‍ സാര്‍ കലാലയത്തിന്റെ പടികള്‍ ഇറങ്ങുന്നുവെന്ന ദു:ഖം കോളജ് മറച്ചുവയ്ക്കുന്നുമില്ല.

പെരുന്ന ബാല്‍സാനിയയില്‍ സി.ബാലചന്ദ്രന്‍ കോളജിലെ ചരിത്ര വിഭാഗം മേധാവിയാണ്. സ്‌കൂള്‍, കോളജ് കാലഘട്ടത്തില്‍ എന്‍എസ് എസ് കോളജിന്റെ മൈതാനത്ത് ബാറ്റേന്തിയും പന്തെറിഞ്ഞും ക്രിക്കറ്റിലേക്ക് ചുവടുവച്ച ചെറുപ്പക്കാരന്‍ വിവിധ പ്രായങ്ങളില്‍ മധ്യമേഖല, ജില്ലാ, കേരള സര്‍വകലാശാല ടീമുകളെ പ്രതിനിധീകരിച്ചു വളര്‍ന്നു. അധ്യാപന രംഗത്തേക്ക് കടന്നതോടെ പരിശീലനത്തിലേക്കു ചുവടുമാറ്റി. 1996 മുതല്‍ 2003 വരെയുള്ള കാലഘട്ടത്തില്‍ അണ്ടര്‍ 16, 19, 22 കേരള ടീമിന്റെ മാനേജരായി. 1998 വര്‍ഷത്തില്‍ ഇദ്ദേഹം പരിശീലിപ്പിച്ച അണ്ടര്‍ 19 ടീം സൗത്ത് സോണ്‍ സംയുക്ത ജേതാക്കളായി. ഈ ടീമില്‍ ഉണ്ടായിരുന്ന ശ്രീകുമാര്‍ നായര്‍ ആ വര്‍ഷം അണ്ടര്‍ 19 വേള്‍ഡ് കപ്പില്‍ ഇന്ത്യക്കുവേണ്ടി കളിച്ചു. തൊട്ടടുത്ത വര്‍ഷം സി.കെ.നായിഡു ട്രോഫി നേടിയ ഇദ്ദേഹത്തിന്റെ ടീമില്‍ നിന്നു ഏഴു പേരെ ഇന്ത്യന്‍ ടീമിലേക്ക് തിരഞ്ഞെടുത്തിരുന്നു. 19982003 ല്‍ കേരള ക്രിക്കറ്റ് അസോസിയേഷന്‍ അംഗമായിരുന്ന ബാലചന്ദ്രന്‍ രഞ്ജി ട്രോഫി ഏകദിന മാനേജരുമായിരുന്നു. 99 ല്‍ പെരുന്ന എന്‍എസ്എസ് കോളജില്‍ പ്രഫസറായി ചുമതലയേറ്റശേഷം കോളജിനെ ക്രിക്കറ്റിന്റെ ലോകത്തേക്ക് കൈ പിടിച്ചു ഉയര്‍ത്തി. 2001 ല്‍ ആദ്യമായി എംജി സര്‍വകലാശാല ജേതാക്കളാക്കിയ കോളജിനു 2010 ലും ഈ നേട്ടം നേടിക്കൊടുത്തു. എസ്ബിടി കൊടുമണ്‍ ശാഖാ മാനേജരായ ശ്രീകുമാരിയാണ് ഭാര്യ. മക്കള്‍: ഡോ.സരസ്വതി, ചന്ദ്രശേഖര്‍.