അതിര്‍ത്തി കടക്കാന്‍ ശ്രമിച്ച രണ്ട് പാക്കിസ്ഥാനി കള്ളക്കടത്തുകാരെ ബി.എസ്.എഫ് വെടിവച്ചു കൊന്നു

single-img
30 March 2015

bsf-jawanഇന്ത്യ-പാക്ക് അതിര്‍ത്തികടക്കാന്‍ ശ്രമിച്ച രണ്ട് പാക്കിസ്ഥാനി കള്ളക്കടത്തുകാരെ ഇന്ത്യന്‍ അതിര്‍ത്തി രക്ഷാ സേന വെടിവച്ചു കൊന്നു. പഞ്ചാബ് മേഖലയിലെ അതിര്‍ത്തി കടക്കാന്‍ ശ്രമിച്ച കള്ളക്കടത്തുകാരാണ് ബി.എസ്.എഫിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ഇവരുടെ പക്കല്‍നിന്നും 12 കിലോഗ്രാം ഹെറോയിനും ഒരു എകെ 47 തോക്കും ലഭിച്ചു.

ഇന്നു പുലര്‍ച്ചെയായിരുന്നു സംഭവം. ഇരുവരോടും ബിഎസ്എഫ് ജവാന്‍മാര്‍ കീഴടങ്ങാന്‍ ആവശ്യപ്പെട്ടെങ്കിലും അവര്‍ നിരസിക്കുകയായിരുന്നു. തുടര്‍ന്ന് ഇരുവരും സൈന്യത്തിന് നേരെ വെടിയുതിര്‍ത്ത് മുന്നോട്ടു വന്നതോടെ സൈന്യം തിരിച്ചടിക്കുകയായിരുന്നുവെന്ന് ബിഎസ്എഫ് ഡിഐജി ആര്‍.പി.എസ്. ജയ്‌സ്വാള്‍ പറഞ്ഞു.

അതിര്‍ത്തി കടന്ന് ആര്‍ക്ക് കൈമാറാനാണ് ഇവര്‍ മയക്കുമരുന്നും തോക്കും കൊണ്ടുവന്നതെന്ന് അന്വേഷിക്കുമെന്ന് ബിഎസ്എഫ് അറിയിച്ചു. അമൃത്‌സറിനടുത്ത് അഞ്ജാല ഗ്രാമത്തില്‍ കഴിഞ്ഞദിവസം സമാനമായ സംഭവത്തില്‍ അതിര്‍ത്തി കടക്കാന്‍ ശ്രമിച്ച പാക്കിസ്ഥാനി കള്ളക്കടത്തുകാരനെ സൈന്യം വെടിവച്ചുകൊന്നിരുന്നു. ഇയാളില്‍ നിന്നും 120 കോടിയോളം രൂപ വിപണി വിലയുള്ള 24 കിലോഗ്രാം ഹൊറോയിനും കണ്ടെടുത്തിരുന്നു.