സല്‍മാന്‍ ഖാന്റെ ഡ്രൈവര്‍ കുറ്റം ഏറ്റെടുത്തു

single-img
30 March 2015

Salman-Khanമുംബൈ: മദ്യപിച്ച് അലക്ഷ്യമായി വാഹനമോടിച്ച് അപകടം ഉണ്ടാക്കിയതിന്റെ കുറ്റം നടന്‍ സല്‍മാന്‍ ഖാന്റെ ഡ്രൈവര്‍ ഏറ്റെടുത്തു.  ഡ്രൈവര്‍ അശോക് സിങ് കുറ്റം ഏറ്റെടുത്തതായി കോടതിയെ അറിയിച്ചു.  അപകടം സംഭവിക്കുമ്പോള്‍ വാഹനം ഓടിച്ചിരുന്നത് താനായിരുന്നു എന്നും ഡ്രൈവര്‍ മെഴി നല്‍കി.

സംഭവസമയത്ത് താന്‍ മദ്യപിച്ചിരുന്നില്ലെന്നും സല്‍മാന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. ബാറില്‍നിന്ന് ഒരു ഗ്ലാസ് വെള്ളം മാത്രമാണു കുടിച്ചത്. അതുകൊണ്ടു തന്നെ മദ്യപിച്ചു വാഹനമോടിച്ചെന്ന വാദം തെറ്റാണ്. അപകടത്തെ തുടര്‍ന്നു നടത്തിയ പരിശോധനയില്‍ രക്തത്തില്‍ മദ്യത്തിന്റെ അംശം കണ്ടെത്തിയിരുന്നു. എന്നാൽ തന്റെ രക്തം പരിശോധിച്ചയാള്‍ വിദഗ്ധനായിരുന്നില്ലെന്ന് സൽമാൻ കോടതിയിൽ വാദിച്ചു.

തന്നെയുമല്ല, തന്റെ ഡ്രൈവര്‍ അശോക് സിങ്ങാണ് അപകടമുണ്ടാകുമ്പോള്‍ കാറോടിച്ചിരുന്നതെന്നുമാണ് നേരത്തെ സല്‍മാന്‍ ഖാന്‍ കോടതിയില്‍ മൊഴി നല്‍കിയിരുന്നത്. കുടാതെ പൊലീസ് എഫ്‌ഐആര്‍ തയാറാക്കിയതിൽ പിശകുണ്ട്. പ്രോസിക്യൂഷന്‍ സാക്ഷികളെ ക്രോസ് വിസ്താരം നടത്തേണ്ടതുണ്ടെന്നും സല്‍മാന്‍ ഖാന്‍ കോടതിയിൽ പറഞ്ഞു.

2002ല്‍ മദ്യപിച്ചു കാറോടിച്ചപ്പോഴുണ്ടായ അപകടത്തില്‍ ഒരാള്‍ മരിക്കുകയും നാലുപേര്‍ക്കു പരുക്കേല്‍ക്കുകയും ചെയ്‌തിരുന്നു.