സ്മാര്‍ട്ട് സിറ്റി ജൂണില്‍;കേരളത്തിലെ മൂന്ന് പദ്ധതികളില്‍ കൂടി നിക്ഷേപം നടത്താന്‍ യുഎഇ സര്‍ക്കാര്‍ സന്നദ്ധം

single-img
30 March 2015

11006473_10152745759371404_1276484104038025223_nദുബായ്: കേരളത്തിലെ മൂന്ന് പദ്ധതികളില്‍ നിക്ഷേപം നടത്താന്‍ യുഎഇ സര്‍ക്കാര്‍ സന്നദ്ധത പ്രകടിപ്പിച്ചു. യുഎഇ സാമ്പത്തിക കാര്യ മന്ത്രി സുല്‍ത്താന്‍ സയ്യിദ് അല്‍ മന്‍സൂരിയുമായി നടത്തിയ ചര്‍ച്ചകള്‍ക്ക് ശേഷം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ഏത് മേഖലയിലാവണം യു.എ.ഇ യുടെ നിക്ഷേപം എന്നത് കേരളത്തിന് തീരുമാനിക്കാം. ഇക്കാര്യത്തില്‍ ഉടന്‍ വിശദമായ ചര്‍ച്ചകള്‍ നടത്തിയശേഷം മാസ്റ്റര്‍ പ്ലാനുമായി യു.എ.ഇ സര്‍ക്കാരിന് നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

യു.എ.ഇയുടെ നേതൃത്വത്തില്‍ ദുബായില്‍ നടക്കുന്ന ആഗോള നിക്ഷേപ സംഗമത്തില്‍ പ്രത്യേക ക്ഷണിതാവായി എത്തിയതാണ് മുഖ്യമന്ത്രി.

കൊച്ചി സ്മാര്‍ട്ട് സിറ്റിയുടെ ഉദ്ഘാടനം ജൂണ്‍ ആദ്യവാരം നടക്കുമെന്ന് ഡയറക്ടര്‍ ബോര്‍ഡ് യോഗത്തിന് ശേഷം മുഖ്യമന്ത്രി പ്രഖ്യാപിച്ചു. ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കാനായി ദുബായ് ഭരണാധികാരി ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിനെ മുഖ്യമന്ത്രി നേരില്‍ കണ്ട് ക്ഷണിച്ചിട്ടുണ്ട്. ചൊവ്വാഴ്ച വൈകീട്ട് സമ്മേളനത്തില്‍ കേരളത്തിലെ നിക്ഷേപസാധ്യതകള്‍ മുഖ്യമന്ത്രി അവതരിപ്പിക്കും.